ഇതൊക്കെ നടക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നോ? 2024ല്‍ എഐ കാട്ടിയ ചില ‘കണ്‍കെട്ട് വിദ്യകള്‍’

റോബോര്‍ട്ടുകള്‍ക്ക് ചായ വിളമ്പാനും കംപ്യൂട്ടറുകള്‍ക്ക് കണക്കുകൂട്ടാനും പ്രോഗാമുകള്‍ക്കനുസരിച്ച് മനുഷ്യന്റെ വെറുമൊരു അടിമയാകാനും മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്നവരൊക്കെ ഇപ്പോള്‍ അമ്മാവന്‍ വൈബാണെന്നേ ജെന്‍ സീ പറയൂ. കാരണം നിര്‍മിത ബുദ്ധിയ്ക്ക് എന്തൊക്കെ സാധ്യമാണെന്ന് ഈ വര്‍ഷം അവര്‍ കണ്ട് മനസിലാക്കി വിസ്മയിച്ചിട്ടുള്ളതാണ്. ചിന്താശേഷിയില്‍ മനുഷ്യനെ അനുകരിക്കുന്ന, ക്രിയാത്മകതയില്‍ മനുഷ്യന് മുന്നില്‍ വെല്ലുവിളിയാകുന്ന, ജോലികളില്‍ മനുഷ്യന് ഭീഷണിയാകുന്ന ഒന്നായി നിര്‍മിത ബുദ്ധി വളര്‍ന്നു. മനുഷ്യന്റെ ഭാവനാ മണ്ഡലത്തിലുള്ള ഇമേജുകള്‍ വരെ സൃഷ്ടിക്കുന്നതോ ഒരു മുഴുവന്‍ ബുക്ക് വായിച്ച് അതിന്റെ സംഗ്രഹം എഴുതുന്നതോ സങ്കീര്‍ണഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോ കസ്റ്റമൈസ്ഡ് മ്യൂസിക്കുകള്‍ സൃഷ്ടിക്കുന്നതോ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഇമേജുകളും വിഡിയോകളും റിക്രിയേറ്റ് ചെയ്യുന്നതോ മാത്രമല്ല… 2024ല്‍ എഐ കാണിച്ച കണ്‍കെട്ട് വിദ്യകള്‍ എന്തെല്ലാമെന്തെല്ലാം… എന്നാല്‍ ശാസ്ത്രലോകത്തെയാകെ ഞെട്ടിച്ചുതന്നെ കളഞ്ഞ എഐയുടെ ചില അത്ഭുതപ്പെടുത്തുന്ന മായാജാലകള്‍ കൂടി പരിശോധിക്കാം. ( Unexpected revelations made possible by AI in 2024)
തിമിംഗലങ്ങളുടെ ഭാഷ
മറ്റേത് മൃഗത്തിന്റെ ഭാഷ പഠിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായിരുന്നു ശാസ്ത്രലോകത്തിന് തിമിംഗലങ്ങളുടെ ഭാഷ ഡീകോഡ് ചെയ്‌തെടുക്കാന്‍. തിമിംഗലങ്ങളുണ്ടാക്കുന്ന ക്ലിക്കുകളുടെ ദൈര്‍ഘ്യവും താളവും വ്യത്യാസമുണ്ടെന്നും അങ്ങനെയാണവ ആശയവിനിമയം നടത്തുന്നതെന്നും ശാസ്ത്രജ്ഞര്‍ക്ക് മുന്‍പ് തന്നെ അറിയാമായിരുന്നു. എന്നാല്‍ അതിനെ എങ്ങനെ മനസിലാക്കി പഠിക്കുമെന്നത് ഏറെക്കുറെ അസാധ്യമായാണ് ശാസ്ത്രലോകം കണ്ടിരുന്നത്. എന്നാല്‍ കരിബീയന്‍ കടലിലെ തിമിംഗലങ്ങളെ മനസിലാക്കി 9000 ക്ലിക്ക് സീക്വന്‍സുകള്‍ റെക്കോര്‍ഡ് ചെയ്ത് അത് മെഷീന്‍ ലേണിംഗിന്റെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ ഡീകോഡ് ചെയ്‌തെടുക്കുകയായിരുന്നു. തിമിംഗലങ്ങളുടെ മാത്രമല്ല മെഷീന്‍ ലേണിംഗിലൂടെ നിരവധി മൃഗങ്ങളുടെ ഭാഷ ഇതുവഴി പഠിക്കാന്‍ സാധിച്ചു.
പൂര്‍വികര്‍ വരച്ചുവച്ച കോഡുകള്‍ മനസിലാക്കി; നരവംശശാസ്ത്രത്തിന് പുത്തന്‍ ഉണര്‍വ്
പെറുവിലെ നാശ്കാ മരുഭൂമിയിലെ ചില പുരാവസ്തു സൈറ്റുകളില്‍ നിന്ന് അവിടെ കണ്ട പിക്ടോഗ്രാമുകളുടെ അര്ഡത്ഥം ഗ്രഹിക്കാന്‍ മെഷീന്‍ ലോണിംഗിലൂടെ സാധിച്ചു. ഒബ്ജക്ഷന്‍ ഡിറ്റക്ഷന്‍ എഐ മോഡലുകളുടെ സഹായത്തോടെ പെറുവിലെ ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളില്‍ നിന്ന് നരവംശശാസ്ത്രജ്ഞരെ സഹായിക്കുന്ന കൂടുതല്‍ ചിഹ്നങ്ങളും രേഖാചിത്രങ്ങളും കിട്ടി.
ഡിഎന്‍എയുടെ ഉള്ളിലേക്ക്
പ്രോട്ടീന്‍ തന്മാത്രകളെ ഏറ്റവും സൂക്ഷ്മമായി മനസിലാക്കാന്‍ എഐയാണ് ശാസ്ത്രജ്ഞരെ സഹായിച്ചത്. 20 അമിനോ ആസിഡുകള്‍ ചേര്‍ന്നാണ് പ്രൊട്ടീന്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ 20 അമിനോ ആസിഡുകള്‍ എണ്ണാവുന്നതിലേറെ വിധത്തിലാണ് കൂടിച്ചേര്‍ന്നിരിക്കുന്നത്. ഈ കൂടിച്ചേരലിനെ ത്രിമാന രൂപത്തില്‍ മനസിലാക്കുക ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളിയായിരുന്നു. എഐ വഴി അതും 2024ല്‍ സാധ്യമായി.
Story Highlights : Unexpected revelations made possible by AI in 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here