ഡൽഹിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ; മഹിളാ സമൃദ്ധി യോജനയ്ക്ക് മന്ത്രിസഭാ അംഗീകാരം

സ്ത്രീകൾക്ക് 2,500 രൂപ നൽകുന്ന ‘മഹിള സമൃദ്ധി യോജന’യ്ക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രകടനപത്രികയിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം നൽകിയതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
“പദ്ധതി നടപ്പിലാക്കുന്നതിനായി ഡൽഹി ബജറ്റിൽ ഞങ്ങൾ 5100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഞാൻ നേതൃത്വം നൽകുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, പദ്ധതിയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഒരു പോർട്ടൽ ഉടൻ ആരംഭിക്കും,” ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. പദ്ധതിയുടെ മാനദണ്ഡങ്ങളും മറ്റ് കാര്യങ്ങളും തീരുമാനിക്കാൻ മുഖ്യമന്ത്രി അധ്യക്ഷയായി കപിൽ മിശ്ര, ആശിഷ് സൂദ്, പ്രവേശന് വർമ്മ എന്നീ 3 മന്ത്രിമാരുടെ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
പദ്ധതി വൈകുന്നതിനെതിരെ ആംആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. സാമ്പത്തിക ആനുകൂല്യങ്ങളുടെ സുതാര്യത, കാര്യക്ഷമത, തടസ്സമില്ലാത്ത വിതരണം എന്നിവ ഉറപ്പാക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് ഡൽഹി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ, കൂടുതൽ സ്വാതന്ത്ര്യം, ശാക്തീകരണം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പിലാക്കുന്നതിന് ആധാർ അധിഷ്ഠിത ഇ-കെവൈസി ഉപയോഗിക്കുമെന്ന് സർക്കാർ പറയുന്നു.
Story Highlights : Delhi CM Rekha Gupta-led cabinet approves rs 2,500 monthly aid for women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here