Advertisement

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്

February 6, 2025
Google News 2 minutes Read
Team India

ട്വന്റി ട്വന്റി പരമ്പര 4-1 ന് സ്വന്തമാക്കിയതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 251. ആദ്യവിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ നിന്ന് അര്‍ധസെഞ്ച്വറികള്‍ നേടി. 96 പന്തില്‍നിന്ന് 14 ബൗണ്ടറിയടിച്ച് 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ ബാറ്റര്‍മാരിലെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 36 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 59 റണ്‍സ് നേടി. അക്സര്‍ പട്ടേല്‍ 47 പന്തില്‍നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്സും അടക്കം 52 റണ്‍സ് നേടി.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് എന്ന വിജയലക്ഷ്യം 39-ാം ഓവറില്‍ തന്നെ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണിങ് ഇറങ്ങിയ മത്സരത്തില്‍ വെറും രണ്ട് റണ്‍സിന് രോഹിത്ത് ശര്‍മ്മ പുറത്തായത് ആരാധകരില്‍ കടുത്ത നിരാശക്ക് വഴിവെച്ചു. അഞ്ചാം ഓവറില്‍ 15 റണ്‍സെടുത്ത ജയ്സ്വാളും പുറത്തായിരുന്നു. ജൊഫ്ര ആര്‍ച്ചര്‍ക്കാണ് ജയ്‌സ്വാളിന്റെ വിക്കറ്റ് ലഭിച്ചത്. പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യക്കായി സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇവരുടെ 94 റണ്‍സ് കൂട്ടുക്കെട്ട് വിജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ പതിനാറാം ഓവറില്‍ 59 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ പുറത്തായി. പിന്നാലെയെത്തിയ അക്സര്‍ പട്ടേല്‍ മികച്ച പിന്തുണയാണ് ശുഭ്മാന്‍ഗില്ലിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് അടിച്ചുകൂട്ടിയത്. 34-ാം ഓവറില്‍ 52 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ബൗള്‍ഡായി. തൊട്ടുപിന്നാലെ കെ.എല്‍. രാഹുലും രണ്ട് റണ്‍സെടുത്ത് മടങ്ങി. 36-ാം ഓവറില്‍ 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ സാഖിബ് മഹ്‌മൂദും പുറത്താക്കി. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. ഒമ്പത് റണ്‍സ് എടുത്ത ഹര്‍ദികും പന്ത്രണ്ട് റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദും ആദില്‍ റാഷിദും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

Read Also: ടൈം സ്‌ക്വയറില്‍ ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ പ്രതിമ; പിറന്നാളിന് ആരാധകരുടെ സമ്മാനം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 67 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ അടക്കം 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. 64 പന്തില്‍നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും അടക്കം 51 റണ്‍സെടുത്ത ജേക്കബ് ബെത്തല്‍, 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് എന്നീ താരങ്ങലും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇന്ത്യന്‍ ബൗളിങ് നിരയില്‍, തന്റെ ആദ്യ ഏകദിനത്തില്‍ ഹര്‍ഷിത് റാണ മൂന്നുവിക്കറ്റ് നേടി. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ വിരാട് കോലി ഇല്ലാതെയായിരുന്നു ഇന്ത്യന്‍ ടീം ഇറങ്ങിയത്.

Story Highlights: Indian wins against England in one-day match series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here