‘സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല’; കേക്ക് വിവാദത്തില്‍ മറുപടിയുമായി എം കെ വര്‍ഗീസ്

വിഎസ് സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം കെ വര്‍ഗീസ്. ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് കേക്ക് സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. ബിജെപിക്കാര്‍ തന്നെ വിളിച്ചിട്ടോ അനുവാദം ചോദിച്ചിട്ടോ വന്നതല്ലെന്ന് അദ്ദേഹം വിശദമാക്കി. ക്രിസ്മസ് ദിവസമാണ് അവര്‍ വന്നത്. ക്രിസ്മസിന് എല്ലാവരും പരസ്പരം സ്നേഹം പങ്കിടും. ഇത്തരത്തില്‍ സ്നേഹം പങ്കിടാന്‍ ഒരു കേക്കുമായി എന്റെ വീട്ടിലേക്ക് വരുമ്പോള്‍ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം എനിക്കില്ല. കാരണം, ഞാന്‍ ക്രിസ്ത്യാനിയാണ്. സ്നേഹം പങ്കിടുന്നവരാണ്. നാല് വര്‍ഷക്കാലമായി ഞാന്‍ കേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ഓഫീസില്‍ എത്തിക്കാറുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെത്തിക്കും. ഇന്നുവരെ മുടക്കിയിട്ടില്ല – അദ്ദേഹം വിശദമാക്കി.
സുനില്‍കുമാര്‍ എംപി ആണെന്ന് കരുതുക, ബിജെപി ഒരു കേക്ക് കൊടുത്താല്‍ അദ്ദേഹം വാങ്ങില്ലേ എന്ന് എം കെ വര്‍ഗീസ് ചോദിക്കുന്നു. കേക്കു വാങ്ങി എന്നതിന്റെ പേരില്‍ ആ പ്രസ്ഥാനത്തിനൊപ്പം പോയി എന്നതാണോ?സുനില്‍കുമാറിന് എന്തും പറയാം അദ്ദേഹം പുറത്തുനില്‍ക്കുകയാണ്. ഞാന്‍ ഒരു ചട്ടക്കൂടിനകത്ത് നില്‍ക്കുകയാണ്. അതും ഇടതുപക്ഷത്തിന്റെ ചട്ടക്കൂടില്‍ ഒരുമിച്ച് വളരെ സൗദഹപരമായി ഇവിടുത്തെ പുരോഗതിക്ക് വേണ്ടി മാത്രം മുന്നോട്ട് പോകുന്ന മേയറാണ് ഞാന്‍. അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയുന്നത് തെറ്റാണ്. കാരണം ഇടതുപക്ഷത്ത് നിലനില്‍ക്കുന്ന ഒരാളാണത് പറയുന്നത്. ഒരിക്കലും പറയാന്‍ പാടില്ലാത്തതല്ലേ? അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് ഇതുപോലെ സുരേഷ് ഗോപി വന്നുവെന്നും അദ്ദേഹത്തിന് ഒരു ചായ കൊടുത്തത് ഇത്ര വലിയ തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷന്‍ അകത്ത് തന്നെ കാണാന്‍ എന്നാല്‍ സുനില്‍കുമാര്‍ വന്നില്ല. എന്നിട്ട് അദ്ദേഹം പറയുന്നു ഞാന്‍ 1000 കോടി ചെലവ് ചെയ്തിട്ടുണ്ട്. മേയര്‍ അത് പറഞ്ഞില്ല എന്ന്. ഞാന്‍ പറയണമെങ്കില്‍ എന്റെ അടുത്ത് വരണ്ടേ. റോഡില്‍ ഇറങ്ങി നിന്ന് പറയാന്‍ പറ്റുമോ? മുന്‍ മന്ത്രിയായിരുന്ന സുനില്‍കുമാര്‍ ആയിരം കൂടി ചെലവ് ചെയ്തു എന്ന് പറയാന്‍ ഒരു വേദി അദ്ദേഹം ഉണ്ടാക്കണ്ടേ. ആകെ വന്നത് സുരേഷ് ഗോപി മാത്രമാണ്. എന്റെ ഓഫീസിനകത്ത് ഒരു സ്ഥാനാര്‍ഥി വന്നാല്‍ സാമാന്യമര്യാദ മാത്രമാണ് താന്‍ പ്രകടിപ്പിച്ചത് – അദ്ദേഹം വ്യക്തമാക്കി.
ആസൂത്രിതമായിട്ടാണോ ബിജെപി പ്രവര്‍ത്തകര്‍ വന്നതെന്ന് ചോദിക്കേണ്ടത് ബിജെപിയോടാണ്. വീട്ടില്‍ താന്‍ ലോകരക്ഷകനെ കാത്തുനില്‍ക്കുകയായിരുന്നു. ഇവര്‍ കയറി വരുമ്പോള്‍ വീട്ടില്‍ ഞാന്‍ ലോകരക്ഷകനെ കാത്തിരിക്കുകയാണ് എന്ന് പറയാന്‍ കഴിയുമോ. എവിടംകൊണ്ടാണ് തന്റെ ബിജെപി കണ്ടത് എന്ന് സുനികുമാറിനോട് ചോദിക്കണം. താന്‍ ഇടതുപക്ഷത്തിന് ഒപ്പം നിന്ന് ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് പോയോ എന്നത് സുനില്‍കുമാര്‍ തെളിയിക്കണം. ബിജെപി വര്‍ഗീയ പാര്‍ട്ടി, അവര്‍ അവരുടെ വഴിക്ക് പോട്ടെ. താന്‍ ഇടതുപക്ഷത്തിന് ഒപ്പമാണ് പോകുന്നത്. സുനില്‍കുമാറിന്റെ പ്രസ്താവന വില കല്‍പ്പിക്കുന്നില്ല. എംഎല്‍എ ആകാനുള്ള ആഗ്രഹം തനിക്കില്ല. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നു – അദ്ദേഹം വിശദമാക്കി.
ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്ന് കേക്ക് സ്വീകരിച്ചത് തീര്‍ത്തും നിഷ്‌കളങ്കമല്ലെന്നാണ് വിഎസ് സുനില്‍കുമാര്‍ പറഞ്ഞത്. എല്‍ഡിഎഫ് മേയര്‍ ആയിരിക്കുമ്പോള്‍ മുന്നണിയുടെ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തണം. അതുണ്ടാകുന്നില്ലെന്നും സിപിഐ നിലപാട് അന്നും ഇന്നും വ്യക്തമാണെന്ന് വിഎസ് സുനില്‍കുമാര്‍. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ട് നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ചു. കേക്ക് കൊടുത്തതില്‍ കുറ്റം പറയുന്നില്ല. എന്നാല്‍ തൃശൂര്‍ മേയര്‍ക്ക് മാത്രം കേക്ക് കൊണ്ടു പോയി കൊടുക്കുന്നത് വഴിതെറ്റി വന്നതല്ലെന്ന് സുനില്‍കുമാര്‍ പറയുന്നു. ഇതില്‍ അത്ഭുതം തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Thrissur Mayor MK Varghese replied to VS Sunil Kumar on cake controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here