Advertisement

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രകടമായത് നാടിന്റെ ഒരുമ; അപസ്വരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക: മുഖ്യമന്ത്രി

August 18, 2018
Google News 0 minutes Read
Pinarayi Vijayannnn

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് സംസ്ഥാനം കടന്നുപോയികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ നേരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രക്ഷാദൗത്യത്തിന് ഇറങ്ങിയ കാഴ്ച നാടിന്റെ ഒരുമയെയാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകീട്ട് ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രക്ഷാദൗത്യം ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥയും ന്യൂനമര്‍ദ്ദവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഏജന്‍സികളും നാട്ടുകാരുടെ ക്രിയാത്മകമായ ഇടപെടലും രക്ഷാപ്രവര്‍ത്തനത്തെ മുന്നോട്ട് നയിച്ചു. എല്ലാവരും ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനം സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കി. വിവധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനാണ് സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും പ്രകടമായത് സംസ്ഥാനത്തിന്റെ ഒരുമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോട് അടുക്കുകയാണ്. നിരവധി പേരെ രക്ഷിക്കാന്‍ സാധിച്ചു. ആഗസ്റ്റ് എട്ടിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തന്നെ പ്രളയക്കെടുതിയെ എങ്ങനെ നേരിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായി ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്‍പതിന് തന്നെ റവന്യൂ ചീഫ് സെക്രട്ടറിയുടെ 24 മണിക്കൂര്‍ നിരീക്ഷണസെല്‍ സംസ്ഥാനത്ത് ആരംഭിക്കുകയുണ്ടായി. പ്രളയക്കെടുതിയെ മുന്നില്‍ കണ്ടുകൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി. കൃത്യമായ സമയങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പ്രളയക്കെടുതിയെ നേരിടുന്നതില്‍ വ്യക്തമായ രൂപരേഖ സര്‍ക്കാറിന് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൃത്യമായ സമയത്ത് തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ആവശ്യമായ സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ച് 100 കോടി രൂപ അടിയന്തിര സഹായമായി വാഗ്ദാനം ചെയ്തു. ഇന്ന് പ്രധാനമന്ത്രിയും പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി 500 കോടി രൂപ സമാശ്വാസമായി സംസ്ഥാനത്തിന് നല്‍കി. 19512 കോടിയാണ് പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതനുസരിച്ച് 2000 കോടി രൂപയാണ് സംസ്ഥാനം അടിയന്തിരമായി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അതിനാല്‍, സൈന്യത്തിന് മാത്രം പൂര്‍ണമായും രക്ഷാദൗത്യം നല്‍കുകയെന്നത് പ്രായോഗികമല്ല. സൈന്യത്തിന് മാത്രമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ല. ജില്ലാ ഭരണസംവിധാനത്തോടൊപ്പം സൈന്യത്തിന്റെ കര്‍തവ്യവും സംയോജിച്ചാലേ രക്ഷാപ്രവര്‍ത്തനം കൃത്യതയോടെ നടക്കുകയുള്ളൂ. സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുകയാണ് സൈന്യം ചെയ്യേണ്ടത്. നാടിനെ പരിചമുള്ളവരുടെ സഹായത്തോടെ സൈന്യത്തിന്റെ വൈദഗ്ദ്യവും നമുക്ക് ആവശ്യമാണ്. അത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് നാം നേതൃത്വം നല്‍കിയതും. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സൈന്യത്തിന് മാത്രം അധികാരം നല്‍കിയുള്ള ഡിസാസ്റ്റര്‍ മാനേജുമെന്റുകള്‍ രാജ്യത്ത് നടന്നിട്ടുമില്ല. എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ്ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വിവിധ ഏജന്‍സികളും നാട്ടുകാരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, ഇത്തരത്തിലൊരു ദുരന്തത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളില്‍ ആത്മവിശ്വാസവും, അതിജീവനത്തിനുള്ള ബാലപാഠവുമാണ് എല്ലാവരും നല്‍കേണ്ടത്. അതിന് പകരം അവരെ ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റം രക്ഷാപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ഒരേ മനസോടെ അപസ്വരങ്ങള്‍ ഒഴിവാക്കി മുന്നേറുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here