Advertisement

മകൻ്റെ ഉയർച്ചയിൽ അഭിമാനത്തോടെ കഴിഞ്ഞ കുടുംബത്തിന് മേലെ ഇടിത്തീയായി വാർത്ത; ഇന്ത്യാക്കാരനായ യുവാവ് അമേരിക്കയിൽ കൊല്ലപ്പെട്ടു

January 21, 2025
Google News 1 minute Read

അമേരിക്കയിലെ കണക്ടികട്ടിൽ താമസിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി 26 വയസുകാരനായ കെ രവി തേജയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഉന്നത പഠനത്തിന് അമേരിക്കയിലെത്തിയ യുവാവ് പഠനം പൂർത്തിയാക്കി ഇവിടെ ജോലി തേടുകയായിരുന്നു. കൊലയാളികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

കൊലപാതകത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വാഷിങ്ടൺ ഡിസിയിലാണ് കൊലപാതകം നടന്നത്. 2022 ൽ അമേരിക്കയിലെത്തിയ രവി തേജ, ഇവിടെ പാർട് ടൈം ജോലികൾ ചെയ്യുകയായിരുന്നു. രവിയുടെ സഹോദരിയും അമേരിക്കയിലാണ് ഉള്ളത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിൽ സഹോദരി എത്തിയിട്ടുണ്ട്.

പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്കായി ശ്രമിക്കുകയായിരുന്നു മകനെന്നും ജോലി ലഭിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്ന് മകൻ പറഞ്ഞിരുന്നതായും രവി തേജയുടെ അച്ഛൻ ചന്ദ്രമൗലി പ്രതികരിച്ചു. ജനുവരി 18 ന് രാത്രിയാണ് മകനോട് അവസാനം സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകൻ തങ്ങളോട് അമേരിക്കയിലേക്ക് വരാൻ പറഞ്ഞിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

ടാക്സി ഡ്രൈവറായിരുന്ന ചന്ദ്രമൗലി ഈ വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചത്. ഇവരെ അമേരിക്കയിലേക്ക് അയക്കാൻ ഇദ്ദേഹം സ്വന്തം ഭൂമിയുടെ ഒരു ഭാഗം വിറ്റു. മകൻ അമേരിക്കയിലെത്തിയതോടെ നാട്ടിൽ അഭിമാനത്തോടെ കഴിഞ്ഞ കുടുംബം തീരാദുഖത്തിലേക്കാണ് തള്ളിവിടപ്പെട്ടത്.

തെലങ്കാനയിലെ നാൽഗൊണ്ട സ്വദേശികളാണ് രവി തേജയുടെ കുടുംബം. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് ഇവർ താമസിക്കുന്നത്. തെലങ്കാനയിൽ നിന്ന് അമേരിക്കയിലെത്തിയ ഖമ്മം ജില്ലാ സ്വദേശിയായ 22 കാരനെ ഇക്കഴിഞ്ഞ നവംബർ മാസത്തിൽ അജ്ഞാതരായ സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Story Highlights : 26-year-old Indian student shot dead in Washington DC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here