ഗോൾഫ് ജി ടി ഐ ഇന്ത്യൻ വിപണിയിലെത്തിച്ച് ഫോക്സ്വാഗൺ; വിലവിവരങ്ങൾ പുറത്ത്

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗന്റെ ഗോൾഫ് ജിടിഐ ഇന്ത്യയിൽ വിപണിയിൽ പുറത്തിറക്കി. ഇന്ത്യയിൽ ഫോക്സ്വാഗന്റെ ഏറ്റവും വില കൂടിയ മോഡലായി മാറിയിരിക്കുകയാണ് ഗോൾഫ് ജിടിഐ. 52.99 ലക്ഷം രൂപയാണ് വാഹനത്തിന് മുടക്കേണ്ടി വരുക. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് വാഹനത്തിന്റെ ആദ്യ ബാച്ചിൽ 150 യൂണിറ്റുകളാണ് ഉണ്ടാവുക.
മേയ് അഞ്ചിനാണ് ഗോൾഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിങ്ങ് ഫോക്സ്വാഗൺ ആരംഭിച്ചത്. ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്സ്വാഗൺ ഇന്ത്യയിലെത്തിച്ചിരുന്നു. 2.0 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഗോൾഫ് ജിടിഐയുടെ കരുത്ത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.
250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മുൻ ഡിഫ്രൻഷൻ ലോക്ക്, ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവ ഗോൾഫിന്റെ സവിശേഷതയാണ്. വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പ്രോഗ്രസീവ് സ്റ്റിയറിംഗ് വീൽ എന്നിവയും ഗോൾഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ഫോക്സ്വാഗൺ ആഗോളവിപണിയിൽ എത്തിച്ചിരുന്നത്.
അപ്ഡേറ്റ് ചെയ്ത 12.9 ഇഞ്ച് ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. വോയ്സ് അസിസ്റ്റും ചാറ്റ് ജി.പി.ടിയും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, ജിടിഐ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയും ഗോൾഫ് ജി.ടി.ഐയുടെ പ്രത്യേകതകളാണ്.
Story Highlights : Volkswagen Golf GTI Launched In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here