Advertisement

‘വീണാ ജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ല’; എം വി ഗോവിന്ദൻ

March 21, 2025
Google News 2 minutes Read
mv govindan

ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ പോയത് ജെ പി നഡ്ഡയെ കാണാനായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡൽഹിയിലേക്ക് പോയത്, അതിൻ്റെ കൂടെ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഡൽഹിയിൽ പോകുമ്പോൾ കാണാൻ ശ്രമിക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രമന്ത്രിയെ കുറിച്ച് ആർക്കും ഒരു വിമർശനവും ഇല്ല. പകരം ഡൽഹിയിലേക്ക് പോയ മന്ത്രിക്ക് ആത്മാർഥതയില്ലെന്ന വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം വാർത്തകൾ കൊടുത്ത് നിലവാരം കളയരുത്. നെഗറ്റീവ് അല്ലാതെ പോസിറ്റീവ് വാർത്തകൾ കൊടുക്കാൻ ആരും ശ്രമിച്ചിട്ടില്ല. പാർലമെൻറ്റ് സമ്മേളനം നേരത്തെ കഴിഞ്ഞിട്ടും കേന്ദ്രമന്ത്രി ആരോഗ്യമന്ത്രിയെ കാണാൻ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു’; ജോൺ ബ്രിട്ടാസ്

സ്കീം വർക്കർമാർക്ക് മിനിമം കൂലി കൊടുക്കണം എന്നാണ് പാർട്ടിയുടെ അഭിപ്രായം. സമരം ആർക്കും നടത്താം അത് ജനാധിപത്യപരമായ അവകാശമാണ് എന്നാൽ ആശമാരുടെ സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണ്. വസ്തുതാപരമായി കാര്യങ്ങൾ മനസ്സിലാക്കിവേണം സമരം നടത്താൻ. കേന്ദ്രത്തിൻെറ സ്കിം വർക്കാണ് ഇത്. അതുകൊണ്ടുതന്നെ കേന്ദ്രമാണ് ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എ കെ ജി സെൻ്ററിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് എം വി ഗോവിന്ദൻ. പുതിയ മന്ദിരം ഏപ്രിൽ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 9 നിലകൾ ഉള്ള കെട്ടിടമാണ് പുതിയതായി പണിതിരിക്കുന്നത്. അതിൽ തന്നെ 2 സെല്ലാർ പാർക്കിങ്ങ് നിലകളും ഉണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം , സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിംഗ് എന്നിവയ്ക്ക് പ്രത്യേക മുറികൾ പുതിയ മന്ദിരത്തിൽ ഉണ്ടാകും. എകെജി സെൻ്റർ എന്നു തന്നെയാണ് പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ പേര്. എല്ലാ നിയമപരമായ അനുമതിയോടെയുമാണ് കെട്ടിടം നിർമിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Story Highlights : Minister Veena George did not go to Delhi to meet the Union Health Minister ; MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here