Advertisement

‘നവകേരളം സൃഷ്ടിക്കാന്‍ ‘സാധനം കയ്യിലുണ്ടോ?’; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

September 1, 2018
Google News 2 minutes Read
flood

നവകേരളം സൃഷ്ടിക്കാന്‍ നിങ്ങളുടെ കയ്യില്‍ എന്തുണ്ട്? ജനങ്ങള്‍ക്ക് ഉപകരിക്കുന്ന എന്തും, അത് എത്ര ചെറിയ സാധനമാണെങ്കിലും അതിന് വലിയ വിലയുണ്ട്. ഇക്കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ‘കൂടൊരുക്കാം’ ക്യാമ്പയില്‍.

സാധനം കയ്യിലുണ്ടോ!? എന്നാണ് അവര്‍ നിങ്ങളോട് ചോദിക്കുന്നത്. നമ്മുടെ വീട്ടില്‍ അത്യാവശ്യങ്ങളൊന്നുമില്ലാതെ തന്നെ നമ്മള്‍ വാങ്ങികൂട്ടിയ എത്രയെത്ര സാധനങ്ങളാണുള്ളത്? വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി നമുക്ക് ഒരുമിക്കാം. അതിന് വേണ്ടിയാണ് സാധനം കയ്യിലുണ്ടോ? എന്ന ചോദ്യവുമായി അവര്‍ എത്തുന്നത്.

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് സാധനങ്ങള്‍ സമാഹരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ ഉപയോഗിക്കാതെയും മറ്റും ഇരിക്കുന്ന സാധനങ്ങള്‍ അതെന്ത് തന്നെയായാലും കൂടൊരുക്കാം എന്ന വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് സംഭാവന ചെയ്യാം.  ഈ ആശയം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സാധനം കയ്യിലുണ്ടോ എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്

“വീണ്ടും “സാധനം കയ്യിലുണ്ടോ!?”

ഉണ്ടോ? വീട്ടിലുണ്ടോ? ഒരു തേപ്പുപെട്ടി? ഒരു ഫാൻ? അല്ലെങ്കിൽ കുറച്ച് പാത്രങ്ങൾ? ചെറിയ സ്റ്റൂളോ, കസേരയോ? ഒരു അലമാരയോ മറ്റോ?

ഒന്ന് മനസ്സിരുത്തി എത്തി നോക്കിയാലറിയാം, എന്തൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടിൽ അത്യാവശ്യങ്ങൾ ഒന്നുമില്ലാതെ തന്നെ നമ്മൾ വാങ്ങികൂട്ടിയത്. ചിലതൊക്കെ ‘ഉപ്പെടുത്താൽ കപ്പ് ഫ്രീ’ മട്ടിൽ വന്നു കയറിയതും ആകാം.

ഇതൊക്കെ ഇങ്ങനെ പൊടി പിടിച്ച് കിടന്നാൽ മതിയോ? വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?

ഓ, കൊടുക്കണം എന്നൊക്കെ ഉണ്ടെടാ ഉവ്വേ;
1) പക്ഷേ, എവിടെ ആർക്ക് കൊടുക്കണം എന്നറിയില്ല.
2) പക്ഷേ, അത്രടം വരെ ഇതും താങ്ങി പോകണ്ടേ. വയ്യ.
3) പക്ഷേ, ഇതൊക്കെ കിട്ടേണ്ടവർക്ക് തന്നെ കിട്ടുമെന്ന് എന്താണുറപ്പ്?

അങ്ങനെ കുറെ ‘പക്ഷേ’കൾ. ഇനി ആ പക്ഷേകൾ ഒക്കെ മറന്നേക്കുക. പിള്ളേർ പുതിയ വെബ്സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങൾ സാധനം തരാൻ റെഡിയാണെങ്കിൽ https://koodorukkam.in വരെ ഒന്നു പോയി അവിടെ ആ വിവരം ഒന്ന് ചേർക്കുക. വളന്റീർമാർ ആവശ്യക്കാരെ (അത്യാവശ്യക്കാരെ എന്ന് വായിക്കുക) കണ്ടു പിടിച്ച് എത്തിച്ചോളും. പിക്കപ്പ് ഫ്രീ, ഡെലിവറി ഫ്രീ. സാധനവും ഫ്രീയായിരിക്കണം കേട്ടോ! ഇപ്പൊ തൽക്കാലം കേരളത്തിൽ മാത്രമേ പിക്കപ്പ് സർവീസ് ഉള്ളു.

ഇതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ സാധനങ്ങളും എവിടെ എത്തി, ആർക്ക് കൊടുത്തു എന്ന് സുതാര്യമായി വെബ്സൈറ്റിൽ തന്നെ ചേർക്കും (വ്യക്തിഗത സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ). ഇത് ഞങ്ങളുടെ വാക്ക്.

‘ശോശാമ്മേ, ആ ചളുങ്ങിയ ഇഡ്ഡലിപ്പാത്രം ഇങ്ങെടുത്തേ, ദാ പിള്ളാർക്ക് കൊടുത്ത് ഒഴിവാക്കാം’—ഉണ്ട! അതങ്ങ് കയ്യിൽ വച്ചാ മതി മാത്തുക്കുട്ടിച്ചായാ. ആ വേല ഇങ്ങോട്ടെടുക്കണ്ട. ഒന്നില്ലേൽ പുതിയത്, അല്ലെങ്കിൽ അധികം ഉപയോഗിക്കാത്ത, പുതിയത് പോലെ ഉള്ളത് മാത്രം! വാങ്ങുന്നവരും മനുഷ്യരാണ് ഹേ!

എന്ത്! ബാംഗ്ലൂരിൽ നിന്നും, ചെന്നൈയിൽ നിന്നും ഒക്കെ അയക്കാൻ റെഡി ആണെന്നോ? മുത്താണ് നിങ്ങൾ. വെബ്സൈറ്റിൽ എഴുതാമോ? നമ്മുടെ പിള്ളേർ വിളിക്കും!

അപ്പൊ മറക്കണ്ട: https://koodorukkam.in”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here