പ്രതിസന്ധികളെ അസാധാരണ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച വി എസ്

പകർച്ചവ്യാധികളും പട്ടിണിയും നിറഞ്ഞ ലോകത്ത് ജനിച്ച വിഎസ് അച്യുതാന്ദൻ സംസ്ഥാന മുഖ്യമന്ത്രി പദവിയിലേക്കെത്തിയത് അസാധാരണ മനക്കരുത്ത് കൊണ്ടാണ്. ഏറ്റവും താഴെക്കിടയിലുള്ള ആളുകൾക്കിടയിൽ നിന്നായിരുന്നു ആ വളർച്ച. സിപിഐഎമ്മിന്റെ തലപ്പത്തേക്കുയർന്ന മറ്റു നേതാക്കൾക്കുണ്ടായിരുന്ന ഒരു ആനുകൂല്യങ്ങളും ഇല്ലാതെയാണ് വിഎസ് വളർന്നത്.
അമ്പലപ്പുഴ പുന്നപ്ര വെന്തലത്തറ എന്ന ഓലമേഞ്ഞ വീട്. അവിടെ ശങ്കരന്റെയും അക്കമ്മയുടേയും മകനായി അച്യുതാനന്ദൻ ജനിച്ചത് 1923 ഒക്ടോബർ 20 ന്. ജനിച്ച് പത്താം മാസമായിരുന്നു കേരളത്തെ മുക്കിയ 99ലെ വെളളപ്പൊക്കം. നിരവധി പേർ കുട്ടനാട്ടിൽ ചത്തുപൊങ്ങിയ ആ വെള്ളപ്പൊക്കത്തിൽ മാതാവിനേയും മക്കളേയും വള്ളത്തിൽ കയറ്റി ഒറ്റയ്ക്കു തുഴഞ്ഞാണ് ശങ്കരൻ മറുകര എത്തിച്ചത്. അച്യുതാന്ദന്‍റെ അതിജീവനങ്ങളുടെ തുടക്കം അവിടെയായിരുന്നു.
അടുത്ത പരീക്ഷണം വസൂരിയായിരുന്നു. അച്യുതാനന്ദന് അന്ന് നാലു വയസ്സാണ്. നാട്ടിൽ ആദ്യം വസൂരി ബാധിച്ചത് അക്കമ്മയ്ക്കാണ്. അതോടെ മക്കളെ പാടത്തിനക്കരെ ബന്ധുവീട്ടിലേക്കു മാറ്റി. ഗംഗാധരനും പുരുഷോത്തമനും അച്യുതാനന്ദനും പിന്നെ ആഴിക്കുട്ടി. ഇവരായിരുന്നു മക്കൾ. വസൂരി നാട്ടിലെ മറ്റുപലരേയും എന്നതുപോലെ അക്കമ്മയെയും കൊണ്ടുപോയി. കുട്ടികൾ നാലുപേരും പിന്നെ അപ്പച്ചിയുടെ മേൽനോട്ടത്തിലായി.
പിതാവ് ശങ്കരൻ മരിക്കുമ്പോൾ അച്യുതാനന്ദന് വയസ്സ് 11. അതോടെ ആ വിട്ടിലെ എല്ലാവരുടേയും പഠനവും നിന്നു. തയ്യൽക്കട നടത്തിയിലുന്ന ജ്യേഷ്ഠൻ ഗംഗാധരൻ അച്യുതാനന്ദനെ ഒപ്പം കൂട്ടി. ജ്യേഷ്ഠന്റെ പീടികയിൽ രണ്ടാൾക്കു ജീവിക്കാനുള്ളത് ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ കയർ ഫാക്ടറിയിലേക്ക്. ആസ്പിൻവാൾ എന്ന അയ്യായിരം തൊഴിലാളികൾ ഉണ്ടായിരുന്ന ആ കമ്പനിയിൽ നിന്നാണ് പി. കൃഷ്ണപിള്ള അച്യുതാനന്ദനിലെ നേതാവിനെ കണ്ടെത്തുന്നത്. 1939ൽ കണ്ണൂർ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ സമയമായിരുന്നു അത്. പുന്നപ്രയിൽ ആദ്യ അംഗത്വം അച്യുതാനന്ദന്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അത്രതന്നെ പ്രായമുള്ള പാർട്ടിപ്രവർത്തനം എന്നു പറയാം. യാതനകളുടെയും പോരാട്ടങ്ങളുടേയും ആ സൂര്യശോഭ കൂടിയാണ് ഇപ്പോൾ അസ്തമിക്കുന്നത്.
Story Highlights : VS overcame crises with extraordinary willpower
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here