Advertisement

‘കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് പറഞ്ഞ് ഇപ്പോഴേ കളിയാക്കുന്നത് എന്ത് കഷ്ടമാണ്’; മോശം കമന്റുകളെക്കുറിച്ച് വിജയ് മാധവ്

February 10, 2025
Google News 4 minutes Read
vijay madhav and Devika Nambiar about bad comments in name revealing video

കുഞ്ഞിന് ‘ഓം പരമാത്മാ’ എന്ന് പേരിട്ടതില്‍ നിരവധി പേര്‍ മോശം കമന്റുകളുമായി വരുന്നുവെന്ന് ഗായകനും വ്‌ഗോഗറുമായ വിജയ് മാധവും ഭാര്യ ദേവിക നമ്പ്യാരും. ഈ പേരുമൂലം ഭാവിയില്‍ കുഞ്ഞിന് കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോഴേ കുഞ്ഞിനെ പരിഹസിക്കുന്നുവെന്ന് വിജയ് മാധവ് പുതിയ യൂട്യൂബ് വിഡിയോയിലൂടെ പറഞ്ഞു. താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടത്. നമ്മുടെ യഥാര്‍ത്ഥ ഉടയോന്‍ ആത്മാവും അതിന്റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ത്ഥം തിരിച്ചറിഞ്ഞാണ് അതിന്റെ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതി ഇങ്ങനെയൊരു പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല. ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. (vijay madhav and Devika Nambiar about bad comments in name revealing video)

യൂട്യൂബില്‍ അഞ്ച് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള വിജയ്- ദേവിക ദമ്പതികളുടെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുക പതിവാണ്. മൂത്ത കുട്ടിയ്ക്ക് ആത്മജ് എന്ന് പേരിട്ടത് തന്നെ സബ്‌സ്‌ക്രൈബേഴ്‌സില്‍ വലിയ രീതിയിലുള്ള പ്രതികരണമുണ്ടാക്കിയിരുന്നു. ഇളയ കുഞ്ഞിന് പേരിട്ടത് ഓം പരമാത്മാ എന്നാണെന്ന് കഴിഞ്ഞ ദിവസം വിജയ് പ്രഖ്യാപിച്ചപ്പോള്‍ ഇതിന്റെ ഇരട്ടി വിമര്‍ശനങ്ങളാണ് കമന്റുകളായി വന്നത്. വിമര്‍ശനങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. റിയാക്ഷന്‍ വിഡിയോകളും റോസ്റ്റും ട്രോള്‍ വിഡിയോകളുമായി കുഞ്ഞിന്റെ പേര് മലയാളം യൂട്യൂബ് സര്‍ക്കിളിലെ ഹോട്ട് ടോപ്പിക്കായി. ചില മോശം കമന്റുകള്‍ ദേവികയ്ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് വിശദീകരണ വിഡിയോ ഇട്ടതെന്ന് പുതിയ വിഡിയോയില്‍ വിജയ് പറഞ്ഞു. ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് മോശം പറയുമ്പോള്‍ തനിക്ക് അത് സഹിക്കാനാകില്ലെന്ന് പറഞ്ഞ് വിഡിയോയില്‍ ദേവിക പൊട്ടിക്കരഞ്ഞു.

Read Also: ‘മുസ്‌ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ കോണ്‍ഗ്രസ് ഇടപെട്ട് പ്രസിഡന്റാക്കി’ പനമരത്തെ സിപിഐഎം പൊതുയോഗത്തിലെ പ്രസംഗം വിവാദത്തില്‍

കമന്റുകളില്‍ ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് വിശദീകരിക്കുന്നു. ഈശ്വരവിശ്വാസിയാണ്. ആ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് തന്റെ ജീവിതരീതി. ചില സമയത്ത് 72 മണിക്കൂര്‍ വരെ ഒറ്റയടിയ്ക്ക് ഉപവാസം അനുഷ്ഠിക്കാറുണ്ട്. തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള പേരാണ് മകള്‍ക്കിട്ടത്. ആ പേരിന്റെ കരുത്ത് പലര്‍ക്കും അറിയില്ല. ആ പേരിനെ കളിയാക്കുന്നത് തന്നെ അപകടകരമാണ്. കുഞ്ഞിനെക്കുറിച്ച് മറ്റാരേക്കാളും കരുതലും ചിന്തയുമുള്ളയാളാണ് താന്‍. കുഞ്ഞ് ഭാവിയില്‍ കളിയാക്കപ്പെടുമെന്ന് കരുതുന്നില്ല. ഭാര്യയേയും കുഞ്ഞിനേയും കുറിച്ച് മോശം കമന്റുകളിടുന്നവര്‍ പരമാവധി അത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിജയ് മാധവ് പറഞ്ഞു.

Story Highlights : vijay madhav and Devika Nambiar about bad comments in name revealing video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here