Advertisement

ത്രിപുര പോര്‍ക്കളത്തിലേക്ക്; നാളെ വോട്ടെടുപ്പ്

February 17, 2018
Google News 0 minutes Read
Thripura election

60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ത്രിപുര ഒരുങ്ങി കഴിഞ്ഞു. നാളെയാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെയാണ് തിരശീല വീണത്. ഇനി വിധിയെഴുത്താണ്. നാളെ ത്രിപുരയിലെ ജനങ്ങള്‍ അവരുടെ അടുത്ത ഭരണാധികാരികളെ തിരഞ്ഞെടുക്കും. നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന ത്രിപുരയില്‍ വലിയ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. ആരൊക്കെ വന്നാലും പോയാലും ത്രിപുരയിലെ ജനങ്ങള്‍ക്ക് തന്നെ നന്നായിട്ടറിയാം, തന്റെ പാര്‍ട്ടിയേയും എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയേ ഉള്ളൂ. കോണ്‍ഗ്രസ് എതിരാളികളാകാറുള്ളിടത്ത് ഇപ്പോള്‍ ബിജെപി എത്തിയിരിക്കുന്നു. അതിലപ്പുറം ഈ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയും താന്‍ കാണുന്നില്ലെന്ന് മാണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതായത്, ത്രിപുരയില്‍ ചുവന്ന കൊടി തന്നെ ഇനിയും പാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ പോലെയല്ല ഇത്തവണ ബിജെപി ത്രിപുരയ്ക്കു വേണ്ടി അസ്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗോദയിലിറക്കി എല്ലാ അടവുകളും ബിജെപി പയറ്റി. മാണിക് സര്‍ക്കാര്‍ വര്‍ഷങ്ങളോളം ഭരിച്ചിട്ട് സംസ്ഥാനത്ത് എന്ത് പുരോഗതിയാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതെന്ന ചോദ്യത്തോടെയാണ് സാക്ഷാല്‍ പ്രധാനമന്ത്രി ത്രിപുരയിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തിയത്. ഒപ്പം ബിജെപിയുടെ പ്രചാരണ പരിപാടികളിലെല്ലാം മുന്‍ വര്‍ഷങ്ങളേക്കാള്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 60 മണ്ഡലങ്ങളില്‍ 51 ഇടത്തും ഇത്തവണ ബിജെപി സ്വന്തം സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പിന് നിര്‍ത്തിയിട്ടുണ്ട്. ഒന്‍പത് ഇടങ്ങളില്‍ ഐപിഎഫ്ടി ആയിരിക്കും ജനവിധി തേടുക.

കോണ്‍ഗ്രസും ഇത്തവണ പ്രതീക്ഷകളോടെയാണ് ത്രിപുരയെ കാണുന്നതെങ്കിലും ഒരു അട്ടിമറി സ്വപ്‌നം കാണാന്‍ മാത്രം കരുത്ത് ത്രിപുരയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ തങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. ത്രിപുരയില്‍ നിലവിലുള്ള കണക്കനുസരിച്ച് 51 എംഎല്‍എമാരാണ് ഇടതുമുന്നണിക്കു ഉള്ളത്. ബിജെപിക്ക് ഏഴ് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റുമാണ് ഉള്ളത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here