Advertisement

പാവങ്ങളെയും ഇടത്തരക്കാരെയും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി മോദി; ജനപ്രിയ ബജറ്റിന്റെ സൂചനയോ?

January 31, 2025
Google News 4 minutes Read
Will Sitharaman announce income tax reliefs for the middle-class? Modi drops a hint

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി എട്ടാം ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ തെളിയുന്നത് ജനപ്രിയ ബജറ്റിന്റെ സൂചനകള്‍. ദരിദ്രരേയും മധ്യവര്‍ഗത്തെയും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടേയെന്ന് മോദി പറഞ്ഞ വാക്കുകളാണ് ഇത്തവണത്തേത് ജനപ്രിയ ബജറ്റായേക്കാമെന്ന സൂചന നല്‍കുന്നത്. മധ്യവര്‍ഗത്തിന് ആദായ നികുതി ഇളവും നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും സ്ത്രീ ശാക്തീകരണത്തിനായി കൂടുതല്‍ നീക്കിയിരിപ്പും ഉള്‍പ്പെടെ ഈ ബജറ്റിലുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. (Will Sitharaman announce income tax reliefs for the middle-class? Modi drops a hint)

ഈ ബജറ്റിലും നികുതിയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000ല്‍ നിന്ന് 75000 ആയി ഉയര്‍ത്തിയിരുന്നു. ഇത്തവണയും ശമ്പളക്കാരായ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സെക്ഷന്‍ 87 എ പ്രകാരം സര്‍ക്കാര്‍ റിബേറ്റ് പരിധി വര്‍ദ്ധിപ്പിക്കുകയും എന്‍പിഎസ് സംഭാവനകള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കും കിഴിവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വാര്‍ഷിക വരുമാനം പത്ത് ലക്ഷം രൂപയില്‍ താഴെയുള്ളവരെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇത്തവണത്തെ ബജറ്റില്‍ പരിഗണിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Read Also: നിർണായക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്- Union Budget 2025 Live Blog

സമ്പദ് വളര്‍ച്ചയ്ക്കും വികസനത്തിനുമായി മൂന്ന് ‘ഐ’ കളിലാണ് ശ്രദ്ധയൂന്നുന്നതെന്ന് മോദി വിശദീകരിച്ചിട്ടുണ്ട്. ഇന്നൊവേഷന്‍ ( നവീകരണം), ഇന്‍ക്ലൂഷന്‍ ( ഉള്‍ക്കൊള്ളിക്കല്‍), ഇന്‍വെസ്റ്റ്‌മെന്റ് ( നിക്ഷേപം) എന്നിവയാണ് പ്രധാനമന്ത്രി പറഞ്ഞ മൂന്ന് ‘ഇ’ കള്‍. പണപ്പെരുപ്പം കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇന്ധനം, ഭക്ഷ്യ എണ്ണ മുതലായവയുടെ ഇറക്കുമതി മൂലമുണ്ടാകുന്ന പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചേക്കും. സ്ത്രീകള്‍ക്കായുള്ള മഹിള സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് നീട്ടാനും സാധ്യതയുണ്ട്. പാവപ്പെട്ടവരുടേയും മധ്യവര്‍ഗത്തിന്റേയും ജീവിത ചെലവുകള്‍ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായി ഭക്ഷ്യ സബ്‌സിഡികള്‍ അനുവദിക്കാനും സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സൗജന്യ ഭക്ഷ്യപദ്ധതികള്‍, പിഎംഎവൈ, തൊഴിലുറപ്പ് പദ്ധതി മുതലാവയ്ക്കുള്ള വിഹിതം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

Story Highlights : Will Sitharaman announce income tax reliefs for the middle-class? Modi drops a hint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here