ഇന്നത്തെ പ്രധാന വാർത്തകൾ (25-12-2024)

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ക്രൈസ്തവർ
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ക്രൈസ്തവർ. ലോകമെങ്ങും ക്രിസ്മസ് ആഘോഷിച്ചു. യുക്രെയ്നിലും പശ്ചിമേഷ്യയിലും സമാധാനം പുനസ്ഥാപിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു.
‘സ്പാ റെയിഡ് 24 ൻ്റെ വാർത്തയെ തുടർന്ന്’; കൊച്ചി പൊലീസ് കമ്മീഷണർ
കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളിൽ അന്വേഷണം ട്വന്റിഫോർ വാർത്തയെ തുടർന്നെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. അറസ്റ്റിലായ രണ്ട് പൊലീസുകാർക്കും സ്പാ നടത്തിപ്പിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ നടന്നു. ഇരുവരേയും സസ്പെൻഡ് ചെയ്തുവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കെ സുരേന്ദ്രൻ തൃശൂർ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പിനെ കണ്ടു
ക്രിസ്മസ് ദിനത്തിൽ തൃശൂർ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ
ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. 81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്.തെരുവ് നായ കടിച്ച കാർത്ത്യായനി രണ്ടുമണിക്കൂറോളം വീട്ടുമുറ്റത്ത് കിടന്നുവെന്നുമാണ് കണ്ടെത്തൽ. ഇന്നലെയാണ് വയോധികയെ തെരുവുനായ കടിച്ചു കൊന്നത്.
അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി
ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. കന്യാകുമാരി സ്വദേശിനിയാണ് പരാതി നൽകിയത്. രാത്രിയിൽ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ രണ്ടുപേർ എത്തി സുഹൃത്തിനെ മർദിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തീഗോളമായി ഫ്ലൈറ്റ്, ഉണ്ടായിരുന്നത് 67 യാത്രക്കാർ, നിലംപൊത്തി യാത്രാവിമാനം
കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ച് കത്തിയമർന്നത്.
Story Highlights : Todays top Malayalam news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here