പാക് മിസൈലുകളും ഡ്രോണുകളും തകർത്ത സൂപ്പർ ഹീറോ; എന്താണ് എസ് 400 സുദർശൻ ചക്ര, സവിശേഷതകൾ

വിവിധ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഇതുവരെ ഇന്ത്യയിൽ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെങ്കിലും ഇന്ത്യക്ക് ഒരു പോറലേൽപ്പിക്കാൻ പോലും പാകിസ്ഥാന് സാധിച്ചില്ല. അതിന് പ്രധാന കാരണമായതാകട്ടെ, ഇന്ത്യയുടെ കൈവശമുള്ള എസ് 400 സുദർശൻ ചക്ര എന്ന ആയുധം.
റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനമാണ് എസ്-400. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണിത്, ഡ്രോണുകൾ, സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും തകർക്കാനും ഇതിന് സാധിക്കും.
ഓരോ എസ്-400 സ്ക്വാഡ്രണിലും രണ്ട് ബാറ്ററികൾ ഉണ്ട്. ഒരു ബാറ്ററിക്ക് 128 മിസൈൽ വരെ തൊടുക്കാൻ സാധിക്കും. ഓരോ സ്ക്വാഡ്രണിലും ആറ് ലോഞ്ചറുകൾ, ഒരു കമാൻഡ്-ആൻഡ്-കൺട്രോൾ സിസ്റ്റം, നിരീക്ഷണ റഡാർ, എൻഗേജ്‌മെന്റ് റഡാർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങുന്നതിനായി ഇന്ത്യ 2018 ൽ റഷ്യയുമായി ₹35,000 കോടി കരാർ ഒപ്പിട്ടിരുന്നു. ഇതിൽ മൂന്നെണ്ണമാണ് നിലവിൽ ഇന്ത്യയുടെ കൈവശമുള്ളത്. രണ്ടെണ്ണം 2026 ഓടെ മാത്രമേ ലഭിക്കൂ. 400 കിലോമീറ്റർ വരെയും 30 കിലോമീറ്റർ ഉയരത്തിലും വ്യോമ ഭീഷണികളെ നേരിടാൻ S-400 ന് കഴിയുമെന്നതാണ് ഇതിൻ്റെ സവിശേഷത.
ഒരേ സമയം 160 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും ഒരേസമയം 72 ലക്ഷ്യങ്ങളെ ആക്രമിക്കാനും എസ് 400 ന് സാധിക്കും. ഇന്ത്യക്ക് പുറമെ ചൈനയ്ക്കും റഷ്യ ഈ ആയുധം വിറ്റിരുന്നു. ആദ്യം വിറ്റത് ചൈനയ്ക്കാണെന്നതും പ്രധാനമാണ്. അതേസമയം പാകിസ്ഥാൻ്റെ കൈവശം ഈ ആയുധമില്ല.
Story Highlights : What is S-400 system, how many India has, and what it can do
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here