470 കോടിയില്‍ നിന്നും 600 കോടിയിലേക്ക്; മാലദ്വീപിനുള്ള ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ച് ഇന്ത്യ; ബംഗ്ലാദേശിനുള്ള വിഹിതത്തില്‍ മാറ്റമില്ല

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അയല്‍ക്കാര്‍ ആദ്യം എന്ന ഇന്ത്യയുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍ ഒരു പങ്ക് മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിങ്ങനെയുള്ള ചില രാജ്യങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. 2025 – 2026 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ രാഷ്ട്രങ്ങള്‍ക്കുള്ള സഹായമായി 5,483 കോടി രൂപയാണ് ഈ ബജറ്റില്‍ മാറ്റി വച്ചത്. കഴിഞ്ഞ വര്‍ഷത്തെ 5,806 നേക്കാള്‍ കുറവാണിത്. മാലദ്വീപിനുള്ള സഹായത്തില്‍ വന്‍ വര്‍ധനയാണ് ഈ ബജറ്റില്‍ ഉണ്ടായിട്ടുള്ളത്. 2024ല്‍ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് വന്‍ കുറവ് ദ്വീപ് രാഷ്ട്രത്തിനുള്ള സഹായത്തില്‍ ഇന്ത്യ വരുത്തിയിരുന്നു.
ബജറ്റ് പ്രകാരം 2025-26ല്‍ മാലദ്വീപിന് 600 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2024 – 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 470 കോടിയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടന്ന 2024 വര്‍ഷത്തില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ മാലദ്വീപിന് 600 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് 400 കോടിയായി വെട്ടിച്ചുരുക്കി. പിന്നീട് ഇത് 470 കോടിയായി വര്‍ധിപ്പിച്ചു.
2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്നത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി അവിടേക്കു സന്ദര്‍ശകരെ ക്ഷണിച്ച് പ്രധാനമന്ത്രി പോസ്റ്റിടുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് മാലദ്വീപ് പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യ സന്ദര്‍ശനം ഉള്‍പ്പടെയുള്ള കാരണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകുന്നതിനു കാരണമായി.
ഇന്ത്യ ഏറ്റവും കൂടുതല്‍ തുക നീക്കി വച്ചിട്ടുള്ളത് ഭൂട്ടാന് വേണ്ടിയാണ്. 2,150 കോടി രൂപ. നേപ്പാളിന് 700 കോടി രൂപയും മലദ്വീപിന് 600 കോടി രൂപയുമാണ് നല്‍കുന്നത്. മൗറീഷ്യസിന് 500 കോടിയാണ് ഇക്കുറി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 576 കോടിയായിരുന്നു. മ്യാന്‍മറിനുള്ള സഹായത്തിലും കുറവ് വന്നിട്ടുണ്ട്. 400 കോടിയില്‍ നിന്നും 350 കോടിയായി. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമുള്ള നീക്കിയിരിപ്പുകളില്‍ മാറ്റമില്ല. 120 കോടിയാണ് ബംഗ്ലാദേശിനായി നീക്കി വച്ചിട്ടുള്ളത്.
Story Highlights : India Increases Foreign Aid To Maldives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here