Advertisement

കണ്ണൂരിനെതിരെ പത്തനംതിട്ടയിൽ നിന്നുള്ള വിമർശനത്തിന് പിന്നിൽ

March 8, 2025
Google News 2 minutes Read
cpim cover

പാർട്ടിയിലും ഭരണത്തിലും കണ്ണൂർ ജില്ലയ്ക്ക് മേധാവിത്വമെന്ന് പത്തനംതിട്ടയിൽ നിന്നുള്ള സി ഐ ടി യു നേതാവ് സംസ്ഥാന സമ്മേളനത്തിൽ ഉയർത്തിയ ആവലാതിയിൽ കഴമ്പുണ്ടോ?

പാർട്ടി സെക്രട്ടറി പ്രാദേശിക വാദിയാണന്ന് സംസ്ഥാന സമ്മേളനവേദിയിൽ ചില പ്രതിനിധികൾ ആരോപണം ഉയർത്തി. മന്ത്രിമാരുടെ സ്റ്റാഫിലും സംസ്ഥാനകമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലും കണ്ണൂരുകാരെ തട്ടി നടക്കാൻ പറ്റുന്നില്ലെന്നാണ് ചില അംഗങ്ങളുടെ പ്രധാന ആക്ഷേപം.

എന്നാൽ പാർട്ടി പ്രവർത്തകരെ മാത്രമല്ല, നേതൃത്വത്തെ വിമർശിക്കുകയാണ് ഇതിലൂടെ പ്രതിനിധികൾ ലക്ഷ്യമിട്ടത്. പാർട്ടി സെക്രട്ടറി കാലകാലമായി കണ്ണൂരിൽ നിന്നാണ്. മുഖ്യമന്ത്രിയും കണ്ണൂരിൽ നിന്നുതന്നെ. എസ് എഫ് ഐ തൊട്ടുള്ള സംഘടനകളുടെ പ്രധാന ഭാരവാഹികളും കണ്ണൂർ ജില്ലക്കാർ. കണ്ണൂരിന്റെ സർവ്വാധിപത്യമാണ് പാർട്ടിയിലെന്നാണ് നേരത്തെ തന്നെയുള്ള ഉയരുന്ന ആരോപണം.

സംസ്ഥാന ഭരണത്തിലും പാർട്ടിയിലും കണ്ണൂർ ആധിപത്യം ഉറപ്പിക്കുമ്പോൾ അണികളുടെ കാര്യത്തിലും ജില്ല തന്നെ മുന്നിൽ. കഴിഞ്ഞ മൂന്നുവർഷത്തിൽ 174 ബ്രാഞ്ചുകളും ആറ് ലോക്കൽ കമ്മിറ്റികളുമാണ് കണ്ണൂരിൽ കൂടിയത്. ഇതോടെ 65,550 അം​ഗങ്ങളുമായി ഇന്ത്യയിലെ ഏറ്റവും അധികം സി പി ഐ എം അം​ഗങ്ങളുള്ള ജില്ലയായി കണ്ണൂർ ചുവന്ന് തുടുത്തു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് ബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയെ അം​ഗബലത്തിന്റെ കാര്യത്തിൽ കണ്ണൂർ മറികടന്നത്.

Read Also: ആരോഗ്യമന്ത്രി വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്നുവെന്ന് ആശാ വർക്കേഴ്സ്; സർക്കാർ ആശമാർക്കൊപ്പമെന്ന് വീണാ ജോർജ്

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം കണ്ണൂർ പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നത് പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യയ്ക്ക് പാർട്ടി സംരക്ഷണം നൽകുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ പാർട്ടിക്കാരുടെ നേരത്തെ തന്നെയുള്ള ആരോപണം. സമ്മേളന പ്രതിനിധികൾ പി പി ദിവ്യയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയതും നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിലെ പാർട്ടി നേതൃത്വം പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണത്തിന്റെ തുടർച്ചയാണ് കണ്ണൂർ ആധിപത്യത്തെക്കുറിച്ചുള്ള ചർച്ച. പത്തനംതിട്ട, കോട്ടയം ജില്ലാക്കമ്മിറ്റികളാണ് പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രംഗത്തെിയതെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സ്പീക്കറും നിലവിൽ കണ്ണൂരിൽ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവരും കണ്ണൂരുകാർ. ഇതാണ് മറ്റ് ജില്ലാ പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിച്ചത്. ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർസ്ഥാനത്ത് തുടർന്നിരുന്നുവെങ്കിൽ കണ്ണൂരിന്റെ ആധിപത്യം വീണ്ടും വർധിച്ചേനേ.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉയർന്ന ഏറ്റവും വലിയ ആരോപണം മന്ത്രിസഭയിലെ കണ്ണൂർ ആധിപത്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, വ്യവസായ മന്ത്രിയായി ഇ പി ജയരാജൻ എന്നിവരാണ് കണ്ണൂരിൽ നിന്നും ക്യാബനറ്റിൽ ഉണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യ ഒന്നര വർഷം എം വി ഗോവിന്ദൻ മന്ത്രിയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ രോഗബാധിതനായി അവധിയെടുത്ത സമയത്ത് എ വിജയരാഘവനായിരുന്നു പാർട്ടി സെക്രട്ടറിയുടെ ചുമതല. എന്നാൽ കോടിയേരി പിന്നീട് ചുമതല ഒഴിഞ്ഞതോടെ പാർട്ടി സെക്രട്ടറിയായി എം വി ഗോവിന്ദൻ എത്തി. ഇതോടെ ഒരു ചെറിയ കാലയളവ് ഒഴികെ പാർട്ടി സെക്രട്ടറി പദത്തിൽ ഏറെക്കാലമായി കണ്ണൂർ നേതാക്കൾ മാത്രമായിരുന്നു.

എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയുണ്ടായ മന്ത്രിസഭാ പുനഃ സംഘടനയിൽ സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായി. പകരം എ എൻ ഷംസീർ സ്പീക്കറുമായി. പാർട്ടിയിൽ കെ കെ ശൈലജ, ഇ പി ജയരാജൻ. പി കെ ശ്രീമതി എന്നിവർ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് പി ശശിയും കെ കെ രാ​ഗേഷുമാണ്. പത്തനംതിട്ടയിൽ നിന്നുള്ള ആരോഗ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതും കണ്ണൂർ സ്വദേശിയാണ്. ഇതൊക്കെയാണ് മറ്റുജില്ലക്കാരായ നേതാക്കൾ ആരോപണം ഉന്നയിക്കാനുള്ള കാരണം. പാർട്ടിയിലെ മിക്ക ചുമതലകളും കണ്ണൂർകാർക്കായി സംവരണം ചെയ്തിരിക്കുകയാണെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സംസ്ഥാന സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിയിൽ വിമർശനം ഉയർന്നെങ്കിലും മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിനിധികളാരും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാൻ മറ്റു മന്ത്രിമാർ തയ്യാറാവുന്നില്ലെന്ന ആരോപണം എം വി ഗോവിന്ദൻ ഉന്നയിച്ചു. ഇതേ ആരോപണം നേരത്തെ മന്ത്രി മുഹമ്മദ് റിയാസ് മാസങ്ങൾക്ക് മുന്നേ ഉയർത്തിയിരുന്നു. മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന കടന്നാക്രമണത്തെ മുഖ്യമന്ത്രി സ്വയം പ്രതിരോധിക്കുകയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

Story Highlights : Kannur district has the highest number of CPI(M) workers in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here