ആപ്പിൾ iPhone 17 സീരീസിനെ ട്രോളി സാംസങ്, എക്സിൽ #icant ട്രോളുകൾ

പുതിയ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ പതിവുപോലെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സാംസങ്. ആഗോളതലത്തിൽ സാങ്കേതികവിദ്യാ രംഗത്തെ അതികായന്മാരായ ഈ രണ്ട് കമ്പനികൾ തമ്മിലുള്ള മത്സരം വളരെക്കാലമായി തുടരുന്നതാണ്. ഐഫോൺ 17 സീരീസിന്‍റെ വരവോടെ ഈ ‘പോരാട്ടം’ വീണ്ടും പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
ആപ്പിളിന്‍റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എയറിനെ ലക്ഷ്യമിട്ടാണ് സാംസങ് പ്രധാനമായും ട്രോളുകൾ ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐഫോൺ എന്ന വിശേഷണവുമായി വന്ന ഐഫോൺ എയറിനെ, “ഇതിനൊക്കെ ഇപ്പോഴും പ്രസക്തിയുണ്ടോ” എന്ന ചോദ്യത്തോടെയാണ് സാംസങ് പരിഹസിച്ചത്. സാംസങിന്‍റെ ഫോൾഡബിൾ ഫോണുകളുമായി ബന്ധിപ്പിച്ചായിരുന്നു അടുത്ത ട്രോൾ. ആപ്പിളിന് ഇതുവരെ ഫോൾഡബിൾ മോഡലുകൾ ഇല്ലാത്തത് ചൂണ്ടിക്കാണിച്ച് “ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്കുക” എന്ന പഴയ ട്വീറ്റ് സാംസങ് വീണ്ടും പങ്കുവെച്ചു.
ഇതിനുപുറമെ ഐഫോൺ 17 സീരീസിലെ 48MP ട്രിപ്പിൾ ക്യാമറയെയും സാംസങ് കളിയാക്കി. “മൂന്ന് 48MP ഇപ്പോഴും 200MP-ക്ക് തുല്യമല്ല” എന്ന് കുറിച്ചുകൊണ്ട് തങ്ങളുടെ 200MP ക്യാമറയുടെ മേന്മ അവർ പരോക്ഷമായി ഉയർത്തിക്കാട്ടി. #iCant എന്ന ഹാഷ്‌ടാഗും സാംസങ് ഈ പോസ്റ്റുകൾക്കായി ഉപയോഗിച്ചിരുന്നു. ഈ പോസ്റ്റുകൾക്ക് താഴെ ആപ്പിൾ ആരാധകരും സാംസങ് ആരാധകരും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുകയും കമൻ്റ് സെക്ഷൻ ഒരു യുദ്ധക്കളം പോലെ മാറുകയും ചെയ്തു.
Read Also: അടിമുടി മാറ്റം …കരുത്തറിയിച്ച് ആപ്പിൾ 17 സീരീസ് മോഡലുകൾ
ആപ്പിൾ പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വൻ അപ്‌ഗ്രേഡുകളോടെ iPhone 17 സീരീസ് പുറത്തിറങ്ങി. കാലിഫോർണിയയിലെ കുപ്പർട്ടിനോയിലുള്ള ആപ്പിൾ പാർക്കിൽ നടന്ന ചടങ്ങിൽ, ആപ്പിൾ സിഇഒ ടിം കുക്ക് ആണ് iPhone 17, iPhone Air, iPhone 17 Pro, iPhone 17 Pro Max എന്നിവ അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണായ iPhone Air, 5.6 മില്ലീമീറ്റർ മാത്രം കട്ടിയോടെയാണ് വരുന്നത്. ലിക്വിഡ് ഗ്ലാസ് ഇന്റർഫേസ്, A19, A19 പ്രോ ചിപ്പുകൾ, മികച്ച ക്യാമറയും ബാറ്ററിയും എന്നിവയാണ് iPhone 17 സീരീസിലെ പ്രധാന സവിശേഷതകൾ. എല്ലാ മോഡലുകളും 256 GB സ്റ്റോറേജിലാണ് ലഭ്യമാവുക.
Story Highlights : Samsung trolls Apple iPhone 17 series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here