വഖഫ് ബിൽ ചർച്ച; CPIM എംപിമാർ പങ്കെടുക്കും, പാർട്ടി നിർദേശം നൽകി

വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും. മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസിലേക്ക് യാത്ര തിരിച്ച എംപിമാരോടു ചർച്ചയിൽ പങ്കെടുക്കാൻ പാർട്ടി നിർദേശം നൽകി. കെ രാധാകൃഷ്ണൻ അടക്കമുള്ള പാർട്ടി എംപിമാർ തിരികെ ഡൽഹിയിലേക്ക് തിരിച്ചു. പാർട്ടി കോൺഗ്രസ് ആയതിനാൽ സിപിഐഎം ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ലോക്സഭ സ്പീക്കറെ ആദ്യം അറിയിച്ചിരുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.
ബില്ല് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിന്മേൽ ലോക്സഭയിൽ സംസാരിക്കും. ബില്ല് 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചെങ്കിലും തള്ളിയിരുന്നു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്.
Read Also: ‘ചർച്ച പോസിറ്റീവ്; ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ ചർച്ചായി’; മന്ത്രി വീണാ ജോർജ്
ബിൽ അവതരണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കക്ഷികൾ അംഗങ്ങൾക്ക് വിപ്പ് നൽകി. എന്ത് നിലപാടെടുക്കണമെന്നത് ചർച്ച ചെയ്യാൻ കോൺഗ്രസ് അംഗങ്ങൾ നാളെ രാവിലെ യോഗം ചേരും. ബില്ലിനെ പിന്തുണച്ച് CBCI ഉം KCBCഉം രംഗത്ത് വന്നതിനാൽ കോൺഗ്രസ് നിലപാട് നിർണായകമാകും. ബില്ലിനെ പിന്തുണയ്ക്കണമെന്ന് മുഖപത്രമായ ദീപികയിലെ മുഖപ്രസംഗത്തിൽ കത്തോലിക്കാ സഭ ആവർത്തിച്ചു. ബിൽ നിയമമായാലും മുനമ്പം വിഷയം പരിഹരിക്കാൻ എത്രനാൾ വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
Story Highlights : CPIM MPs will participate in Waqf Bill discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here