Advertisement

വി എസ്: ഭൂമിയുടെ നിലനില്‍പ്പിനായി അവാസാനകാലംവരെ പോരാടിയ കര്‍മ്മയോഗി

12 hours ago
Google News 1 minute Read

തികഞ്ഞ പരസ്ഥിതി വാദിയായിരുന്നു മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദന്‍. കമ്യൂണിസ്റ്റ് മ്യൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും, വികസനത്തിന്റെ പേരില്‍ ആഗോള മുതലാളിത്തം രാജ്യത്തെ തൊഴിലാളി പാര്‍ട്ടിയെ കൈയ്യിലൊതുക്കുമ്പോഴും, പാര്‍ട്ടിയെ നേര്‍വഴിക്ക് നയിക്കാന്‍ നന്നേ പാടുപെട്ട നേതാവായിരുന്നു വി എസ് അച്ചുതാനന്ദന്‍.

ഭൂമിയും പ്രകൃതിയുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മനോഭാവമായിരുന്നു വി എസ് അച്ചുനാതനന്ദനെ ഏറ്റവും ജനീയനാക്കിയത്. തികഞ്ഞ പരിസ്ഥിതിവാദിയായ വി എസ്, പാര്‍ട്ടിയിലെ കോര്‍പ്പറേറ്റ് വ്യതിയാനത്തിനെതിരെ ശക്തവും കണിശവുമായ നിലപാട് സ്വീകരിച്ചു. അതിന്റെ പേരില്‍ വലിയ ശിക്ഷയും പാര്‍ട്ടിയില്‍ നിന്നും ഏറ്റുവാങ്ങി. നേതാക്കന്‍മാരില്‍ വലിയൊരു വിഭാഗവും വി എസിനെതിരെ തിരിഞ്ഞപ്പോഴും പാര്‍ട്ടി അണികള്‍ എന്നും വി എസിനെ നെഞ്ചിലേറ്റിയത് അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം സാധാരണക്കാരനുവേണ്ടായിയിരുന്നുവെന്ന തിരിച്ചറിവാണ്.

കേരളത്തിലെ ഭൂമിയെ പരിഗണിക്കാതെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട എല്ലാ പദ്ധതികള്‍ക്കും വി എസ് എതിരായിരുന്നു. സ്വന്തം പാര്‍ട്ടിക്കാരും രാഷ്ട്രീയ എതിരാളികളും ഒരുപോലെ വി എസിനെ ആരാധിക്കുമ്പോള്‍ തന്നെ ഭൂമാഫിയകളും ക്വാറി മാഫിയകളും വി എസ് എന്ന നേതാവിനെ എന്നും ഭയത്തോടെ മാത്രമാണ് കണ്ടിരുന്നത്.

കേരളത്തെ പാരിസ്ഥിതികനമായി തകര്‍ക്കുന്ന കെ റെയില്‍ പണിയാന്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിയപ്പോള്‍ അതിനെതിരെ അതിരൂക്ഷമായ ശക്തമായ ജനകീയ സമരം രൂപം കൊണ്ടതിന് പിന്നില്‍ വി എസ് ഉയര്‍ത്തിവിട്ട ഒരു സമര പാരമ്പര്യമായിരുന്നു. നെല്‍വയല്‍ നികത്തിയുള്ള ഒരു നിര്‍മ്മാണവും വികസനത്തിന്റെ പേരില്‍ നടത്തരുതെന്നായിരുന്നു വി എസിന്റെ എക്കാലത്തേയും നിലപാട്. എന്നാല്‍ വി എസിന്റെ അനുയായികള്‍ വയല്‍നികത്തി ദേശീയ പാതയുടെ നിര്‍മാണം ആഘോഷപൂര്‍വം നടത്തി. വി എസ് മൗനത്തിലായതിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചതെന്നത് മറ്റൊരു ചരിത്രം.

താന്‍ ഉയര്‍ത്തിയ പാരിസ്ഥിക പ്രശ്നങ്ങളും ഭൂമി കയ്യേറ്റ പ്രശ്നങ്ങളും ഒരു യോദ്ധാവിന്റെ കര്‍മ്മധീരതയോടെയാണ് മുന്നോട്ടു കൊണ്ടുപോയത്. പ്രായത്തിനും പ്രലോഭനങ്ങള്‍ക്കും കീഴടക്കാന്‍ പറ്റത്ത നിശ്ചയദാര്‍ഢ്യം അതായിരുന്നു വി എസ്.

ഭൂമി ക്രയവിക്രയത്തിനുള്ളതല്ലെന്നും ഉല്‍പ്പാദനോപാധിയാണെന്നും വി എസ് വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഭൂമികയ്യേറ്റത്തോടും ഭൂമാഫിയാ സംഘങ്ങളോടും എന്നും യുദ്ധം ചെയ്തു. മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ നടത്തിയ പോരാട്ടം വി എസിനു മാത്രം ചെയ്യാവുന്നതായിരുന്നു. കളമശ്ശേരിയിലെ എച്ച് എം ടി ഭൂമി ഇടപാടിനോട് ഒറ്റയാള്‍ പോരാട്ടം നടത്തി. സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിയുടെ സഹോദരന്റെ ഭൂമി കയ്യേറ്റത്തെ ശക്തിയുക്തം എതിര്‍ത്തു.

എറണാകുളം വളന്തക്കാട് ദ്വീപ് വന്‍കിട മാഫിയ കൈയ്യടക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പാരിസ്ഥിതിക പ്രശ്നം കണക്കിലെടുത്ത് തടയിട്ടു. വിവാദ വ്യവസായി 400 ഏക്കര്‍ സ്ഥലത്ത് പണിയാനന്‍ ലക്ഷ്യമിട്ട വന്‍കിട പദ്ധതിക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കാനുള്ള നീക്കത്തെ വി എസ് എതിര്‍ത്തത് പാര്‍ട്ടിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് നെല്‍പ്പാടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിയ മുഖ്യമന്ത്രിയായിരുന്നു വി എസ്.

വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ 98 സീറ്റുകള്‍ നേടി നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ കഴിഞ്ഞു. വി എസ് വിടവാങ്ങുമ്പോള്‍ 98 സീറ്റുകളുമായാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ തുടരുനന്നത്.

നിവര്‍ത്തന പ്രക്ഷോഭത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് വി എസ് അച്ചുതാന്ദന്‍ പൊതുരംഗത്തേക്ക് എത്തുന്നത്. വളരെ ചെറുപ്പത്തില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്ന വി എസ് കയര്‍തൊഴിലാളിയായും തയ്യല്‍ തൊഴിലാളിയായും പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുന്നത്. വി എസിനെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതാവട്ടെ കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യനായി അറിയപ്പെടുന്ന പി കൃഷ്ണപിള്ളയായിരുന്നു.

കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികള്‍ക്കിടയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയെ വളര്‍ത്താനായി വി എസിനെ അയച്ചത് പി കൃഷ്ണപിള്ളയായിരുന്നു. വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ എന്ന വി എസിനെ തികഞ്ഞ പ്രകൃതി സ്നേഹിയാക്കി വളര്‍ത്തിയെടുത്തത് കുട്ടനാട്ടിലെ പൊതു പ്രവര്‍ത്തനകാലമായിരുന്നു.

2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം ഇടപെട്ടിരുന്ന വി എസ് അച്യുതാനന്ദന് പൊതുപ്രവര്‍ത്തനമെന്നത് എന്നും സമരം കൂടിയായിരുന്നു. ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജ്ജിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും നിരന്തരപോരാട്ടത്തിലൂടെയായിരുന്നു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ നിരവധി ജനകീയ വിഷയങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

2006 ല്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ പതിനൊന്നാം കേരള നിയമസഭയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വര്‍ഷക്കാലത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദന്‍ 2006 മെയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് പ്രായം 83 ആയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വി.എസ് തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ പരിഷ്‌കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരേയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാന്‍ വി എസ് നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

1940 ല്‍ തന്റെ പതിനേഴാം വയസില്‍ പാര്‍ട്ടി അംഗമായ വി എസ് മരണം വരെ പാര്‍ട്ടി അംഗമായി തുടര്‍ന്നു. വി എസ് പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെന്നു തോന്നിപ്പിച്ച പല സനര്‍ഭങ്ങളുണ്ടായി. എന്നാല്‍ താന്‍കൂടി ചേര്‍ന്ന് കെട്ടിപ്പടുത്ത പാര്‍ട്ടിയെ ഒരിക്കലും വിട്ടുപോവാന്‍ ആ കര്‍മ്മയോഗി തയ്യാറല്ലായിരുന്നു. താന്‍ നടത്തിയ പോരാട്ടങ്ങളില്‍ പലതും ലക്ഷ്യം കണ്ടില്ലെങ്കിലും ജീവന്റെ അവസാന ശ്വാസംവരെ പാര്‍ട്ടിക്കാരനായി തുടരാന്‍ വി എസിന് കഴിഞ്ഞത്, പൊതു രംഗത്ത് അദ്ദേഹം നേടിയെടുത്ത വിശ്വാസ്യതയും ജനകീയതയുമായിരുന്നു. വി എസ് എന്ന ബ്രാന്റിന് കേരളത്തില്‍ അത്രയേറെ വിലയുണ്ടായിരുന്നു.

Story Highlights : VS Achuthanandan was a true environmentalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here