സെക്രട്ടറി സ്ഥാനത്തിന് എതിരാളികളില്ല; പിണറായിക്ക് ഇളവ് നല്‍കുന്നത് അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച്

സി പി എം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് പ്രായപരിധിയില്‍ ഇളവുനല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവില്‍ 79 കാരനായ പിണറായിക്ക് ഒരു ടേം കൂടി ഇളവുനല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം. അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായിയെ മുന്‍നിര്‍ത്തി വിജയം നേടുകയെന്നതാണ് സംസ്ഥാന ഘടകത്തിന്റെ ലക്ഷ്യം. ഈ നിര്‍ദേശം കേന്ദ്രകമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത.
മൂന്നു വര്‍ഷം മുന്‍പ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരുന്നു. നിലവില്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായിക്ക് ഇളവ് ലഭിച്ചില്ലെങ്കില്‍ പൊളിറ്റ്ബ്യൂറോയില്‍ നിന്നും ഒഴിവാകേണ്ടിവരും. ഇത് ഒഴിവാക്കാനായാണ് മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കി പിണറായിക്ക് ഇളവ് നല്‍കാനും പൊളിറ്റ്ബ്യൂറോയില്‍ നിലനിര്‍ത്താന്‍ നീക്കം നടക്കുന്നത്.
രാജ്യത്ത് സി പി എമ്മിന് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനവും കേരളം മാത്രമാണ്. അതിനാല്‍ കേരളത്തില്‍ നിന്നുള്ള തലമുതിര്‍ന്ന നേതാവായ പിണറായി വിജയന്‍ പൊളിറ്റ്ബ്യൂറോയില്‍ തുടരണമെന്ന പ്രമേയത്തെ ആരും എതിര്‍ക്കാന്‍ സാധ്യതയില്ല.
പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക വിയോഗത്തെതുടര്‍ന്നാണ് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല ലഭിച്ചത്. എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ എം വി ഗോവിന്ദനെ സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു.
സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു നേതാവ് ചര്‍ച്ചയില്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദന്‍ തുടരാന്‍ തന്നെയാണ് സാധ്യത. കഴിഞ്ഞ സംസ്ഥാന സമ്മേളനകാലത്ത് സെക്രട്ടറി പദത്തിലേക്ക് എം വി ജയരാജനും എ കെ ബാലനും പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നു. ഇത്തവണ അത്തരത്തില്‍ ഒരു നേതാവും ഇല്ല എന്നതും ഗോവിന്ദന് ആശ്വാസകരമാണ്. രാജ്യത്തെ സി പി എമ്മിന്റെ ഏറ്റവും വലിയ ഘടകം കണ്ണൂരാണ്. അതിനാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ ഘടകത്തില്‍ നിന്നും ആയിരിക്കും. നിലവില്‍ കണ്ണൂരില്‍ നിന്നും പകരക്കാരനാവാന്‍ മറ്റൊരു നേതാവും ഇല്ലെന്നതാണ് വസ്തുത.
കൊല്ലത്ത് ഈയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ പൊളിറ്റ്ബ്യൂറോയില്‍ തുടരണമെന്ന പ്രമേയം അവതരിപ്പിക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് അവരുടെ ഘടകമാണെന്നിരിക്കെ സി സിയില്‍ പ്രമേയം ചര്‍ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രായപരിധിയില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളുക. ഏപ്രില്‍ 2 മുതല്‍ 6 വരെ മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സി സി തീരുമാനം പ്രഖ്യാപിക്കും.
ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിലുടെ മരണത്തോടെ നിലവില്‍ പാര്‍ട്ടിക്ക് 16 അംഗങ്ങളാണ് പൊളിറ്റ്ബ്യൂറോയിലുള്ളത്. കേരളത്തില്‍ നിന്നും കോടിയേരിയുടെ മരണത്തിന് ശേഷം ഏറ്റവും ഒടുവിലായി പൊളിറ്റ്ബ്യൂറോയിലെത്തിയത് എം വി ഗോവിന്ദനാണ്. എം എ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് മറ്റു നേതാക്കള്‍. തലയെടുപ്പുള്ള മറ്റൊരു നേതാവ് കേരളത്തില്‍ നിന്നും ഇല്ലെന്ന വാദവും പിണറായി വിജയന് അനുകൂലമാവും.
മുന്‍ജന.സെക്രട്ടറി പ്രകാശ് കാരാട്ടിന് നിലവില്‍ 77 വയസായി. പ്രകാശ് കാരാട്ട് ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ ഒഴിവാകാനാണ് സാധ്യത. 77 വയസായതിനാല്‍ വൃന്ദ കാരാട്ടും ഒഴിവാകുന്നവരുടെ പട്ടികയിലുണ്ട്. ത്രിപുര മുന്‍ മഖ്യമന്ത്രികൂടിയായ മണിക് സര്‍ക്കാര്‍, സുഭാഷിണി അലി, ജി രാമകൃഷ്ണ എന്നിവരാണ് ഇത്തവണ പൊളിറ്റ്ബ്യൂറോയില്‍ നിന്നും പ്രായപരിധികാരണം ഒഴിവാക്കപ്പെടുന്നവര്‍. ഇതില്‍ ആര്‍ക്കൊക്കെ ഇളവുലഭിക്കും എന്ന് വ്യക്തമല്ല. പ്രകാശ് കാരാട്ടിന് ഇളവ് നല്‍കി ജന.സെക്രട്ടറിയുടെ ചുമതല നല്‍കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് എത്രത്തോളം സ്വീകാര്യമാവും എന്ന് വ്യക്തമല്ല.
ഇത്രയും അധികം നേതാക്കള്‍ ഒരുമിച്ച് സി പി എം പൊളിറ്റ്ബ്യൂറോയില്‍ നിന്നും പ്രായപരിധി കാരണം ഒഴിവാകുന്നത് ഇത് ആദ്യമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരാവും പരിഗണിക്കപ്പെടുകയെന്നും വ്യക്തമല്ല. പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് സലിം, അശോക് ദവാലെ തുടങ്ങിയവരാണ് പരിഗണനയില്‍.
ഇതില്‍ മുംബൈ സ്വദേശിയായ അശോക് ധവാലെയ്ക്ക് ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ അധ്യക്ഷനെന്ന നിലയിലുള്ള പരിഗണന ലഭിച്ചേക്കും. ഡല്‍ഹിയില്‍ സംയുക്ത കിസാന്‍ സഭ നടത്തിയ കര്‍ഷപ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന നേതാവുകൂടിയാണ്. ഇതൊക്കെ പരിഗണിച്ചാല്‍ ജന.സെക്രട്ടറി സ്ഥാനത്തേക്ക് അശോക് ദവ്ല വന്നേക്കാം. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്തതിനാല്‍ ബേബിയെ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. 70 കാരനായ ബേബിക്ക് രണ്ട് ടേം കൂടി പൊളിറ്റ്ബ്യൂറോ അംഗമായി തുടരാന്‍ കഴിയും.
Story Highlights : Concession to Pinarayi Vijayan in CPIM is aimed at next election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here