ബിജെപിയുടെ നിരാഹാരസമരത്തെ പ്രവര്‍ത്തകരും കയ്യൊഴിയുന്നു

ആളും ആരവവും ഒഴിഞ്ഞ അവസ്ഥയിലാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം. തുടക്കം മുതല്‍ മുഖം തിരിച്ച് നിന്ന വി.മുരളീധരന്‍ പക്ഷത്തിനൊപ്പം സംഘപരിവാര്‍ കേന്ദ്രങ്ങളും സമരത്തെ കൈവിട്ടു കഴിഞ്ഞു. പ്രമുഖ നേതാക്കള്‍ സമരമേറ്റെടുക്കാന്‍ എത്താതിരുന്നതോടെ പ്രവര്‍ത്തകരും അകന്നു തുടങ്ങിയിരിക്കുകയാണ്. സമരത്തിന് ഊര്‍ജ്ജം പകരാന്‍ 20ന് അമൃതാനന്ദമയി അടക്കമുള്ള ആത്മീയ നേതാക്കളെ പങ്കെടുപ്പിച്ച് മഹാസമ്മേളനം നടത്താനാണ് തീരുമാനം.
സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ സമരം ആരംഭിച്ച് 42 ദിവസം പിന്നിടുമ്പോള്‍ സമരമിരിക്കുന്ന മഹിളാമോര്‍ച്ച നേതാവ് വി.ടി.രമയും ഏതാനും ചില പ്രവര്‍ത്തകരും മാത്രമാണ് സമരപന്തലിലുള്ളത്. പ്രധാന നേതാക്കളെന്ന് പറയാന്‍ ആരും തന്നെയില്ല. ഓരോ ജില്ലകളില്‍ നിന്നും എത്തേണ്ട പ്രവര്‍ത്തകരെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രമുഖ നേതാക്കള്‍ ആരും നിരാഹാരമനുഷ്ഠിക്കാന്‍ തയ്യാറാകാതിരുന്നതോടെ പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞു. വി.മുരളീധരന്‍ പക്ഷം തുടക്കം മുതല്‍ അകന്ന് തന്നെയാണ്.
ശ്രീധരന്‍പിള്ളയുടെ തീരുമാനങ്ങളോട് മുരളീധരന്‍ പരസ്യമായിത്തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സുരേന്ദ്രന്‍ സമരം ഏറ്റെടുക്കുമെന്ന് പ്രചരണം ഉണ്ടായെങ്കിലും അതും നടന്നില്ല. ആര്‍എസ്എസും ബിജെപി സെക്രട്ടേറിയറ്റ് സമരത്തെ തഴഞ്ഞു കഴിഞ്ഞു. നേതാക്കളുടെ വാവിട്ട വാക്കുകളും സമരത്തില്‍ ഗ്രൂപ്പ് വൈരം പ്രകടമാണെന്നതും തിരിച്ചറിഞ്ഞാണിത്. ബിജെപിയെ ചുമന്നാല്‍ ശബരിമല കര്‍മ സമിതിയ്ക്ക് ലഭിച്ച പിന്തുണയും ഇല്ലാതാകുമെന്ന് ആര്‍എസ്എസ് നേതൃത്വം വിലയിരുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here