Advertisement

‘ വീണ ജോര്‍ജിനെ പരിഗണിച്ചത് പാര്‍ലമെന്ററി രംഗത്തെ പ്രകടനം മാത്രം കണക്കിലെടുത്ത്; സംഘടനാപരമായ പ്രവര്‍ത്തനങ്ങളാകണം മാനദണ്ഡം’ ; സിപിഐഎം നേതൃത്വത്തിനെതിരെ എ പത്മകുമാര്‍

March 10, 2025
Google News 2 minutes Read
VEENA

സിപിഐഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഐഎം നേതാവ് എ പത്മകുമാര്‍. വീണ ജോര്‍ജിനെ പരിഗണിച്ചത് പാര്‍ലമെന്ററി രംഗത്തെ പ്രകടനം മാത്രം കണക്കിലെടുത്തെന്നും, സംഘടന രംഗത്ത് ചെയ്തിട്ടില്ലെന്നും എ പത്മകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലെ വിഷമം ആണ് പറഞ്ഞതെന്നും താന്‍ പാര്‍ട്ടി വിടില്ലെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

ഇന്നലെ സംസ്ഥാന കമ്മറ്റി പാനല്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ വ്യക്തിപരമായി മനുഷ്യസഹജമായ മാനസികാവസ്ഥ വച്ചാണ് താന്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് സിപിഐഎമ്മിനെ സംബന്ധിച്ച് സംഘടനാപരമായി അംഗീകരിക്കുന്നതല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാളെ ഏതെങ്കിലും ഉപരി കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരമായ പ്രവര്‍ത്തനങ്ങളായിരിക്കണം മാനദണ്ഡമെന്നാണ് സിപിഎമ്മിനെ സംബന്ധിച്ചുള്ള നിലപാട്. പക്ഷേ, കമ്മറ്റികളില്‍ പങ്കെടുക്കാത്ത, ഏതെങ്കിലും വര്‍ഗ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത, ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത ഒരാളെ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മാത്രം ക്ഷണിക്കാന്‍ തീരുമാനിക്കുകയാണ്. അതില്‍ ഒരുപാട് പേര്‍ക്ക് പ്രയാസമുണ്ടാകും. ഞാന്‍ തുറന്ന് പറഞ്ഞു എന്നുമാത്രം. വീണാ ജോര്‍ജിന്റെ കഴിവിനെയൊന്നും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കാരണം, എന്റെ 52 വര്‍ഷക്കാലത്തേ പ്രവര്‍ത്തന പാരമ്പര്യത്തേക്കാള്‍ വലുതാണ് അവരുടെ 9 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം എന്നുള്ളതോ അവരുടെ കഴിവിനെയോ ഒന്നും ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷേ, ഞങ്ങളെപ്പോലുള്ള ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്, പാര്‍ട്ടി ബ്രാഞ്ച് കൂടി, ലോക്കല്‍ കമ്മറ്റി കൂടി, പത്രവും ചേര്‍ത്ത് നടക്കുന്ന പാവങ്ങള്‍ ഇതിനകത്തുണ്ട് എന്നുള്ള ബോധ്യം ഉപരി കമ്മറ്റിക്ക് ഉണ്ടാകണം എന്നേ ഞാന്‍ പറഞ്ഞുള്ളു- അദ്ദേഹം വ്യക്തമാക്കി.

Read Also: സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി; എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത

സിപിഎമ്മിനെ സംബന്ധിച്ച് 75 വയസിലാണ് റിട്ടയര്‍മെന്റെന്നും താന്‍ 66ാം വയസില്‍ റിട്ടറയര്‍ ചെയ്‌തെന്ന് കരുതുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ജില്ലാ കമ്മറ്റിയുണ്ട്. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ഇവിടുത്തെ ബ്രാഞ്ചില്‍ തന്നെ നില്‍ക്കണം എന്നാണ് ആഗ്രഹം. രാഷ്ട്രീയമായിട്ടുള്ള വ്യത്യസ്ത അഭിപ്രായം ഒന്നുമല്ലല്ലോ? തര്‍ക്കമുള്ളത് സംഘടനാപരമായി ഈ സമ്മേളനത്തില്‍ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ്. അത് തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കാന്‍ തയാറാണ്. പക്ഷേ, പാര്‍ട്ടി എന്നത് കളഞ്ഞിട്ടുള്ള ഒരു ഏര്‍പ്പാടിനും ഞാനില്ല. സമ്മര്‍ദത്തിന്റെ പുറത്തല്ല അതൃപ്തി വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും സിപിഎമ്മിനെതിരായി അതൊരു ആയുധമാകണ്ട എന്ന് ചിന്തിച്ചാണ് ഡിലീറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സിപിഐഎമ്മിനെതിരായ ആയുധമാകാന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,എ പത്മകുമാറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. പത്മകുമാറിനെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ട്. പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും. പത്മകുമാറുമായി പാര്‍ട്ടി ആശ വിനിയം നടത്തിയിട്ടില്ലെന്നാണ് വിവരം.

സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം’ എന്നാണ് സ്വന്തം ഫോട്ടോയോടൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഉച്ചവരെ സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ സജീവമായിരുന്ന പി പത്മകുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നതോടെയാണ് കൊല്ലം വിട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

Story Highlights : A Padmakumar about Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here