പി കെ ശശിക്കെതിരായ അച്ചടക്ക നടപടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

പി കെ ശശിക്കെതിരായ അച്ചടക്ക നടപടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു . ശശിയെ ആറു മാസത്തേക്ക് സസ്പെന്‍റ് ചെയ്ത സംസ്ഥാന കമ്മിറ്റി തീരുമാനമാണ് കേന്ദ്ര കമ്മിറ്റി ശരിവെച്ചത് . ശക്തമായ നടപടി വേണമെന്ന യുവതിയുടെ പരാതിയും വി.എസ്.അച്ചുതാനന്ദന്റെ ആവശ്യവും കേന്ദ്ര കമ്മിറ്റി ചർച്ചക്കെടുത്തില്ല. രണ്ട് ദിവസത്തേക്ക് ചേർന്ന സി പി ഐ എം കേന്ദ്ര കമ്മിറ്റി അവസാനിച്ചു. പി.കെ.ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 മാസത്തേക്ക് പുറത്താക്കിയ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
സംഘടനാചട്ടം അനുസരിച്ച് കടുത്ത നടപടിയാണ് ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി കൈകൊണ്ടതെന്ന് കമ്മിറ്റി വിലയിരുത്തി. ശശിക്കെതിരായ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി കമ്മിറ്റിയുടെ പരിഗണനക്ക് വന്നപ്പോൾ ആരും എതിർപ്പറിയിച്ചില്ല. സംസ്ഥാന ഘടകത്തിന്റെ ശിക്ഷ പര്യാപ്തമല്ലെന്നു കാണിച്ചായിരുന്നു പെൺകുട്ടി ഇന്ന് വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. സ്ത്രീപക്ഷ നിലപാടിൽ ഊന്നി ശശിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടയിരുന്നു വി.എസ് അച്യുതാനന്ദന്റെ ആവശ്യം.. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യങ്ങൾ എന്നിവയും കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്തു.
അതെസമയം ലിജോ വർഗീസ്, പി കെ ശശി, വനിതാ മതിൽ വിഷയങ്ങളിൽ സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും ആഞ്ഞടിച്ച് വി എസ് അച്ചുതാനന്ദന്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്തിൽ പി കെ ശശിക്കെതിരായ സ്ത്രീ പീഡന പരാതിയിൽ സംസ്ഥാന കമ്മിറ്റി എടുത്ത നടപടി പര്യാപ്തമല്ലെന്നും ജാതി സംഘടനകളെ കൂട്ട് പിടിച്ചു വനിതാ മതിൽ സംഘടിപ്പിച്ചാൽ നവോത്ഥാനം സാധ്യമാകില്ലെന്നും വിഎസ് പറഞ്ഞു .പി കെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി എടുത്ത നടപടി റിപ്പോർട്ടിൻമ്മേൽ കേന്ദ്ര കമ്മിറ്റി ചർച്ച നടക്കാനിരിക്കെയാണ് വി എസ് കത്തയച്ചത്.
സ്ത്രീ പീഡന പരാതികളിൽ ശക്തമായ നടപടി സ്വീകരിച്ച പാർട്ടിയാണ് സി പി ഐ എം എന്നും അത്തരം നടപടിയാണ് ശശിക്കെതിരെ വേണ്ടിയിരുന്നതെന്നും വിഎസ് കത്തിൽ പറയുന്നു. സ്ത്രീ പക്ഷ നിലപാട് ഉയർത്തി പിടിച്ചു കൊണ്ട് ശശിക്കെതിരായ നടപടി പുനഃപ്പരിശോധിക്കണം. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിലും ശശിയെ പാർട്ടി പരിപാടികൾക്ക് നിയോഗിച്ചു. അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലനുമായും വേദി പങ്കിട്ടു. ഉന്നത നേതാക്കൾ ശശിക്ക് നൽകിയ പരിഗണനയും പാര്‍ട്ടി പരിശോധിക്കണം. ശശിയെ പാര്‍ട്ടി ഉത്തരവാദിത്തങ്ങൾ ഏല്പിച്ച നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് വിഎസ് കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാന കമിറ്റിയുടെ റിപ്പോർട്ട് ഇന്ന് ഉച്ച കഴിഞ്ഞു കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. ജാതി സംഘടനകളെ കൂട്ട് പിടിച്ചു വനിതാ മതിൽ സംഘടിപ്പിക്കുന്നത് പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരം നടപടികൾ ആത്മഹത്യപരമാണെന്നും അദ്ദേഹം പറയുന്നു. ആർ എസ് എസിനെ അകറ്റി നിർത്തുകയും എൻ എസ് എസ്സിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതു ഇരട്ടത്താപ്പാനിന്നും വിഎസ് കത്തിൽ ആരോപിച്ചു. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് രണ്ടു വിഷയത്തിലും കത്ത് മുഖേന വിഎസ് അഭിപ്രായം പറഞ്ഞത്. ജാതി മതിൽ വിഷയതിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾക്ക് ആയുധമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here