‘ഉത്പാദിപ്പിക്കേണ്ടത് നെല്ലോ മദ്യമോ? മദ്യനിര്‍മാണത്തിന് വെള്ളം വിട്ടുനല്‍കിയാല്‍ കൃഷി നശിക്കും’; സര്‍ക്കാരിന് മുന്നറിയിപ്പുമായി സിപിഐ മുഖപത്രത്തില്‍ ലേഖനം

പാലക്കാട് എലപ്പുള്ളിയില്‍ വന്‍കിട മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. വെള്ളം മദ്യനിര്‍മാണശാലയ്ക്ക് വിട്ടുനല്‍കിയാല്‍ പാലക്കാട്ടെ നെല്‍കൃഷി തന്നെ എല്ലാതാകുമെന്ന് ലേഖനം ആശങ്ക പ്രകടിപ്പിക്കുന്നു. ജലവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നങ്ങളും പ്രദേശത്തുണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ അവിശ്വസിക്കുന്ന വിമര്‍ശനങ്ങളാണ് മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയുടെ മുഖപത്രത്തിലെ ലേഖനത്തിലുള്ളത്. എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകണമെന്നും ജനയുഗം ലേഖനം ആവശ്യപ്പെടുന്നു. (CPI mouthpiece article criticise elappully brewery)
ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത മേഖലയായ കൃഷിയ്ക്കായി ഉപയോഗിക്കേണ്ട വെള്ളം മദ്യനിര്‍മാണത്തിനായി ഉപയോഗിക്കരുതെന്ന് ലേഖനം അടിവരയിടുന്നു. മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണമെന്ന തലക്കെട്ടില്‍ സത്യന്‍ മൊകേരിയാണ് ലേഖനം എഴുതിയിരിക്കുന്നത്. കൊക്കൊകോളയുടേയും പെപ്‌സിയുടേയും ജലചൂഷണത്തിനെതിരായി നടത്തിയ ജനകീയ സമരങ്ങളെക്കൂടി ഓര്‍മിപ്പിച്ചുകൊണ്ടാണ് ലേഖനം എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. ഭൂഭര്‍ഗജലം കുറഞ്ഞ പ്രദേശമായ എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല പ്രദേശത്തെ കൃഷിയെ തടസപ്പെടുത്തുമെന്നും ലേഖനം ശക്തമായി വാദിക്കുന്നു.
പാലക്കാട്ടെ നെല്‍വയലുകളില്‍ നെല്ലാണോ മദ്യമാണോ ഉത്പ്പാദിപ്പിക്കേണ്ടതെന്ന് തീരുമാനിക്കണമെന്ന് സൂചിപ്പിച്ച് സത്യന്‍ മൊകേരിയുടെ ലേഖനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ജലചൂഷണത്തിനായി വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ പാലക്കാട്ടേക്ക് വന്നിട്ടുള്ളൂ. ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോല്‍പ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കര്‍ഷകര്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അതിനിടയില്‍ ജലം മദ്യനിര്‍മാണശാലകള്‍ക്ക് നല്‍കി കര്‍ഷകരുടെ പ്രതിസന്ധി രൂക്ഷമാക്കരുതെന്നും ജനയുഗം ലേഖനം ആവശ്യപ്പെട്ടു.
Story Highlights : CPI mouthpiece article criticise elappully brewery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here