നായാട്ട് ടീമിന്റെ പുതിയ ചിത്രത്തിൽ, വീണ്ടും ചാക്കോച്ചൻ പോലീസ് വേഷത്തിൽ

ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും മികച്ച നിരൂപക പ്രശംസയും നേടിയ ‘നായാട്ട്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മാർട്ടിൻ പ്രകാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തും. മാർട്ടിൻ പ്രകാട്ടിന്റെ നിർമ്മാണത്തിൽ നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീർ ആണ്. 2022ൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നായാട്ടിലൂടെ നേടിയെടുത്ത ഷാഹി കബീർ ഒട്ടനവധി നിരൂപക പ്രശംസ നേടിയ സൗബിൻ ചിത്രം ഇലവീഴാപൂഞ്ചിറക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്.

സംവിധായകൻ ജിത്തു അഷ്‌റഫ് മുൻപ് ആക്ഷൻ ഹീറോ ബിജു, ഇലവീഴാപൂഞ്ചിറ, ഉദാഹരണം സുജാത, തുടങ്ങിയ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. നായാട്ടിലും, ജോജു ജോർജ് ചിത്രം ഇരട്ടയിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടും ഉണ്ട്.
ക്രൈം ഡ്രാമ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ പങ്കു വെച്ചിരിക്കുന്ന പോസ്റ്റിനു ക്യാപ്ഷനായി ‘നത്തിങ്സ് ബ്ലാക്ക് ആൻഡ് വൈറ്റ് ഇൻ ദി ലൈൻ ഓഫ് ഡ്യൂട്ടി’ എന്ന് കുറിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ഇരുവരെയും കൂടാതെ ജഗദീഷ്, വിശാഖ് നായർ, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയും ഛായാഗ്രഹണം റോബി വർഗീസ് രാജും കൈകാര്യം ചെയ്യുന്നു.

Story Highlights : Team-of-Nayattu-join-hands-for-officer-on-duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here