സംഭൽ കലാപം: ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ

ഉത്തർപ്രദേശിലെ സംഭലിൽ കഴിഞ്ഞ വർഷം നവംബർ 24ന് പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസിൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിൽ ഇദ്ദേഹത്തിന് നിർണായക പങ്കുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് സംഭൽ പോലീസ് സൂപ്രണ്ട് കൃഷ്ൻ കുമാർ വിഷ്ണു പ്രതികരിച്ചു.
സംഭലിലെ വീട്ടിൽ നിന്നാണ് സഫർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഒരുപറ്റം പോലീസുകാർ ഇദ്ദേഹത്തെ തേടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. ഇവിടെനിന്ന് കസ്റ്റഡിയിലെടുത്ത ശേഷം കോട്ട്വാലി പോലീസ് സ്റ്റേഷനിൽ എത്തിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്തു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്ന വകുപ്പ്. കലാപവുമായി ബന്ധപ്പെട്ട യുപി സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷനുമുന്നിൽ മൊഴി നൽകുന്നതിന് തൊട്ടുമുമ്പാണ് തന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് സഫർ അലിയുടെ സഹോദരൻ താഹിർ അലി രംഗത്തുവന്നു.
സംഭലിലെ പള്ളി മുഗൾ സാമ്രാജ്യ കാലത്ത് നിർമ്മിച്ചതാണ്. പുരാതന ഹിന്ദു ക്ഷേത്രത്തിനു മുകളിലാണ് ഈ പള്ളി നിർമ്മിച്ചത് എന്ന് ആരോപിച്ച് ഏറെക്കാലമായി വിവാദമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ഹർജിയിൽ കോടതി ഈ പ്രദേശത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രദേശത്ത് പ്രതിഷേധം കാലാപത്തിലേക്ക് വഴിമാറിയത്. നവംബർ 24ന് വ്യാപകമായ സംഘർഷം ഉണ്ടാവുകയും പോലീസിന് നേരെ അടക്കം കല്ലേറുണ്ടാവുകയും ചെയ്തു. നിരവധി വാഹനങ്ങൾ അഗ്നിരയാക്കി. നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കലാപവുമായി ബന്ധപ്പെട്ട കേസിൽ 4000 പേജുള്ള കുറ്റപത്രം ആണ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചത്. 159 പേരാണ് കേസിലെ പ്രതികൾ. യുകെയിലും ജർമ്മനിയിലും നിർമ്മിച്ച ആയുധങ്ങൾ കലാപസ്ഥലത്തുനിന്ന് കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. പള്ളി പരിസരത്തെ പരിശോധനയുമായി ബന്ധപ്പെട്ട ആദ്യം വിവരം ലഭിച്ച ഒരാളാണ് സഫർ അലിയെന്നും ഇദ്ദേഹമാണ് കലാപത്തിന്റെ സൂത്രധാരന്മാരിൽ ഒരാൾ എന്നുമാണ് പോലീസിന്റെ ആരോപണം.
എന്നാൽ നവംബർ 24 നു ശേഷം സംഭൽ ഏറെക്കുറെ ശാന്തമാണ്. ഇവിടെ മറ്റ് സംഘർഷങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹോളി ആഘോഷ സമയത്ത് അടക്കം പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ഫ്ലാഗ് മാർച്ച് നടത്തുകയും ചെയ്തു. ജനങ്ങൾ ഹോളി സമാധാനമായി ആഘോഷിക്കുകയും പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടക്കുകയും ചെയ്തു.
Story Highlights : UP Police arrest Shahi Jama Masjid committee chief Zafar Ali for criminal conspiracy on Sambhal violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here