Advertisement

ഹൃദയത്തില്‍ നന്മയുടെ ഉറവ വറ്റാത്തവര്‍

July 26, 2017
Google News 1 minute Read
shinu shyamalan

ഒരു ഡോക്ടറിന് പറയാൻ ഒരുപാട് കഥകളുണ്ടാകും. കണ്ണ് നിറയ്ക്കുന്ന, മനസ്സ് നിറയ്ക്കുന്ന ഒരുപാട് അനുഭവകഥകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ഒരു പെൺകുട്ടിയുടെ നൊമ്പരവും ഒപ്പം ദൈവദൂതനെപ്പോലെ അവളെ ജീവിതത്തിലേക്ക് കൈപ്പിടിച്ച ഒരു മനുഷ്യനെയും കുറിച്ചാണ്. സ്ത്രീകളെ അപമാനിക്കുന്ന പുരുഷൻമാരുടെ കഥകൾ മാത്രം പറയുകയും ആഘോഷിക്കുകയും ചെയ്യുന്നവർക്കിടയിൽ അച്ഛന്റെ സഹോദരനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ആ മനുഷ്യനെ കുറിച്ച് ലോകത്തിന് മുന്നിൽ ഒരു സന്ദേശമായി അവതരിപ്പിച്ചതും ഒരു ഡോക്ടറാണ്. ഡോക്ടർ ഷിനു ശ്യാമളൻ.

തന്റെ പഠനകാലത്ത് ആശുപത്രിയിൽ വച്ച് കണ്ടുമുട്ടിയ പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ഗർഭിണിയായ പെൺകുട്ടിയെ കുറിച്ചും അവളുടെ ഭർത്താവിനെ കുറിച്ചുമായിരുന്നു ഷിനുവിന്റെ പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ

**ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്**

2015 ഡിസംബർ 12

പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവർഷം മുൻപ് അവസാനവർഷം ഹൗസ് സർജൻസി ചെയ്യുന്ന കാലം.

രാവിലെ 8 മണിക്ക് റൗണ്ട്സ് എടുക്കുമ്പോൾ ലേബർ റൂമിൽ ഓരോരോ ഗർഭിണികൾ കിടക്കുന്നുണ്ട്.

ചിലർക്ക് മാസം തികഞ്ഞു,മറ്റുചിലർ ബ്ലീഡിംഗ് ഒക്കെയായി എത്തിയവർ.

പെട്ടെന്ന് ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും.

sir കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു.9 മാസം ആയിരിക്കുന്നു.ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി.സർ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാൻ പറഞ്ഞു.

പേര്: രാധ (എന്ന് വിളിക്കാം).18 വയസ്സ്.

പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗർഭമാണ്.ഒരു നിമിഷം ഞാൻ ഒന്ന് പതറി.അപ്പോ ആദ്യത്തെ ഡെലിവറി??

രണ്ട് വർഷം മുൻപായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി.16 വയസ്സിൽ!!വല്ലാത്ത ഒരു മരവിപ്പ് തോന്നി.മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ വയറു വീർത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല.തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്.

ആ അമ്മ തകർന്നു പോയി.

അവൾ 6 മാസം ഗർഭിണിയാണ്.ചോദിച്ചപ്പോൾ അവൾപൊട്ടി കരഞ്ഞു.സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി.ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.

പക്ഷേ അവൾക്കുവേണ്ടി ഭൂമിയിൽ ഒരു ദൈവമുണ്ടായിരുന്നു.കല്ലിൽ കൊത്തിയ ശിൽപമല്ല.ജീവനുള്ള ഒരു ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു.സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ.ഒരു ലോറി ഡ്രൈവറായിരുന്നു.അവളുടെ കഥ അറിഞ്ഞ് അവൻ സ്വമേധയാ അവളെ കെട്ടി.ആരോ ചെയ്ത തെറ്റ് പക്ഷേ അവൻ അവളെ നിറഞ്ഞ വയറുമായി തന്നെ താളികെട്ടി.

2 വർഷം കഴിഞ്ഞ് അവൾ ഇപ്പോൾ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു.ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്നേഹിക്കുന്നു. റൗണ്ട്സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീർന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി.എന്റെ കണ്ണുകൾ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

“”രാധ യുടെ കൂടെ വന്നവർ വരൂ” എന്ന് സിസ്റ്റർ വിളിച്ചതും ദ്ദേ നിൽക്കുന്നു സുരേഷ്.അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു കത്തുന്നൂ.

ഇന്നവർ എവിടെയാണെന്ന് അറിയില്ല.എങ്കിലും ദൈവം അവർക്ക് നല്ലത് മാത്രം വരുതട്ടെ.

ഒരു പുരുഷൻ അവളുടെ മാനം നശിപ്പിച്ചപ്പോൾ മറ്റൊരു പുരുഷൻ അവൾക്ക് ദൈവമായി.
ഇതല്ലേ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ??

Dr Shinu Syamalan

(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്.പക്ഷേ പീഡനത്തിനിരയായി എത്രയോ പെൺകുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി.അവരെ ഒരു നിമിഷം ഓർക്കാം)

******

താൻ ആദ്യമായാണ് ഒരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് പറയുന്നു ഷിനു. എന്നാൽ നർത്തകികൂടിയായ ഷിനുവിന് കൂട്ട് കവിതകളാണ്. ചെറുപ്പം മുതൽ ധാരാളം കവിതകളെഴുതുന്ന ഷിനു ഒരു ബ്ലോഗർ കൂടിയാണ്. കുഞ്ഞുമായി ഇരിക്കുന്നതിനിടയിൽ മനസ്സിലേക്ക് കയറിവന്ന ഓർമ്മ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു ഷിനു. അവിശ്വസനീയമായ പ്രതികരണമാണ് ഇതിലൂടെ തനിക്കുണ്ടായതെന്ന് ഡോക്ടർ തന്നെ പറയുന്നു. രണ്ട് വയസ്സുള്ള കുഞ്ഞും ഭർത്താവുമൊത്ത് നീലേശ്വരത്താണ് ഇപ്പോൾ ഷിനു.

” പിടയുന്നൊരെൻ ആത്മാവിൽ
നേർത്തൊരുമ്പിമ്പമിന്നും
ആളിപ്പടരുമാനിമിഷത്തിനായി
അണയാതെ ജ്വലിച്ചീടുമെന്നും ”

ഡോ. ഷിനുവിന്റെ കവിത

അച്ഛന്റെ ഏറെ നാളത്തെ ആഗ്രമായിരുന്നു മകൾ ഒരു ഡോക്ടറായി കാണുക എന്നത്. ചെറുപ്പം മുതലേ ആ ആഗ്രഹം തന്നിലും കുടിയേറിയിരുന്നു. നൃത്തവും കവിതയുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാനും ഷിനുവിന് കഴിയുന്നുണ്ട്. ഒപ്പം ജ്വല്ലറി മേക്കിംഗിലും പ്രഗത്ഭയാണ് ഇവർ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here