‘മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നേതാവാണ് ശോഭ സുരേന്ദ്രൻ, ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല’: രാജീവ് ചന്ദ്രശേഖർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബിജെപിയുടെ മുതിർന്ന നേതാവാണ് ശോഭ സുരേന്ദ്രനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശ്ശൂരിൽ ശോഭ സുരേന്ദ്രന്റെ വീടിനടുത്ത് നടന്ന ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കോൺഗ്രസുകാരായാലും സിപിഐഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പെടുന്നു.
കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ, കേരളത്തിൽ ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണം. സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാ മലയാളികൾക്കുമുണ്ട്. വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. വലിയ ശബ്ദത്തോടുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ പൊട്ടിത്തെറിയുണ്ടായത്. തൃശൂർ അയ്യന്തോളിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്.
ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു
ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി.സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Story Highlights : Rajeev Chandrasekhar response on sobha surendran bomb attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here