Advertisement

കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്ക്, ജിദ്ദയില്‍ നിന്നുള്ള സൗദി വിമാനം നാളെ കരിപ്പൂരില്‍

December 4, 2018
Google News 3 minutes Read
karipur

മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാളെ മുതല്‍ വലിയ വിമാനങ്ങള്‍ പറന്നിറങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. ജിദ്ദയില്‍ നിന്നുള്ള SV746 വിമാനം രാവിലെ പതിനൊന്ന് മണിക്ക് കരിപ്പൂരില്‍ എത്തും. വിവിധ സംഘടനകളുടെ ബാനറില്‍ ഇന്ത്യക്കകത്തും പുറത്തും ഉണ്ടായ സമര പരമ്പരകളെ തുടര്‍ന്നാണ്‌ വലിയ വിമാനങ്ങള്‍ക്ക് വിമാനത്താവളം തുറന്ന് കൊടുക്കുന്നത്. ആദ്യ വിമാനത്തെയും യാത്രക്കാരെയും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജനപ്രതിനിധികളും വിമാനത്താവള പ്രതിനിധികളും കരിപ്പൂരിന് വേണ്ടി സമര രംഗത്തുണ്ടായിരുന്ന സംഘടനകളും യാത്രക്കാരെ സ്വീകരിക്കും.

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ആഴ്ചയില്‍ നാലും റിയാദില്‍ നിന്ന് ആഴ്ചയില്‍ മൂന്നും സര്‍വീസുകളാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്‌ നടത്തുക. 298 സീറ്റുകളുള്ള A 330-300 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

2002 മുതല്‍ പതിമൂന്നു വര്‍ഷത്തോളം കരിപ്പൂരിലേക്ക് B747 ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. 2015 May 1-നാണ് റണ്‍വേ നവീകരണത്തിനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. അതോടെ ആഴ്ചയില്‍ എയര്‍ഇന്ത്യ, സൗദിയ, എമിരേറ്റ്സ് എന്നിവയുടെ അമ്പത്തിരണ്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കി. ജിദ്ദ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലേക്കുമുള്ള നേരിട്ടുള്ള സര്‍വീസ് നിന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിച്ചിരുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഏറെ ദൂരം സഞ്ചരിച്ച് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഒരു സെക്ടറിലേക്ക് ഒന്നിലധികം വിമാനങ്ങള്‍ കയറിയിറങ്ങേണ്ടി വന്നു. മലബാര്‍ ഭാഗത്തുള്ള ഹജ്ജ് ഉംറ തീര്‍ഥാടകര്‍ പ്രയാസപ്പെട്ടു. ഹജ്ജ് എംബാര്‍ക്കേശന്‍ പോയിന്‍റ് കരിപ്പൂരില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റി. പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാര്‍ കരിപ്പൂരില്‍ കുറഞ്ഞു. കാര്‍ഗോ വരുമാനം പകുതിയിലധികം കുറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കരിപ്പൂരില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ മുപ്പത്തിനാല് ശതമാനത്തോളം കുറവുണ്ടായി. അഥവാ വര്‍ഷത്തില്‍ അമ്പത് കോടിയോളം രൂപയുടെ നഷ്ടം.

ആറു മാസം കൊണ്ട് റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും ശേഷം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഏഴു മാസത്തോളം നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല. ഇ.അഹമദ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും മലബാര്‍ ഡവലപ്പ്‌മെന്‍റ് ഫോറം പോലുള്ള സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

2017 March 1-നാണ് റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡി.ജി.സിഎയും എയര്‍പോര്‍ട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു. എന്നാല്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണെന്നും, ഇന്ത്യയില്‍ തന്നെ ഇതിലും ചെറിയ വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതും ചൂണ്ടിക്കാട്ടി സമര രംഗത്തുള്ളവര്‍ സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. പക്ഷെ അനുകൂലമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഇല്ലാതിരുന്നപ്പോള്‍ സ്വകാര്യ വിമാനത്താവള ലോബിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിനു തുരങ്കം വെക്കുന്നത് എന്ന പരാതി ഉയര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളം തിരിച്ചുകിട്ടാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ സ്ഥലം എം.എല്‍.എയും മുഖ്യമന്ത്രിയും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളെ കുറിച്ചാണ് നിയമസഭയില്‍ സംസാരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രവാസികള്‍ പ്രദേശത്തെ ജനപ്രതിനിധികള്‍ പോലും ഇതുസംബന്ധമായി പഠിക്കാന്‍ തയ്യാറാകുന്നില്ലെന്ന് പരാതിപ്പെട്ടത്.

പരാതി ശക്തമായപ്പോള്‍ 2017 April 26-ന് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി സംഘം വിമാനത്താവളത്തിലെത്തി പഠനം നടത്തി. 2017 August 21-ന് കരിപ്പൂര്‍ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന സാങ്കേതിക പഠനത്തിനു ഡി.ജി.സി.എ അനുമതി നല്‍കി. 2018 January 2-ന് വലിയ വിമാനങ്ങള്‍ക്ക് വിമാനത്താവളം അനുയോജ്യമാണെന്ന് പറയുന്ന എഴുപത്തിയൊന്നു പേജുള്ള റിപ്പോര്‍ട്ട്‌ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അയച്ചു. 777 / 200 ശ്രേണിയിൽപ്പെട്ട Code E വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ അനുയോജ്യമാണെന്ന് ആയിരുന്നു റിപ്പോര്‍ട്ട്‌. January 19-ന് ഈ റിപ്പോര്‍ട്ട്‌ അതോറിറ്റി അംഗീകരിച്ചു. അന്തിമ അനുമതിക്കായി അതോറിറ്റി ഈ റിപ്പോര്‍ട്ട്‌ ഡി.ജി.സി.എക്ക് കൈമാറി. ഡി.ജി.സി.എ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ പഠന റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. 2018 March-ല്‍ ഡി.ജി.സി.എ ആവശ്യപ്പെട്ട രേഖകള്‍ നല്‍കി. പിന്നീട് ആറു മാസം ഈ ഫയല്‍ നീങ്ങിയില്ല. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.പി അലക്സാണ് ഫയല്‍ നീങ്ങാതിരിക്കാന്‍ കാരണമെന്ന് മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം ആരോപിച്ചു. ഇത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സിലും സി.ബി.ഐയിലും പരാതി നല്‍കി. അന്ന് വ്യോമയാന മന്ത്രിയായിരുന്ന അശോക്‌ ഗജപതിരാജു ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ല എന്ന വ്യാപകമായ പരാതിയും ഉയര്‍ന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സുരേഷ് പ്രഭു വ്യോമയാനമന്ത്രിയായി ചുമതലയേറ്റു. ആറു മാസങ്ങള്‍ക്ക് ശേഷം എം.ഡി.എഫ് സംഘം ആദ്യമായി മന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യം ധരിപ്പിച്ചു. അതോടെ ഫയലുകള്‍ ചലിച്ചു തുടങ്ങി. ശേഷം പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ജനപ്രതിനിധികളും വ്യോമയാനമന്ത്രിയെ കണ്ടു.

വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതോടെ 2018 march 7-ന് ഡി.ജി.സി.എ വിമാനക്കമ്പനികളുടെ സമയക്രമം ആവശ്യപ്പെട്ടു. ഏപ്രില്‍ രണ്ടിന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്‌ ആണ് ആദ്യമായി മറുപടി നല്‍കിയത്. ജൂലൈ നാലിന് അതോറിറ്റി സൗദിയയുടെ ഷെഡ്യൂള്‍ ഡി.ജി.സി.എക്ക് അയച്ചു. ഓഗസ്റ്റ്‌ എട്ടിന് ഈ ഷെഡ്യൂളിന് ഡി.ജി.സി.എ അംഗീകാരം നല്‍കി. കരിപ്പൂരില്‍ നിന്നും തിരിവനന്തപുരത്തേക്കു മാറ്റിയ വിമാനങ്ങള്‍ ആണ് സൗദിയ നാളെ മുതല്‍ തിരിച്ചു കൊണ്ടു വരുന്നത്. കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പത്തിമൂന്നു മാസവും അഞ്ച് ദിവസവും കഴിഞ്ഞാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ തിരിച്ചെത്തുന്നത്.

കരിപ്പൂര്‍ പ്രശ്നവുമായി പ്രവാസി സംഘടനകള്‍ നിരന്തരം രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും സമീപിച്ചെങ്കിലും വിരലിലെണ്ണാവുന്ന ജനപ്രതിനിധികളാണ് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇ.അഹമദ്, എം.കെ രാഘവന്‍, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ്‌ ബഷീര്‍, വി.ടി ബലറാം തുടങ്ങിയവര്‍ വിമാനത്താവളം തിരിച്ചുകൊണ്ടുവരാന്‍ സഭകളില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ നിരന്തരം ഇതിന് പിന്നില്‍കൂടാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ചില പാര്‍ട്ടികള്‍ സമര രംഗത്തിറങ്ങിയിരുന്നു.

രാഷ്ട്രീയത്തിനതീതമായി ഇന്ത്യക്കകത്തും പുറത്തും പൊതുജനം ശക്തമായി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഇനിയും വൈകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എയര്‍ഇന്ത്യ, എമിരേറ്റ്സ്, ഫ്ലൈ ദുബായ്, ഒമാന്‍ എയര്‍, ജെറ്റ് എയര്‍വെയ്സ് തുടങ്ങി പല വിമാനക്കമ്പനികളും കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്‌. അടുത്ത ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ കരിപ്പൂരില്‍ നിന്നും വിമാനം കയറുമെന്നാണ് പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here