തിരുവാണിയൂരിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യവും പരിഗണിക്കും.
സ്കൂളിൽ വെച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പൊലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളും. സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്കൂൾ ആകട്ടെ, സമൂഹ നന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ‘കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; ഗ്ലോബൽ പബ്ലിക് സ്കൂൾ
അതേസമയം, സമാനതകളില്ലാത്ത റാഗിംഗിന് മിഹിർ അഹമ്മദ് ഇരയായി എന്ന് ആവർത്തിക്കുകയാണ് കുടുംബം. സ്‌കൂളിലും സ്കൂൾ ബസിലും സീനിയർ വിദ്യാർത്ഥികൾ മർദിച്ചു. വാഷ്‌റൂമിൽ എത്തിച്ച് ക്ളോസറ്റിൽ മുഖം പൂഴ്ത്തി ഫ്ലഷ് ചെയ്തു. നിറത്തിൻറെ പേരിൽ പരിഹസിച്ചെന്നും സ്കൂളിൽ പരാതിപെട്ടപ്പോൾ ഗൗരവത്തിൽ എടുത്തില്ലെന്നും മിഹ്റിന്റെ മാതൃസാഹോദരൻ മുഹമ്മദ് ഷരീഫ് ട്വന്റി ഫോറിനോട് പറഞ്ഞു.
ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന 15 വയസ്സുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സ്കൂൾ വിട്ടുവന്ന ശേഷം താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്സ് ടവറിന്റെ 26-ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്ക് വീണ മിഹിർ തത്ക്ഷണം മരിച്ചു. മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : Mihir Ahammed Death case; Minister V Sivankutty ordered a comprehensive investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here