ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് സത്യാഗ്രഹത്തിലൂടെയല്ല സായുധ പോരാട്ടത്തിലൂടെയെന്ന് ബിഹാര്‍ ഗവര്‍ണര്‍; ബിജെപിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്; വിവാദം

ഇന്ത്യ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് സത്യഗ്രഹത്തിലൂടെയല്ലെന്നും ആയുധമെടുത്തത് കൊണ്ട് മാത്രമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍. ഇന്ത്യക്കാര്‍ സായുധപോരാട്ടത്തിലേക്ക് കടന്നപ്പോള്‍ സ്വാതന്ത്ര്യത്തിനായി അവര്‍ എന്തും ചെയ്യുമെന്ന് മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. അഹിംസയും സത്യഗ്രഹവുമല്ല ഇന്ത്യക്കാര്‍ ആയുധമെടുത്തതാണ് ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് തുരത്തിയതെന്നും രാജേന്ദ്ര ആര്‍ലേകര്‍ പറഞ്ഞു. (Bihar Governor says armed struggle ousted British)
സത്യഗ്രഹ സമരത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നത് നുഴഞ്ഞുകയറ്റക്കാരുടെ ആഖ്യാനമായിരുന്നെന്നാണ് ഗവര്‍ണറുടെ വാദം. യഥാര്‍ത്ഥ ചരിത്രം പറയാന്‍ തനിക്ക് ഒരു ഭയവുമില്ല. ബ്രിട്ടീഷുകാരുടെ ആഖ്യാനത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യക്കാരുടെ സായുധ പോരാട്ടങ്ങളെക്കുറിച്ച് മനസിലാക്കാന്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ പ്രസംഗങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഒരു പുസ്തക പ്രകാശന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
എന്നാല്‍ ബിഹാര്‍ ഗവര്‍ണറുടെ പരാമര്‍ശം മഹാത്മാഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സ്വാതന്ത്ര്യസമര പോരാളികളെ ഈ വിധത്തില്‍ അപമാനിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്. അമിത് ഷാ അംബേദ്കറെ പാര്‍ലമെന്റില്‍ അധിക്ഷേപിക്കുന്നു. ഗാന്ധിയേയും അംബേദ്കറേയും നെഹ്‌റുവിനേയുമെല്ലാം അപമാനിക്കുക എന്നത് ബിജെപിയുടെ തന്ത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
Story Highlights : Bihar Governor says armed struggle ousted British
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here