എയർപോർട്ട് ചെക്കിങ്ങിൽ അടിവസ്ത്രം അഴിച്ച് ആർത്തവരക്തം നിറഞ്ഞ നാപ്കിൻ വരെ കാണിക്കേണ്ടി വന്നു : സൈനബ്

മുസ്ലീം/ അറബ് പോലുള്ള ന്യൂനപക്ഷങ്ങൾക്ക് അമേരിക്കൻ വിമാനത്താവളത്തിൽ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. മറ്റു യാത്രക്കാരെ പരിശോധിക്കുന്നതുപോലെയല്ല ഇക്കൂട്ടരെ പരിശോധിക്കുന്നത്. നിരവധി തവണ ദേഹപരിശോധനകൾക്ക് ഇവർ വിധേയരാകണം. മാത്രമല്ല ഇവരെ പ്രൈവറ്റ് റൂമുകളിൽ പോയി വസ്ത്രം വരെ മാറ്റി പരിശോധിക്കാറുണ്ടെന്ന അനുഭവ കഥകൾ വരെ നാം കേട്ടിട്ടുണ്ട്. എന്തിനേറെ ബോളിവുഡ് താരം ഷാറുഖ് ഖാൻ പോലും ഇത്തരം അപമാനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ ഞെട്ടിക്കുന്ന അനുഭവകഥകളുടെ കൂട്ടത്തിലേക്കാണ് സൈനബ് മെർചന്റിന്റെ ദുരനുഭവവും കൂട്ടിച്ചേർക്കുന്നത്.
ബോസ്റ്റണിൽ നിന്നും വാഷിങ്ടണിലേക്കുള്ള യാത്രയിലാണ് സൈനബിന് തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ ഈ സംഭവം നടക്കുന്നത്. ഫ്‌ളോറിഡയിലെ ഓർലാൻഡോ സ്വദേശിനിയായ സൈനബിന് നന്നായി അറിയാമായിരുന്നു മറ്റു യാത്രക്കാരെ പോലെ തനിക്ക് എളുപ്പത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തുകടക്കാൻ സാധിക്കില്ലെന്ന്. അതുകൊണ്ട് തന്നെ രണ്ട് മണിക്കൂർ നേരത്തെ തന്നെ സൈനബ് വിമാനത്താവളത്തിലെത്തി. മറ്റുയാത്രക്കാരെക്കാൾ കൂടുതൽ ദേഹപരിശോധനകൾക്ക് താൻ വിധേയയാകേണ്ടി വരുമെന്ന് സൈനബിന് അറിയാമായിരുന്നു. ഈ രീതിയോട് സൈനബും സൈനബിനെ പോലുള്ളവരും ഇപ്പോൾ പരിചയിച്ചിരിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ പരിധിയും കടന്ന് കാര്യങ്ങൾ കൈവിട്ടുപോകുന്നത് സൈനബ് നിസ്സാഹയായി നോക്കി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു.
സുരക്ഷാ ഉദ്യോഗസ്ഥൻ സൈനബിന്റെ അടിവയറ്റിലും മറ്റുമെല്ലാം പരസ്യമായി സ്പർശിച്ച് ദേഹപരിശോധന നടത്തി എന്ന് മാത്രമല്ല ഇനിയും ‘കൂടുതൽ’ പരിശോധന വേണമെന്ന് പറഞ്ഞ് ഒരു സ്വകാര്യ മുറിയിലേക്ക് സൈനബിനെ കൊണ്ടുപോകണമെന്ന് പറഞ്ഞു. പരസ്യമായി ഇത്രയൊക്കെ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ കൂടെ അകത്ത് ആരുടേയും ദൃഷ്ടിയെത്താത്ത ഒരുമുറിയിലേക്ക് പോകാൻ സൈനബ് ഭയന്നു. സൈനബ് എത്ര പറഞ്ഞിട്ടും ഈ തീരുമാനത്തിൽ നിന്നും ഉദ്യോഗസ്ഥർ അയഞ്ഞില്ല.
മറ്റുയാത്രക്കാരെ പോലെ സാധാരണ ദേഹപരിശോധനയ്ക്ക് പുറമെ വസ്ത്രവും അടിവസ്ത്രവുമെല്ലാം അഴിച്ച് മാറ്റി പരിശോധനയ്ക്ക് വിധേയമാക്കി. തനിക്ക് ആർത്തവമുണ്ടെന്നും സാനിറ്ററി നാപ്കിൻ ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അയഞ്ഞില്ല. ആർത്തവ രക്തം നിറഞ്ഞ പാഡ് അടക്കം പരിശോധിച്ചിട്ടേ സൈനബിനെ വിമാനത്താവളത്തിൽനിന്നും പുറത്തേക്ക് വിട്ടുള്ളു.
ഇതിനൊക്കെ പുറമെ സൈനബിന്റെ മതവിശ്വാസത്തെ കുറിച്ചും, അവർ സുന്നിയാണോ ഷിയയാണോ, ഐഎസിനെ കുറിച്ച് അവരുടെ കാഴ്ച്ചപ്പാട്, യുഎസ് സർക്കാരിനെതിരെ തന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞതിനെ കുറിച്ചെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. അത്യധികം ദുഃഖിതയും അപമാനിതയുമായ സൈനബ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനായി അവരുടെ ബാഡ്ജും നമ്പറുമെല്ലാം നോക്കിയെങ്കിലും അത് മറച്ചുപിടിച്ച് അവർ കടന്നു കളയുകയായിരുന്നു.
ഹവാർഡ് സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥിയാണ് 27 വയസ്സുകാരിയായ സൈനബ്. സംഭവം പുറത്തറിഞ്ഞതോടെ അമേരിക്കൻ സിവിൽ ലിബേർട്ടീസ് യൂണിയൻ (എസിഎൽയു)അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.
ഇതിന് മുമ്പ് ഒരുതവണ കുടുംബവുമായുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിലെ ചെക്കിങ്ങ് കഴിഞ്ഞ് തൊട്ടടുത്ത നിമിഷം തന്നെ പട്ടികളെ കൊണ്ടുവന്ന് വീണ്ടും ദേഹവും ബാഗുമെല്ലാം പരിശോധിച്ചിട്ടുണ്ട്.
ഈ അപമാനങ്ങളെല്ലാം സൈനബിന് സഹിക്കേണ്ടി വന്നത് സൈനബ് യുഎസ് ഗവേൺമെന്റിന്റെ വാച്ച്‌ലിസ്റ്റിൽ ഉൾപ്പെട്ടതുകൊണ്ടാണെന്ന് എസിഎൽയു പറയുന്നു. ഇസ്ലാം മതവിശ്വാസികൾ, മിഡിൽ ഈസ്റ്റ് / സൗത്ത് ഏഷ്യൻ പശ്ചാത്തലമുള്ളവർ എന്നിങ്ങനെ 7,00,000 അമേരിക്കക്കാരാണ് ഈ പട്ടികയിലുള്ളത്. ഇത്തരക്കാരുടെ ബോർഡിങ്ങ് പാസിൽ SSSS (സെക്കൻഡറി സെക്യൂരിറ്റി സ്‌ക്രീനിങ്ങ് സെലക്ടീ) എന്ന് രേഖപ്പെടുത്തിയിരിക്കും. ഇത്തരക്കാരെയാണ് നിരവധി തവണ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. മുസ്ലീം, അറബ് പൗരന്മാരെ ഇത് ആശങ്കരാക്കുന്നുണ്ടെന്നും എസിഎൽയു പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here