Advertisement

മണിമല സെന്റ് ബേസില്‍ പള്ളിയിലെ മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് വിവാദം; വൈദികന്റെ വിശദീകരണം

April 18, 2018
Google News 4 minutes Read

ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ്. ബേസില്‍ ദേവാലയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറിയ വിഷയങ്ങളില്‍ ഇപ്പോഴത്തെ വികാരി ഫാ. ജോണ്‍ വി. തടത്തില്‍ വിശദീകരണം നല്‍കി. കുഞ്ഞിന്റെ മാമ്മോദീസാ സര്‍ട്ടിഫിക്കറ്റിനു വേണ്ടി 2 ലക്ഷം രൂപ ഇടവക വികാരി ഫാ. ജോണ്‍ തടത്തില്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ ഇടവകാംഗം ശ്രീ. ബോബി ആന്റണി പടിയറ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും വസ്തുതാപരമല്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടക്കുന്നതെന്നുമാണ് ഫാ. ജോണ്‍ തടത്തില്‍ പങ്കുവെച്ചത്.

ഇടവക ദൈവാലയം പുതുക്കി പണിയുന്നതിനു വേണ്ടി മുന്‍ വികാരി ഫാ. ഫ്രാന്‍സിസ് വടക്കേറ്റച്ചനെ ബോബി ആന്റണി പടിയറ 115000/- രൂപയുടെ മൂന്ന് ചെക്കുകള്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, അതിലെ ഒന്നാമത്തെ ചെക്ക് പണമില്ലാതെ ബൗണ്‍സ് ആകുകയാണ് സംഭവിച്ചത്. ഇതേ തുടര്‍ന്ന്, മറ്റ് ചെക്കുകള്‍ പള്ളി ബാങ്കില്‍ നല്‍കിയില്ല. പിന്നീട്, സ്വന്തം കുഞ്ഞിന്റെ മാമ്മോദിസ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ശ്രീ. ബോബി ആന്റണി പടിയറ ഇപ്പോഴത്തെ വികാരിയായ ഫാ. ജോണ്‍ വി. തടത്തിലുമായി ബന്ധപ്പെട്ടു. ബോബി പള്ളി പണിയുന്നതിനായി സമര്‍പ്പിച്ച മൂന്ന് ചെക്കുകളെ കുറിച്ച് അപ്പോഴാണ് ഫാ. ജോണ്‍ വി. തടത്തില്‍ ചോദിച്ചത്. ഇടവക വികാരിയെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുകയാണ് താന്‍ ചെയ്തതെന്ന് ഫാ. ജോണ്‍ പറഞ്ഞു. എന്നാല്‍, ഈ സംഭവമാണ് പിന്നീട് മാമ്മോദീസ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഇടവക വികാരി 2 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തില്‍ ശ്രീ. ബോബി ആന്റണി പ്രചരിപ്പിച്ചത്. എന്നാല്‍, സത്യാവസ്ഥ ഇതാണെന്നാണ് ഫാ. ജോണ്‍ വി. തടത്തില്‍ 24 ന്യൂസിനോട് പങ്കുവെച്ചത്.

മണിമല പള്ളിയ്ക്കും ബഹുമാനപ്പെട്ട പള്ളി വികാരി ഫാ. ജോണ്‍ തടത്തിലിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വസ്തുതാപരമല്ലെന്ന് പാരീഷ് കൗണ്‍സില്‍ സെക്രട്ടറി പി.ജെ. ജോസഫ്കുഞ്ഞ് പുളിമൂട്ടില്‍ പുറത്തിറത്തിയ പ്രസ് റിലീസിലും പറയുന്നു. എല്ലാ കാര്യങ്ങളും നിയമപരമായിട്ടാണ് ഇടവക വികാരി നിര്‍വഹിച്ചതെന്നും ഇടവക വിശ്വാസികള്‍ക്ക് അതിനെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്നും പറയുന്നു. ചെക്കിലെ തുക അടച്ച് കുടിശിക തീര്‍ക്കണമെന്ന് പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ് വികാരി ഫാ. ജോണ്‍ തടത്തില്‍ ആവശ്യപ്പെട്ടതെന്നാണ് പരീഷ് കൗണ്‍സില്‍ സെക്രട്ടറി പങ്കുവെച്ചത്.

ഫാ. ജോണ്‍ വി. തടത്തിലിന്റെ വിശദീകരണം ഇതാണ്:

മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്‍റെ പിന്നാമ്പുറങ്ങള്‍

ഏറെ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍ ഇടവകാംഗങ്ങള്‍ക്ക് തങ്ങളുടെ ചിരകാല അഭിലാഷമായ ദൈവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. അച്ചാര്‍ വിറ്റ് പള്ളിപണിതത് ആദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നല്ലോ. നിരവധിപ്രതിസന്ധികളെ തരണംചെയ്ത് മൂന്ന് വര്‍ഷം കൊണ്ടാണ് ഇപ്പോഴത്തെ മണിമല സെന്‍റ് ബേസില്‍ ഇടവക ദൈവാലയം പൂര്‍ത്തിയാക്കിയത്. കേവലം 325 വീടുകളുള്ള താരതമ്യേന ദരിദ്രമായ ഒരു ഇടവകയിലെ അംഗങ്ങള്‍ മൂന്നു വര്‍ഷം കൊണ്ട് 3.25 കോടി രൂപ ചിലവ് ചെയ്താണ് ഇടവക ദൈവാലയം നിര്‍മ്മിച്ചത്. പള്ളി വെഞ്ചരിക്കുമ്പോള്‍ 70 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. താരതമ്യേന ഇടത്തരക്കാരും ദരിദ്രരുമായ ഇടവകജനം സന്മനസോടെ സഹകരിച്ചതിന്‍റെ അടയാളമാണ് ഈ ദൈവാലയം.

പള്ളി പണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ പണിയുടെ എസ്റ്റിമേറ്റെടുക്കുകയും ഓരോ കുടുംബത്തിന്‍റെയും വിഹിതം പൊതുയോഗം നിശ്ചയിച്ച് അറിയിക്കുകയും ചെയ്തു. ഇതിന്‍പ്രകാരം അറിയിച്ചതനുസരിച്ച് പള്ളിനിർമ്മാണത്തിനായി ഇടവക പൊതുയോഗ നിശ്ചയപ്രകാരം ശ്രീ. ബോബി ആന്‍റണി പടിയറയുടെ വിഹിതമായി നൽകേണ്ട തുകയിൽ Rs. 115000/_ നു ള്ള 3 ചെക്കുകള്‍ (HDFC bank IFSC hdfc 0000071 a/c no.50100066939250 cheque no. 5 for Rs 25000/- dated 15.8.2015; no 6 for Rs.50000/- dated 25.11.2015; no.6 for Rs. 40000/- dated 15.2.2016) അന്നത്തെ വികാരി ബ. ഫ്രാൻസിസ് വടക്കേററ ത്തച്ചനെ ബോബി ഏല്പിച്ചു. എന്നാല്‍ അതിൽ ഒന്നാമത്തെ ചെക്ക് (no.5 for Rs 25000/- dt 15.8.15) 31.8.15 ൽ ഫെഡറൽ ബാങ്കിന്റെ മണിമല ശാഖയിൽ സമർപ്പിക്കുകയും പണമില്ലാതെ 15.9.15 ൽമടങ്ങുകയും ചെയ്തു. പളളി അക്കൗണ്ടില്‍ നിന്നും Rs. 228/- cheque bounce ആയതിന് ചാർജ് ചെയ്‌തു. മറ്റു ചെക്കുകൾ പള്ളി ബാങ്കിൽ നൽകിയില്ല. ഈ വിവരങ്ങൾ ശ്രീ. ബോബിയെ ആ സമയത്തു തന്നെ അറിയിച്ചിട്ടുള്ളതാണ്.

മാമ്മോദീസാ സർട്ടിഫിക്കറ്റു ചോദിച്ചപ്പോൾ പള്ളിയിൽ നേരത്തേ ഏല്പിച്ചിട്ടുളള ചെക്ക്കളിലെ തുക പള്ളി ഓഫീസിലsയ്ക്കണമെന്നു സ്വാഭാവികമായി നിർദേശിച്ചു. പണമടയ്ക്കാന്‍ താത്പര്യമില്ലെന്നും ലത്തീന്‍ ഇടവകയില്‍ ചേരുകയാണെന്നും പറഞ്ഞ് ഫോണ്‍ വച്ചു. പിന്നീട് മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ശ്രീ.ബോബി ആരംഭിച്ചു. അരക്കോടിയിലധികം രൂപ കടബാധ്യതയുള്ള ഇടവകയുടെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ ഞായറാഴ്ച അറിയിപ്പിനൊപ്പം സാമ്പത്തിക അവസ്ഥ അറിയിക്കുന്ന പതിവ് ഇടവകയില്‍ ഉണ്ട്. അതനുസരിച്ച് ഒരു ഞായറാഴ്ച പള്ളിക്കെതിരെ ചില കുടുംബവാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റുകളെ സംബന്ധിക്കുന്ന വിശദീകരണം ആരുടെയും പേര് പരാമര്‍ശിക്കാതെ പള്ളിയില്‍ അറിയിച്ചിരുന്നു. ചെക്ക് മടങ്ങി പള്ളിയില്‍ നിന്ന് പിഴയടയ്ക്കേണ്ടി വന്നിട്ടും അത് തന്നയാളെ കള്ളന്‍ എന്ന് അഭിസംബോധന ചെയ്തിട്ടില്ല. ഇപ്പോഴും ചെയ്യുന്നുമില്ല.

വിദേശത്ത് കുടുബസമേതം വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വ്യക്തികളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് പൊതുവായ അറിവ് നമുക്കുണ്ട്. അതില്‍ അപവാദങ്ങളുമുണ്ടാകാം. പൊതുസമൂഹത്തില്‍ സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടാന്‍ സോഷ്യല്‍ മീഡിയയില്‍ ഈ ദിവസങ്ങളില്‍ പ്രചരിച്ച കെട്ടിച്ചമയ്ക്കപ്പെട്ട ഈ വാര്‍ത്ത കാരണമായിട്ടുണ്ട് എന്ന് മനസിലാക്കി വിശ്വാസികളോട് മാപ്പപേക്ഷിക്കുന്നു. വ്യക്തിപരമായി ശ്രീ. ബോബിയുടെ പേരെടുത്ത് പറയേണ്ടി വന്നത് അദ്ദേഹം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇതു സംബന്ധിച്ച് നടത്തിയതുകൊണ്ടാണ്. ബോബിയോടും മാപ്പ്.

ഫാ. ജോണ്‍ വി. തടത്തില്‍
വികാരി
സെന്‍റ് ബേസില്‍ ചര്‍ച്ച് മണിമല

കൂട്ടിച്ചേര്‍ക്കല്‍
പണം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല മനസ് ഉണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. എന്തു വന്നാലും പള്ളിക്ക് കൊടുക്കില്ല എന്ന ദുര്‍വ്വാശി ചിലരെയെങ്കിലും ബാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ആര്‍ക്കും അവര്‍ ആഗ്രഹിക്കുന്നതെന്തും പ്രചരിപ്പിക്കാം. പക്ഷെ എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് ഓര്‍ക്കുക.

new doc 2018-04-14 01.58.57_20180414015921 (2)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here