കുംഭമേളയ്‌ക്കിടയിലും വ്യാജ പ്രചാരണങ്ങൾ നടത്താൻ നാണമാകുന്നില്ലേ?, പ്രചരിക്കുന്നത് AI ചിത്രം; പ്രകാശ് രാജ്

പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്തെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തന്റെ വ്യാജ ചിത്രങ്ങളിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. AI സൃഷ്ടിച്ച വൈറൽ ചിത്രത്തിൽ, പ്രകാശ് രാജ് പുണ്യജലത്തിൽ മുങ്ങിക്കുളിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താൻ ഇതിനകം തന്നെ ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും മഹാകുംഭമേള നടക്കുന്ന സമയത്തും ചിലർ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു.
” എന്തൊരു നാണക്കേട്… വിശുദ്ധ ചടങ്ങിനിടയിലും വ്യാജ പ്രചാരണങ്ങൾ നടത്താൻ നാണമാകുന്നില്ലേ. ചിത്രങ്ങൾ പ്രചരിപ്പിച്ച തമാശക്കാർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണം.” പ്രകാശ് രാജ് എക്‌സിൽ വ്യക്തമാക്കി.
FAKE NEWS ALERT
— Prakash Raj (@prakashraaj) January 28, 2025
the last resort of bigots and coward army of “Feku Maharaj” is to stoop down and spread FAKE NEWS.. even during theire Holy ceremony.. what a SHAME .. Complaint has been filed against the Jokers .. face the consequences #justasking pic.twitter.com/xpftHyrPoA
“എല്ലാ പാപങ്ങളും ഇതോടെ തീരും” എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രശാന്ത് സംബർഗി എന്ന അക്കൗണ്ടിൽ നിന്നാണ് ചിത്രം ഷെയർ ചെയ്തിട്ടുള്ളത്.
അതേസമയം, മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രകാശ് രാജ് പ്രയാഗ്‌രാജ് സന്ദർശിച്ചിട്ടില്ലെങ്കിലും മറ്റ് നിരവധി താരങ്ങൾ ഇവിടം സന്ദർശിച്ചിരുന്നു. ആദ ശർമ്മ, ഗുരു രൺധാവ, അനുപം ഖേർ, ശങ്കർ മഹാദേവൻ എന്നിവരും മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഹേമമാലിനിയും മൗനി അമാവാസിയിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയതിന് ശേഷം നന്ദി അറിയിക്കുകയുണ്ടായി.
ഇതേസമയം തന്നെയാണ് കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് ഇന്ന് 15 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്. ആളുകളെ വേർപിരിക്കാനായി കെട്ടിയ തടയണകൾ പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Also: അപകടം അങ്ങേയറ്റം ദുഃഖകരം; മഹാകുംഭമേളയിലെ അപകടത്തില്‍ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ കുംഭിലെ സെക്ടർ 2 ലെ താൽക്കാലിക ആശുപത്രിയിലേക്കാണ് മാറ്റിയത്. നിരവധി പേരെ തിരക്കിൽ പെട്ട് കാണാതായിട്ടുണ്ട്.തിക്കിലും തിരക്കിലും പെട്ടതിനെ തുടർന്ന് ഇന്നത്തെ അമൃത് സ്‌നാൻ റദ്ദാക്കിയതായി അഖാര പരിഷത്ത് (കൗൺസിൽ) അറിയിച്ചു. അവശേഷിച്ചവരോട് പ്രദേശത്ത് നിന്ന് മാറാനും അറിയിച്ചിട്ടുണ്ട്. എത്ര പേർക്ക് പരുക്കേറ്റു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്. ഇന്നലെ മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാനായി എത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ ഏറ്റവും പുണ്യമുള്ള ദിനമായാണ് മൗനി അമാവാസി കരുതപ്പെടുന്നത്.
Story Highlights : Prakash Raj Films Complaint Against Those Sharing His FAKE Maha Kumbh Photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here