ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഐഎസ്എൽ രണ്ടാം പാദത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയിൽ മൂന്നിലും ജയിച്ച കൊമ്പൻന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാണ്. കഴിഞ്ഞ കളിയിൽ ഒഡീഷക്കെതിരെ പിന്നിൽ പൊരുതിക്കയറിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം.
95ആം മിനിറ്റിലെ ഗോളിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊമ്പൻന്മാർ
ജയിച്ചുകയറിയത്.
മുന്നേറ്റ നിരയുടെ മിന്നും ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്.
ഹെസൂസ് ഹിമിനെ 10ഉം നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം
കണ്ടു. എന്നാൽ മധ്യനിരയിലെയും പ്രതിരോധത്തിലേയും പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല.വ്യക്തി പിഴവുകൾ ആവർത്തിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീമിന്റെ താൽകാലിക പരിശീലകനായ ടിജി പുരുഷോത്തമൻ.
16 മത്സരങ്ങളിൽ 6 ജയവും 8 തോൽവിയും രണ്ട് സമനിലയും ഉൾപ്പടെ 20 പോയിന്റുമായി 8ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയിക്കാനായാൽ ആറാം സ്ഥാനത്തേക്ക് മുന്നേറാനാകും. 24 പോയിന്റുള്ള നോർത്ത് ഈസ്റ്റ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. ഐഎസ്എല്ലിലെ നേർക്കുനേർ പോരിൽ കേരള ബ്ലാസ്റ്റേഴ്സിനാണ് മുൻതൂക്കം. 23 മത്സരങ്ങളിൽ 9 എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ 6 എണ്ണത്തിൽ ജയം നോർത്ത് ഈസ്റ്റിനൊപ്പമായിരുന്നു.
Story Highlights : Kerala Blasters vs NorthEast United FC Match Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here