വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; പ്രളയ സാധ്യത ഇതുവരെ ഇല്ല, മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളിൽ വെള്ളം നിർത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിർദേശം നൽകിയാതായി കെ രാജൻ കൂട്ടിച്ചേർത്തു.
മഴയെ തുടർന്ന് പല ജില്ലകളിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏഴു വീടുകൾ പൂർണ്ണമായി തകർന്നു. 181 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യാൻ ഇനിയും ധാരാളം അപകടങ്ങൾ ഉണ്ട്. നിലവിലെ ന്യൂനമർദം തീവ്ര ന്യൂനമർദമാകും. ഉച്ചയ്ക്കുശേഷം തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കും. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത. ജൂൺ 5 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. 6 -12 വരെ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. പൊന്മുടിയിൽ മണിക്കൂറിൽ 54 കിലോമീറ്റർ, പൊന്മുടി 44, റാന്നി 44 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി. മഴക്കൊപ്പം കാറ്റ് വീശുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: എറണാകുളത്ത് മരംവീണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയ്ക്ക് ദാരുണാന്ത്യം
സംസ്ഥാനത്ത് 66 ക്യാമ്പുകൾ നിലവിൽ തുറന്നിട്ടുണ്ട്. 1894 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 6 ലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന നാലായിരത്തോളം ക്യാമ്പുകൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ പ്രകാരം അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിമാർ വിനിയോഗിക്കണം.തോട്ടപ്പള്ളി സ്പിൽവേയുടെ 36 ഷട്ടറുകൾ ഇപ്പോൾ തുറന്നു. തണ്ണീർമുക്കത്തും എല്ലാ ഷട്ടറുകളും തുറന്നു.അന്ധകാര നാഴിയിൽ 20 ഷട്ടറുകളിൽ ഏഴെണ്ണമാണ് തുറന്നിട്ടുള്ളത്. മഴ ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രകൾ ഒഴിവാക്കണം. സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ നൽകിയാൽ കേസെടുക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.
Story Highlights : Heavy rains will continue in the coming days; no risk of flooding yet, says Minister K Rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here