യുഎസ് നാടുകടത്തിയ ഇന്ത്യാക്കാരെ അമൃത്‌സർ വിമാനത്താവളത്തിൽ എത്തിക്കുന്നതിൻ്റെ കാരണം; അറിയേണ്ടതെല്ലാം

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനങ്ങൾ അമൃത്സറിൽ ഇറങ്ങുന്നതിൻ്റെ കാരണം തിരയുകയാണ് പ്രതിപക്ഷത്തെ നേതാക്കളും സമൂഹമാധ്യമങ്ങളിൽ നിരവധിയാളുകളും. പഞ്ചാബിനെ അപമാനിക്കാനും പ്രതിച്ഛായ തകർക്കാനുമുള്ള നീക്കമായി പോലും ഇതിനെ പ്രതിപക്ഷത്തെ പലരും വിമർശിക്കുന്നുണ്ട്. ഔദ്യോഗികമായി ഇതിനോട് പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെങ്കിലും നാടുകടത്തപ്പെട്ട ഇന്ത്യാക്കാരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാലാണ് ഈ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പഞ്ചാബിലെ അമൃത്‌സറിലുള്ള ശ്രീ ഗുരു റാം ദാസ് ജീ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാത്രമേ അമേരിക്കയിൽ വിദേശത്ത് നിന്നുള്ള വിമാനങ്ങൾക്ക് പറന്നിറങ്ങാൻ സാധിക്കൂ. നാടുകടത്തപ്പെട്ടവരെ ഇന്ത്യയിലെത്തിക്കാനുള്ള തീരുമാനം അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയിലെ സർക്കാരുമായി ചർച്ച ചെയ്ത് എടുത്തതാണ്. അമേരിക്കൻ സൈനിക വിമാനത്തിലാണ് ആദ്യ 2 ബാച്ച് ഇന്ത്യാക്കാരെ അമൃത്‌സറിൽ എത്തിച്ചത്.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുമായി അടുത്ത് കിടക്കുന്നതാണ് അമൃത്‌സറിനെ പ്രധാന ലാൻ്റിംഗ് പോയിൻ്റായി തെരഞ്ഞെടുക്കാൻ കാരണം. നാടുകടത്തപ്പെടുന്നവരിൽ ഏറെ പേരും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഫെബ്രുവരി 5 നാണ് ആദ്യ ബാച്ച് എത്തിയത്. രണ്ടാമത്തെ ബാച്ച് ഇന്ത്യാക്കാരുമായി വിമാനം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. 119 പേരടങ്ങുന്ന രണ്ടാം സംഘത്തിൽ 67 പേർ പഞ്ചാബികളാണ്. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ വീതവും, ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ് ഗോവ സ്വദേശികളായ ഓരോരുത്തരും വിമാനത്തിലുണ്ടായിരുന്നു.
Story Highlights : why are planes carrying illegal indian immigrants landing in amritsar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here