പിന്തുണ തേടിയിട്ടും ഹൈബി ഈഡൻ ഉൾപ്പടെയുള്ളവർ മുനമ്പത്തെ പരിഗണിച്ചില്ല; കേരളത്തിലെ എംപിമാർക്കെതിരെ സമര സമിതി

വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരെ മുനമ്പം സമര സമിതി. മുനമ്പത്തിന് വേണ്ടി ആരും ശബ്ദമുയർത്തുന്നില്ലായെന്ന് കൺവീനർ ജോസഫ് ബെന്നി ട്വന്റി ഫോറിനോട് പറഞ്ഞു.
പാർലമെന്റിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു എം പി പോലും മുനമ്പം വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. എന്നാൽ സിനിമ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എംപിമാർ ഉത്സാഹത്തോടെ സംസാരിക്കുന്നു. പിന്തുണ അഭ്യർത്ഥിച്ചിട്ടു പോലും ഹൈബി ഈഡൻ ഉൾപ്പടെയുള്ളവർ മുനമ്പത്തെ പരിഗണിക്കുന്നില്ല.
മുനമ്പത്തെ 610 കുടുംബങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷയുള്ള ദിവസമാണിന്ന്. ഈ ബിൽ നിയമമാകുന്നതോടുകൂടി മുനമ്പം തീരത്തെ ജനങ്ങളുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടും. പ്രധാനമന്ത്രിയും നിർമലസീതാരാമനും അമിത്ഷാ അടക്കമുള്ളവരും ശക്തമായി ഞങ്ങൾക്ക് വേണ്ടിയാണ് ഇടപെടുന്നത്. ഇതൊക്കെ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജോസഫ് ബെന്നി കൂട്ടിച്ചേർത്തു.
അതേസമയം, റവന്യൂ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരം 172-ാം ദിവസം പിന്നിട്ടു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുനമ്പത്തെ ജനങ്ങൾ. ജെപിസി നിർദേശിച്ച ഭേദഗതികളോടെയാണ് ഏറെ നിർണായകമായ ബിൽ ലോക്സഭയിലെത്തുക. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിക്കും. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ സംസാരിക്കും. എൻഡിഎ സഖ്യകക്ഷി ടിഡിപി മുന്നോട്ടുവച്ച മൂന്നു നിർദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ഇതോടെ TDP യുടെ പിന്തുണ കൂടി ലഭിക്കും.വഖഫ് നിയമ ഭേദഗതി ബില്ലിന് ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
Story Highlights : Munambam Samara Samiti against MPs from Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here