Advertisement

ബീഫിന്റെ മറവിൽ ഒളിച്ചു കടത്തിയ ചതികൾ

June 2, 2017
Google News 3 minutes Read
അരവിന്ദ് വി 
പോത്ത് ചർച്ചയ്ക്കിടെ നമ്മൾ ശ്രദ്ധിക്കാതെ പോയ സത്യങ്ങൾ
ബീഫ് എന്നത് തിന്നാൻ മാത്രമല്ല ; ജനശ്രദ്ധ ആ വഴിയേ ഒഴുക്കി വിടാനും കഴിയുന്ന ഒരു മാരക സംഗതിയാണെന്ന് നമ്മൾ ബഹുജനങ്ങൾ തിരിച്ചറിഞ്ഞില്ല എങ്കിലും അത് അറിയേണ്ടവർ അറിയുകയും പ്രയോഗിക്കുകയും ചെയ്യുന്നുണ്ടാവണം. അത് കൊണ്ടാണല്ലോ നമ്മൾ ഇന്ത്യൻ രാഷ്ട്രീയ – സാമൂഹ്യ-സാമ്പത്തിക രംഗങ്ങളെ ഇളക്കി മറിച്ച തീരുമാനങ്ങളെയും, ചില പ്രവണതകളെയും , ചില തിരിമറികളെയും ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞത്. അഥവാ മസാല പുരട്ടിയ ബീഫ് നല്ല ചൂടോടെ നമുക്ക് മുന്നിലേക്ക് ഒരു വിവാദ ഫ്രൈ ആക്കി വിളമ്പി തന്നിട്ട് നമുക്ക് പിന്നിലൂടെ ആ വിഷയങ്ങളെ ഒളിച്ചു കടത്തിയത്. നിങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ സ്വാധീനങ്ങളെ ഒരു അൽപ്പനേരത്തേക്ക് മാറ്റി വച്ചാൽ ആ വിഷയങ്ങളെ നമുക്ക് ഒരുമിച്ചു വായിക്കാം.
ഉമാഭാരതിക്ക് മതേതരത്വം തച്ചുടച്ചതിന്റെ കുറ്റപത്രം

uma-bharti

ഒരു കേന്ദ്രമന്ത്രിക്ക് ഭാരതത്തിൽ നടപ്പിലുള്ള ക്രിമിനൽ നിയമപ്രകാരം കുറ്റപത്രം ലഭിക്കുന്ന സംഭവങ്ങളുടെ ചരിത്രം നമ്മൾ വിസ്മരിച്ചതും വെളുത്തുള്ളി വഴറ്റി ഇഞ്ചിയും നാരങ്ങാനീരും ചേർത്ത നല്ല ബീഫ് റോസ്റ്റിന്റെ രുചി ഊറുന്ന ഓർമകളിൽ മുഴുകിയിരുന്നത് കൊണ്ടുതന്നെ. കുറ്റാരോപണം വന്നപ്പോൾ തന്നെ രാജിവയ്ക്കുകയോ മുറവിളി കൂട്ടി രാജി വയ്പ്പിക്കുകയോ ചെയ്തും ചെയ്യിപ്പിച്ചും ശീലിച്ച ജനാധിപത്യത്തിന്റെ കാവൽക്കാരായ മാധ്യമങ്ങളും പ്രതിപക്ഷവും ഉമാഭാരതിക്ക് നൽകിയ ഇളവ് അല്ലങ്കിൽ പിന്നെ എന്തിനായിരുന്നു ?

ബാബറി മസ്ജിദ് തകർത്ത് അതെ സ്ഥലത്ത് ഒരു ഹൈന്ദവ ക്ഷേത്രം സ്ഥാപിച്ച്‌ രാമനെ പ്രതിഷ്ഠിക്കാൻ ലക്ഷ്യമിട്ട കർസേവയ്ക്ക് കാരണമായത് ഇപ്പോൾ കേന്ദ്രമന്ത്രി ആയിരിക്കുന്ന ഉമാഭാരതി അടക്കം ഹിന്ദു തീവ്രവാദ പക്ഷക്കാരുടെ പ്രസംഗം ആയിരുന്നു എന്ന ക്രിമിനൽ കേസ് ആണ് മൂന്നാം മധുവിധു നാളുകളിൽ വാർത്തകളിൽ ചെറിയെ ചെറിയെ കോളങ്ങളിൽ ഇടം നേടിയത്. ആ ചെറിയെ കോളം വാർത്തകളെ പോലും ഒരു പൊടിപോലും അവശേഷിപ്പിക്കാതെ ക്ളീൻ ആക്കിയാണ് രുചിയേറെയുള്ള ബീഫ് ബാൻ അവതരിപ്പിച്ചത്. തീയതികൾ ശ്രദ്ധിക്കുക . ബാബരി മസ്ജിദ് കേസ്: അദ്വാനിയും ഉമാഭാരതിയും നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ് വന്നത് മെയ് 25. പിറ്റേന്ന് മെയ് 26, അന്നാണ് മോദി സർക്കാർ മൂന്ന് വർഷം തികച്ചതും സർക്കാർ പ്രവർത്തനങ്ങളെയും ഉമാഭാരതി കേന്ദ്രമന്ത്രിയായി തുടരുന്നതിനെയും വിമർശന ബുദ്ധിയോടെ മാധ്യമങ്ങൾ സമീപിക്കാൻ ഇരുന്നതും. ഒന്നും നടന്നില്ല. ആസാമിലെ വലിയ നീളം കൂടിയ പാലത്തിൽ നിന്ന നിൽപ്പിൽ ബീഫ് വിളമ്പാൻ മോദി കല്പ്പന കൊടുത്തു. പിന്നീട് മെയ് 30 നു ഉമാഭാരതിയും അദ്വാനിയുമടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. മാത്രമല്ല, ആളൊന്നുക്ക് 50000 രൂപാ കെട്ടിവച്ചു ജാമ്യം നേടിയാണ് കേന്ദ്രമന്ത്രി അടക്കമുള്ള ക്രിമിനൽ കേസ് പ്രതികൾ പുറത്തിറങ്ങിയത്. അതായത് 50000 രൂപാ ജാമ്യത്തിൽ ജയിലാകാതെ രക്ഷപ്പെട്ട ആൾ നമ്മളെ ഭരിക്കുന്നത് മറക്കാൻ നമുക്ക് ആകെ വേണ്ടിയിരുന്നത് ഗുമുഗുമാ മണക്കുന്ന ബീഫ്.

തൊഴിലില്ലായ്മയുടെ മൂന്നാം വർഷ കണക്കുകൾ

മോദി സർക്കാരിന്റെ മൂന്നാം വർഷം നാലാള് ഇഴകീറുന്ന ദിവസമാണ് ബീഫ് ബാൻ വാർത്തകളുടെ തലക്കെട്ട് അപഹരിച്ചത് . അതിനു തൊട്ടു മുൻപ് വരെ ചാനലുകളുടെയും മാധ്യമങ്ങളുടെയും പരിശോധന മൂന്ന് വര്ഷം കൊണ്ട് ഇന്ത്യയിൽ സംഭവിച്ച തൊഴിൽ ഇല്ലായ്മയുടെ രൂക്ഷമായ കണക്കുകളെ കുറിച്ചായിരുന്നു. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ കണക്കുകളുടെ പിൻബലത്തിൽ വിവരിച്ചു കൊണ്ടിരുന്ന മാധ്യമങ്ങൾ ഒരു പൂഴിക്കടകനിൽ പെട്ട് നില തെറ്റിയ പോലെ കശാപ്പ് നിരോധനം എന്ന് വെണ്ടയ്ക്കാ നിരത്തി.

2009 ൽ മൻമോഹൻ സിംഗിന്റെ സർക്കാർ 10 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ, നരേന്ദ്ര മോദി സർക്കാർ 2015 ൽ 1.55 ലക്ഷം തൊഴിൽ അവസരങ്ങളും, 2016 ൽ 2.31 ലക്ഷം തൊഴിൽ അവസരങ്ങളും മാത്രമാണ് സൃഷ്ടിച്ചത്. മുൻപ് ഭരിച്ച യു പി എ സർക്കാർ ആദ്യ മൂന്ന് വർഷം കൊണ്ട് 24.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. എന്നാൽ മോദി സർക്കാർ സമാന കാലയളവില്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ 39 ശതമാനം കുറവ് തൊഴിൽ ആണ് നൽകിയത്. കണക്കിലെ 39 ശതമാനം കുറവ് ഒരു കുറവ് തന്നെയാണെങ്കിലും ബി ജെ പി യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പരിശോധിച്ചാൽ അതിന്റെ ആഘാതം വലുതാണ്. 2013ല്‍ ആഗ്രയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി വെല്ലുവിളി പോലെ പറഞ്ഞത് യുപിഎ സര്‍ക്കാറിന് തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെന്നും എന്‍.ഡി.എ അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നുമാണ്. അധികാരത്തിലെത്തി 3വര്‍ഷം തികയ്ക്കുമ്പോള്‍ അദ്ദേഹത്തിന് നല്‍കാനായത് വെറും 15ലക്ഷം തൊഴിലവസരങ്ങളാണ്. ബീഫ് തേച്ചു മാച്ച തലക്കെട്ടുകളിൽ പ്രധാന ഇനവും ഇത് തന്നെ.

പൊളിഞ്ഞു വീണ വീമ്പ് അഥവാ ജി ഡി പിയുടെ പടവലങ്ങാ വളർച്ച

Indian GDP

”ഇതൊരു വളർച്ചയേ അല്ല, വളർച്ച വരാനിരിക്കുന്നതേയുള്ളൂ…” വീമ്പ് പറഞ്ഞത് അത്യാവശ്യം അക്കാദമിക വിവരമൊക്കെയുള്ള അരുൺ ജെയ്റ്റ്ലി. അന്നത് പറയുമ്പോൾ വളർച്ച പ്രകടമാക്കി ഗ്രാഫ് സൂചികകൾ മുകളിലേക്ക് കുന്തമുന നീട്ടി നിൽക്കുകയായിരുന്നു. മൂന്നാം പാദത്തിൽ ആഭ്യന്തര വളർച്ചാ നിരക്ക് 7 ശതമാനം ആയിരുന്നു. എന്നാൽ നാലാം പാദം ആയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മെയ് 30 … മൂന്നാം വാർഷികത്തിന്റെ മധുവിധു അസ്തമിക്കുന്ന നാളുകളിലായിരുന്നു ഈ പടവലങ്ങാ റിപ്പോർട്ട് പുറത്തു വന്നത്. 6.1 ശതമാനമാണ്​ നാലാം കോട്ടറിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്ന അവകാശ വാദവും ആ വിശ്വാസം അവശേഷിച്ചവരുടെ പ്രതീക്ഷകളും ഒരു പോലെ തകർന്നു. നോട്ട് നിരോധനം വളർച്ചാ നിരക്ക് കുറയ്ക്കും എന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് സത്യമായി. ഒരു കോട്ടറിൽ ഒരു ശതമാനത്തിന്റെ തകർച്ച ചെറുതല്ല എന്നത് കണക്കും എകണോമിക്‌സും അറിയാവുന്നവർക്കറിയാമെങ്കിലും വെളിച്ചെണ്ണയിൽ മാവിൽ മുക്കിപ്പൊരിച്ച ശേഷം നന്നായി തിളപ്പിച്ച ഗ്രെവിയിൽ അധികം മസാലയുടെ കുത്തലില്ലാതെ വാങ്ങി വയ്ക്കുന്ന ബീഫ് വിന്താലു ആയാലോ എന്നാലോചിച്ചിരിക്കുന്ന നമ്മൾക്കെവിടെ ഇതിനൊക്കെ നേരം ?

ലോകത്തെ തന്നെ മറച്ചു വച്ച സിക്ക ചതി

zika virus

ആരോഗ്യവിവരങ്ങൾ പരസ്പരം കൈമാറുന്നതിനും അത് പരസ്യമാക്കുന്നതിനും ഒരു അന്താരാഷ്ട്ര മര്യാദ ഉണ്ട്. നിയന്ത്രണ വിധേയമാകാത്തതും മാരകവുമായ വൈറസിന്റെ വ്യാപനം തടയാൻ ഭാരതം അടക്കമുള്ള രാജ്യങ്ങൾ ലോകാരോഗ്യസംഘടനയോട് ബാധ്യസ്ഥരാണ്. അത്തരം ഉടമ്പടികളിൽ ഒപ്പിട്ടു കൊടുത്തിട്ടുമുണ്ട്. ഇടയ്ക്കിടെയുള്ള ലോക പര്യടനങ്ങൾക്കിടെ ഒപ്പിട്ടു തള്ളുന്നത് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാൻ മാത്രമല്ല എന്നതും അത് ഉടമ്പടികൾ ആണെന്നതും തിരിച്ചറിയാതെയല്ല ചില കുറ്റകരമായ രഹസ്യങ്ങൾ ഭരിക്കുന്നവർ സൂക്ഷിക്കുന്നത്. ഗുജറാത്തിൽ മൂന്ന് പേരിൽ സിക്ക വൈറസ് ബാധയുണ്ടെന്ന് ഉറപ്പിച്ചത് പക്ഷെ മാധ്യമങ്ങളിൽ നിന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ നിന്നും മാത്രമല്ല സംസ്ഥാന -കേന്ദ്ര സർക്കാരുകൾ ഒളിപ്പിച്ചത്. വൈറസ് ബാധയേൽക്കാതെ സ്വയം സൂക്ഷിക്കാനുള്ള ഒരു ജനതയുടെ അവകാശങ്ങളെ കൂടി തച്ചുടച്ചാണ്‌ അത് ഭാരതീയരിൽ നിന്ന് പോലും ഒളിപ്പിച്ചത്. ഒടുവിൽ വാർത്ത എങ്ങനെയോ പുറത്തായി. പക്ഷെ ഒരു പനിയുടെ അത്ര പോലും ഗൗരവത്തിൽ ലോകത്തെ വിറപ്പിച്ച മാരക വൈറസ് ബാധയെ നേരിടാതെ നമ്മൾ ബീഫിൽ ചേർക്കാനുള്ള മസാലയിൽ കൂർഗിൽ നിന്നുള്ള കറുകപ്പട്ടയുടെ ആവശ്യകതയെ കുറിച്ചുള്ള അന്വേഷണത്തിനായി മെർക്കാറ നടരാജന്റെ ഫോൺ നമ്പർ തപ്പുകയായിരുന്നു.

ഇനി എന്തിനായിരുന്നു ലോകത്തിന്റെ ശ്രദ്ധയിൽ നിന്നും ഈ വിഷയത്തെ ഗുജറാത്ത് മറച്ചതെന്ന്‌ തിരയാം.  ‘വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്’ നടക്കാനിരിക്കുന്ന കഴിഞ്ഞ ജനുവരിയിലാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് ആയിരത്തിലധികം പേരിൽ Zika- സിക്ക- വൈറസ് കണ്ടെത്താനുള്ള പരിശോധന നടത്തിയത്. എന്നാൽ രോഗികളോട്‌ വിവരം മറച്ചു വച്ചു . ചോദ്യം പല തവണ ഉയർത്തിയവരോട് മലേറിയയ്ക്കുള്ള പരിശോധന ആണെന്ന് കള്ളം പറഞ്ഞു. ഒടുവിൽ മൂന്ന് പേരിൽ വൈറസ് ബാധ ഉറപ്പിച്ചു. ആ വിവരവും ഒളിപ്പിച്ചു. ‘വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്’ ൽ വിദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കാതെ അകന്നു നിൽക്കും എന്ന ഭയം കൊണ്ടായിരുന്നു അതെന്ന് ഭരണാധികാരികൾ സമ്മതിച്ചു. ആ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നു. ദേശീയ പത്രങ്ങൾ എഡിറ്റോറിയൽ വരെ എഴുതി. പക്ഷെ പ്രതിഷേധങ്ങളില്ല. മുൻപ് ചൈന അവരുടെ സാമ്പത്തിക മുന്നേറ്റം ആരംഭിച്ച 2003 ൽ ഇതുപോലൊരു കള്ളം കാണിച്ചു. സാർസ്-SARS – എന്ന മാരക രോഗം രാജ്യത്ത് പടർന്ന് പിടിക്കുന്നത് പുറത്തറിഞ്ഞാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന് പുറംതള്ളപ്പെടുമെന്ന ഭയമായിരുന്നു വിവരം രഹസ്യമാക്കി വയ്ക്കാൻ കാരണമായത്. അന്ന് ചൈന ചെയ്തതിനൊപ്പമോ അതിനേക്കാളേറെയോ  മര്യാദകേടാണ് ഗുജറാത്ത് സ്വന്തം ജനതയോടും രാജ്യത്തോടും ലോകത്തോടും ചെയ്തത്.

നോട്ട് നിരോധനം – ഉള്ളി പൊളിച്ചകത്തെത്തുന്ന പോലൊരു പ്രതിഭാസം

ഇപ്പൊ പറയാം നാളെ പറയാം എന്നൊക്കെ സാക്ഷാൽ പ്രധാനമന്ത്രിയും അഭിവന്ദ്യ അരുൺ ജൈറ്റ്ലിയും എക്കും പൂക്കും തിരിയാത്ത ആർ ബി ഐ മുതലാളിയും പറയാൻ തുടങ്ങിയിട്ട് ഏഴു മാസം തികഞ്ഞു. എന്താ… ? നിരോധിച്ച നോട്ട് = തിരിച്ചു വന്ന നോട്ട് + തിരിച്ചു വരാത്ത നോട്ട്. തിരിച്ചു വരാത്ത നോട്ട് = പൂഴ്ത്തി വച്ച നോട്ട് + മറന്നു പോയ നോട്ട്. തിരിച്ചു വന്ന നോട്ട് = നിരോധിച്ച നോട്ട് + കള്ളനോട്ട് . അപ്പൊ എത്ര നോട്ട് തിരിച്ചു വന്നു ? എത്ര വന്നില്ല ? വന്നതിൽ കള്ളനെത്ര ? കണക്കെട് കണക്കെട് കണക്കെട് … ഒരു കിലോ ബീഫിന് വില 280 മുതൽ 320 വരെ. 2000 രൂപയുടെ നോട്ട് കൊടുത്താൽ ബാക്കി കിട്ടുമോ ആവോ എന്ന വേവലാതിയുമായി നടക്കുന്ന നമുക്കെന്തിനാ അല്ലെ ഈ ആവശ്യമില്ലാത്ത കണക്കുകൾ. അപ്പൊ നോട്ട് നിരോധനനത്തിന്റെ ബാക്കി കൂട്ടലും കിഴിക്കലുമൊക്കെ ബീഫ് വാർത്ത കൊണ്ട് പോയി.

കാശ്മീരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല; സ്വൈര്യം കെട്ട് സ്വർഗ്ഗതാഴ്വര

jammu and kashmir

നോട്ട് നിരോധിച്ചപ്പോ അന്തം വിട്ട് നിന്ന ജനതയോട് ഭായിയോ … ബഹാനോന്ന് വിളിച്ചിട്ട് പ്രധാനമന്ത്രി പറഞ്ഞത് ഇതോടെ കശ്മീരിലെ തീവ്രവാദികളുടെ കഥ കഴിഞ്ഞു എന്നായിരുന്നു. കള്ളനോട്ടും കണക്കിലില്ലാത്ത പണവും ഉപയോഗമില്ലാതാകുന്നതോടെ തീവ്രവാദികൾ പട്ടിണികിടന്ന് ചത്തോളും എന്ന് നമ്മളും സ്വപ്നം കണ്ടുറങ്ങി. ഇത് തന്നെ ആലോചിച്ചു കിടന്നിട്ട് സ്വപ്നത്തിൽ വെടി പൊട്ടിയെന്നാ ആദ്യം കരുതിയത്. പിന്നെ സംഗതി സത്യമാണെന്ന് മനസിലായി. അന്ന് തുടങ്ങിയതാ , ഇന്നും കാശ്മീരിൽ വെടി ശബ്ദം നിലച്ചിട്ടില്ല. മൂന്നാം വർഷം ആഘോഷിക്കുമ്പോൾ ബി ജെ പി ഈ വെടിയൊച്ചകൾ പരിചയിച്ചവരെപോലെ അതങ്ങു വിട്ടുകളഞ്ഞു. കശ്മീർ ജനത ബീഫ് ഉപയോഗിക്കാറില്ല. പണ്ടൊരു ഹിന്ദു രാജാവ് കശാപ്പ് നിരോധിച്ചതിൽ പിന്നെ ഇത് വരെ വേറാരും തിരിച്ചു കൊണ്ട് വന്നില്ല. അവർക്കും വേണ്ട. അത് കൊണ്ട് തന്നെ ഈ വെടിയൊച്ചകൾ അവിടത്തെ സാധാരണക്കാരുടെ നെഞ്ചിൽ ആണ് തറയ്ക്കുന്നത്. പക്ഷെ ഭരിക്കുന്നവർ നമുക്ക് തന്ന അതിർത്തിയിലെ ശാന്തത ഇനിയും കൈവന്നില്ല എന്ന സത്യം ഓർമയിൽ നിന്നും വിട്ടു കളയാൻ നമുക്ക് ബീഫ് ഉണ്ടല്ലോ.

ഉത്തർപ്രദേശിലെ കൂട്ട ബലാത്സംഗവും അരാജകത്വവും

family raped

മോദിയുടെ സർക്കാരിന്റെ മൂന്നാം വാർഷികവും ബീഫ് കശാപ്പ് നിയന്ത്രണവും വന്ന മെയ് 26 നും രണ്ടേ രണ്ടു ദിവസം മുൻപ് കൃത്യമായി പറഞ്ഞാൽ മെയ് 24 ബുധനാഴ്ച രാത്രിയിലാണ് ഉത്തർ പ്രദേശിലെ നോയിഡയിൽ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയില്‍ നടു റോഡിൽ നാല് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടത്. ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ചു മടങ്ങിയ കുടുംബത്തിലെ പുരുഷനെ വെടിവച്ചു കൊന്നതിന് ശേഷമാണ് സ്ത്രീകളുടെ മാനം കവർന്നത്. രണ്ടു ദിവസത്തിന്റെ ശേഷം 26 , യു.പി നഗര വികസന കാര്യ മന്ത്രി സുരേഷ് ഖന്നയോട് കുറ്റവാളികളെ പിടികൂടുന്നതിനെ കുറിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം എത്തിയപ്പോൾ, ‘ഉത്തര്‍പ്രദേശ് ഒരു വലിയ സംസ്ഥാനമാണ്. പൂര്‍ണമായും കുറ്റകൃത്യവിമുക്തമാക്കാമെന്ന് ഞങ്ങള്‍ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’ എന്നായിരുന്നു സുരേഷ് ഖന്നയുടെ മറുപടി. മന്ത്രിയുടെ പ്രതികരണം ദേശീയ തലത്തില്‍ തന്നെ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

സാത്വികൻ ആയ യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നും മെയ് മാസത്തിൽ പുറത്തു വന്ന വാർത്തകളൊന്നും സാത്വികമോ അഹിംസാപരമോ അല്ല. ബീഫിനെ ഏറ്റവും ആളിക്കത്തിക്കാൻ മനഃപൂർവ്വം ശ്രമം നടക്കുന്ന സംസ്ഥാനവും യു പി തന്നെ. ബീഫിന്റെ പേരിൽ വർഗീയ ധ്രുവീകരണത്തിന് പോലും ശ്രമം നടന്നു. ദളിതരെ ആക്രമിച്ചു. പോലീസ് സ്റ്റേഷൻ ആക്രമണം നടന്നു. പക്ഷെ വാർത്തകൾക്ക്‌ ദേശീയ ശ്രദ്ധ ലഭിച്ചില്ല. കാരണം ബീഫ് മാത്രമായിരുന്നു നമ്മൾ എല്ലാവരും; വെറും ബീഫ് !

യോഗിയും മനോഹർ പരീക്കറും എം പി സ്ഥാനം ഒഴിയാത്തതെന്താ?

യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും , മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയും ആണ്. അല്ലാതെ ഇവർ എം പി ആണെന്നത് പോലും ആരുടേയും ബോധത്തിലില്ല. ഉള്ളത് ബീഫ് ഉലർത്തിയതും , പീക്കോക് അഥവാ മയിലിന്റെ പ്രജനന ശാസ്ത്രവും മാത്രം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌താൽ ഉടനെ തന്നെ എം പി സ്ഥാനം രാജി വയ്ക്കുക എന്നത് ഒരു രാഷ്ട്രീയ മാന്യതയും കീഴ്വഴക്കവും ആണ്. എന്നാൽ നാളിതു വരെ ഇരുവരും അനങ്ങിയിട്ടില്ല. ആരും ശ്രദ്ധിക്കില്ല എന്ന ഉറപ്പുണ്ട് ബന്ധപ്പെട്ടവർക്ക്. രാജി വയ്ക്കാൻ പാവങ്ങൾക്ക്‌ തിരക്ക് കാരണം കഴിഞ്ഞില്ല. ചിലപ്പോൾ മറന്നതും ആവാം.

എന്നാൽ ഇതത്ര നിഷ്കളങ്കമായ മറവി അല്ലെന്ന് കാര്യങ്ങളുടെ പരിശോധനയിൽ വ്യക്തമാകും. വരാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും ഒരു ബീഫ് ഫ്രൈയെക്കാൾ രുചികരവും ഗുണപ്രദവും ആണെന്ന് നമുക്കറിയില്ല എന്നേയുള്ളൂ, കണക്കറിയുന്നവർക്കറിയാം. അത് കൂടി കഴിഞ്ഞിട്ട് രാജി വച്ചാൽ മതിയെന്ന ബുദ്ധികേന്ദ്രത്തെ പൊളിച്ചടുക്കാൻ തക്ക പ്രതിഷേധ ശബ്ദങ്ങൾ ഉയരാത്തതിന്റെ കാരണം തിരയാനല്ല , പീക്കോക്കിന്റെ പ്രജനനം സത്യത്തിൽ എങ്ങനെ എന്നറിയാൻ ഗൂഗിളിൽ തിരയാനാ നമ്മൾ പോയത്. പീ എന്നടിച്ചു ; അപ്പോഴേ വന്നു ആയിരം മയിലുകളുടെ ചിത്രങ്ങൾ.

വാർത്തകൾ പൊതുജനത്തെ എങ്ങനെയൊക്കെ വഴി തിരിക്കുന്നു എന്നതിന്റെ ആദ്യ ഉദാഹരണമല്ല ബീഫ് വിവാദം. അവസാനത്തെ അബദ്ധവുമല്ല മയിലിന്റെ കണ്ണീർ ലൈംഗിക വേഴ്ചകഥ. ഇതൊക്കെ വേണ്ട രീതിയിൽ ആലോചിച്ച് ഉറപ്പിച്ച് തിരക്കഥ തയ്യാറാക്കി അവതരിപ്പിച്ച ഗംഭീര നാടകങ്ങൾ തന്നെയാണെന്ന് വസ്തുതകളുടെ വിലയിരുത്തലിൽ ബോധ്യമാകാവുന്നതേയുള്ളൂ.

 

The Beef, peacock were mere diversions from damaging news for Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here