Advertisement

മാതൃകയായി വീണ്ടും കേരളം, ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകി: മന്ത്രി വീണാ ജോർജ്

March 10, 2025
Google News 1 minute Read

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 24,222 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 15,686 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി വലിയ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും ഗുണനിലവാരം ഉയര്‍ത്തി. 12 ആശുപത്രികളെ ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തി. 3 മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു.

ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റര്‍/ ഐ.സി.യു. ആംബുലന്‍സ് സേവനവും നല്‍കി വരുന്നു.

ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളില്‍ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നു.

എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നു. ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളിലോ, എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കുന്നു.

8 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഹൃദ്യം പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മാത്രം മൂന്നുവര്‍ഷം കൊണ്ട് 1000ലധികം കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സ നല്‍കിയിട്ടുണ്ട്. പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉള്‍പ്പെടെ സജ്ജമാക്കി വളരെ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ആരംഭിച്ചുവെന്ന് മന്ത്രി അറിയിച്ചു.

Story Highlights : Veena george hridyam childrens project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here