സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്; വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു

സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവഹിക്കും.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്കു മുന്നിലും ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളത്ത് സമരത്തിൽ പങ്കെടുക്കും.തിരുവനന്തപുരത്ത് ഡി.സി.സിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്നലെ സംഘടിപ്പിച്ചിരുന്നു.
അതേസമയം ഡോ. ഹാരിസ് ഹസന്റെ തുറന്നുപറച്ചിലിൽ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. ഇന്നലെ മെഡിക്കൽ കോളേജിൽ എത്തിയ വിദഗ്ധസമിതി അംഗങ്ങൾ ഡോക്ടർ ഹാരിസ് ഹസനിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉപകരണങ്ങളുടെ അഭാവം ഡോക്ടേഴ്സ് ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയ ഉപകരണങ്ങളുടെ പർച്ചേസിങ്ങിൽ അടക്കം വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക കണ്ടെത്തൽ.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഈയാഴ്ച തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അതേസമയം ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് ഡോക്ടർമാരെ പഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് KGMCTA യുടെ നേതൃത്വത്തിൽ പ്രതിഷേധിക്കും.
Story Highlights : Congress protests in front of government medical colleges today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here