ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാകാൻ താത്പര്യം അറിയിച്ച് കെവിന്‍ പീറ്റേഴ്സണ്‍

ഓസ്ട്രേലിയക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ തയാറെടുത്ത് ബിസിസിഐ. ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകനെ തേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ പരിശീലക സ്ഥാനത്തേക്ക് താല്‍പര്യം അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് കെവിന്‍ പീറ്റേഴ്സണ്‍ താത്പര്യം അറിയിച്ചത്.
2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റേഴ്സണ്‍ നിലവില്‍ കമന്‍റേറ്ററാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ബാറ്റിംഗ് നിര മോശം പ്രകടനം നടത്തിയതോടെയാണ് ബാറ്റിംഗിന് മാത്രമായി പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ ആലോചന തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സൃഷ്‌ടിച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് പീറ്റേഴ്‌സൺ. 104 ടെസ്റ്റുകളിൽ നിന്ന് 47.29 ശരാശരിയിൽ 8181 റൺസും, 136 ഏകദിനങ്ങളിൽ നിന്ന് 40.73 ശരാശരിയിൽ 4440 റൺസും, 37 ടി20കളിൽ നിന്ന് 37.94 ശരാശരിയിൽ 1176 റൺസും അദ്ദേഹം നേടി.
നിലവില്‍ ഗംഭീറിന് കീഴില്‍ സഹപരിശീലകനായി അഭിഷേക് നായരും ബൗളിംഗ് പരിശീലകനായി മോര്‍ണി മോര്‍ക്കലും ഫീല്‍ഡിംഗ് പരിശീലകനായി റിയാന്‍ ടെന്‍ ഡോഷെറ്റെയുമാണുള്ളത്. മുന്‍താരം സീതാന്‍ഷു കൊടാകിനെയാണ് ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായി നാണം കെട്ടിരുന്നു. ഇതിന് പിന്നാലെ ചരിത്രത്തിലാദ്യമായി ഇന്ത്യ നാട്ടിലൊരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയും ചെയ്തു. വിരാട് കോലി തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തുകളില്‍ ക്യാച്ച് നല്‍കി പുറത്താവുന്നത് പതിവായിട്ടും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഗംഭീറിനോ അഭിഷേക് നായര്‍ക്കോ കഴിഞ്ഞിരുന്നില്ല.
Story Highlights : kevin pietersen Ready For Coaching Team India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here