Advertisement

സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി; മലയാളികള്‍ ആശങ്കയില്‍

October 14, 2018
Google News 0 minutes Read

സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ മലയാളികള്‍ ആശങ്കയില്‍.സൗദിയിലെ സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്.കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് നിര്‍ദേശം.മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ വിദ്യാഭ്യാസ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്.

സ്‌കൂളുകളിലെ അഡ്മിന്‍, സൂപ്പര്‍വൈസര്‍ ജോലികളിലാണ് ആദ്യഘട്ടമായി സ്വദേശികളെ നിയമിക്കേണ്ടത്. നടപ്പ് അധ്യയനവര്‍ഷത്തിലെ ആദ്യപാദത്തില്‍ തന്നെ സ്വദേശിവത്കരണം നൂറു ശതമാനത്തിലെത്തിക്കണമെന്നാണ് മന്ത്രാലയ നിര്‍ദേശം. സ്വകാര്യസ്‌കൂളുകളിലെ പ്രിന്‍സിപ്പലും വൈസ്പ്രിന്‍സിപ്പലും സ്വദേശികളായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. സ്റ്റുഡന്റ് കൗണ്‍സിലറായ അധ്യാപകന്‍, നോണ്‍ കരിക്കുലം ആക്ടിവിറ്റീസ് അധ്യാപകര്‍ എന്നിവരും അഡ്മിന്‍ ജോലികള്‍ ചെയ്യുന്നവരും സ്വദേശികളായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അതേ തസ്തികയ്ക്ക് യോഗ്യരായ സ്വദേശികളെ ലഭ്യമാണോയെന്ന് പരിശോധിക്കണം. സ്‌കൂളുകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനങ്ങള്‍ കൊണ്ടുവരുന്നുണ്ട്.സൗദിയിലെ വിദേശ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തണമെന്ന് ശൂറാ കൗണ്‍സിലിലെ യുവജന, കുടുംബസമിതി നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ വിദേശ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ള സ്വദേശികള്‍ക്ക് ജോലി ലഭിക്കാന്‍ നിതാഖാത് നിയമം കര്‍ശനമാക്കണമെന്നാണ് സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇക്കാര്യം തൊഴില്‍, സാമൂഹിക, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് നിര്‍ദേശിക്കണമെന്നും സമിതി ശൂറാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here