Advertisement

വിവാഹം കഴിഞ്ഞത് മുതൽ പീഡനം; ഷൈനി ഭർത്താവിൽ നിന്ന് നേരിട്ടത് ക്രൂര മർദ്ദനം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണത്തിൽ കുടുംബം

March 7, 2025
Google News 2 minutes Read
shiny

കോട്ടയം ഏറ്റുമാനൂരിൽ യുവതിയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മരിച്ച ഷൈനിയുടെ കുടുംബം. കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടിരുന്നു. പീഡന വിവരം പലപ്പോഴും മകൾ വീട്ടിൽ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു.

ഭർത്താവ് നോബി ബന്ധുക്കളുടെ മുന്നിൽ വെച്ച് ഷൈനിയെ മർദ്ദിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തു. അതിന് ശേഷം വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ഈ വിവരങ്ങളെല്ലാം നോബിയുടെ ബന്ധുക്കൾ തന്നോട് പറഞ്ഞപ്പോഴാണ് മകളെയും കുട്ടികളെയും തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്നും കുര്യാക്കോസ് പറഞ്ഞു. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് ചോദിച്ചുവെന്നും കുര്യാക്കോസ് ആരോപിക്കുന്നു.

പെൺകുട്ടികളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഷൈനി ശ്രമിച്ചിരുന്നുവെന്ന് ഇവർ ജോലി ചെയ്തിരുന്ന കെയർ ഹോമിൻ്റെ ഉടമ പറഞ്ഞു. ഷൈനി നാല് മാസം ജോലി ചെയ്തിരുന്നത് ഈ സ്ഥാപനത്തിലാണ്. ജോലിക്കെത്തിയ ഷൈനിയുടെ മുഖത്ത് മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിക്കുമായിരുന്നുവെന്ന് ഷൈനി തന്നോട് പറഞ്ഞിരുന്നുവെന്നും കെയർഹോം ഉടമ വ്യക്തമാക്കുന്നു. മർദ്ദനത്തിന് പിന്നാലെ ഷൈനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും കെയർ ഹോം ഉടമ പറഞ്ഞു.

Read Also: ‘ബംഗാൾ പാഠം ആകണം’, ജാഗ്രത വേണമെന്ന് CPIM സംഘടനാ റിപ്പോർട്ട്; വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് രേഖ

9 മാസം മുൻപ് ഷൈനിയെ നോബിയുടെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്. ഭർത്താവിന്റെ വീട്ടിൽ ഷൈനിക്ക് വേലക്കാരിയുടെ സ്ഥാനമായിരുന്നു. നോബിയുടെ ക്യാൻസർ രോഗിയായ അച്ഛന്റെ കാര്യങ്ങളടക്കം നോക്കിയിരുന്നത് ഷൈനിയായിരുന്നു. ജോലിക്കായി പല ആശുപത്രികളും ഷൈനി ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം ഭർത്താവ് നോബി ഇല്ലാതാക്കാൻ ശ്രമിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ഷൈനിക്ക് ജോലി കിട്ടാത്തത് നിരാശയുണ്ടാക്കി. ഇതിനൊപ്പം വിവാഹമോചന കേസ് നീണ്ട് പോകുന്നതും മാനസിക പ്രയാസത്തിലേക്ക് നയിച്ചിരുന്നു.

ഷൈനി മരിക്കുന്നതിന് മുൻപ് കൂട്ടുകാരിക്കയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ഭർത്താവ് നോബിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. നോബിക്കെതിരായി തൊടുപുഴ സ്റ്റേഷനിൽ ഷൈനി നൽകിയ ഗാർഹിക പീഡന പരാതിയും നിലവിലുണ്ട്.

Story Highlights : Ettumanoor Suicide case Shiny father reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here