Advertisement

സ്വതന്ത്ര ഇന്ത്യയിലെ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം

January 19, 2019
Google News 1 minute Read

1952 ല്‍ രൂപീകരിച്ച നെഹ്‌റു സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം 1957 ജനുവരി എട്ടിന് നടന്നു. സങ്കീര്‍ണമായ ഒട്ടേറെ പ്രശ്‌നങ്ങളിലൂടെ രാജ്യം കടന്നുപോയ ഘട്ടമായിരുന്നു അത്. ആഗോള ശ്രദ്ധ നേടിയ കശ്മീര്‍ പ്രശ്‌നം മുതല്‍ വൈകാരികത ഉയര്‍ത്തിയ ഭാഷാ സമരങ്ങള്‍ വരെ. ഇതിനിടെ സ്വതന്ത്ര്യ ഇന്ത്യയുടെ രണ്ടാം പൊതുതെരഞ്ഞെടുപ്പ് നടന്നു. 1957 ഫെബ്രുവരി 24ന് ആരംഭിച്ച് മാര്‍ച്ച് 14 വരെയായിരുന്നു വോട്ടെടുപ്പ്.

അസാധാരണ നേതൃപാടവത്തോടെ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ സുകുമാര്‍ സെന്‍ തന്നെയായിരുന്നു രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുഖ്യവരണാധികാരി. ആദ്യ തെരഞ്ഞെടുപ്പിലെ പോരായ്മകള്‍ പരിഹരിക്കാന്‍ സെന്‍ തീവ്രശ്രമം നടത്തി. ‘ഇത് നിങ്ങളുടെ വോട്ട് തന്നെ’ എന്ന പേരില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നിര്‍മ്മിച്ച ഡോക്യുമെന്ററിയായിരുന്നു പ്രധാന പ്രചാരണയിനം. പതിമൂന്ന് ഭാഷകളിലായി ഇറക്കിയ ഡോക്യുമെന്ററി 74,000 സിനിമാഹാളുകളില്‍ പ്രദര്‍ശിപ്പിച്ചു.

മഹാത്മാഗാന്ധി വധത്തിനുശേഷം ഹിന്ദുത്വ ശക്തികള്‍ രാജ്യത്ത് ദുര്‍ബലമായിരുന്നു. ഹിന്ദു മഹാസഭയും ഹിന്ദു പ്രജാ പരിഷത്തും ജനങ്ങളില്‍നിന്ന് അകന്നിരുന്നു. എങ്കിലും ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് ശ്യാമപ്രസാദ് മുഖര്‍ജിയെ അധ്യക്ഷനാക്കി 1951 ല്‍ രൂപീകരിച്ച ജനസംഘം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ 1953 ജൂണ്‍ 23ന് ദുരൂഹമായ സാഹചര്യത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി മരണമടഞ്ഞതോടെ തലയെടുപ്പുള്ള മറ്റൊരു നേതാവിന്റെ അഭാവം ജനസംഘത്തെ തളര്‍ത്തി.

ആദ്യ തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ പരാജയപ്പെട്ടത് ഡോ.ബി.ആര്‍ അംബേദ്കറെ തളര്‍ത്തിയിരുന്നു. പരാജയത്തിന് ശേഷം അംബേദ്കര്‍ രാജ്യസഭാംഗമായി. എന്നാല്‍, രോഗങ്ങളും കടുത്ത നിരാശയും അവസാന നാളുകളില്‍ അംബേദ്കറെ നിഷ്‌ക്രിയനാക്കി. ദളിതരുടെയും ദരിദ്രരുടെയും മോചനത്തിനായി ധീരതയോടെ ശബ്ദമുയര്‍ത്തിയ അംബേദ്ക്കര്‍ 1956ല്‍ അന്തരിച്ചു. ജയപ്രകാശ് നാരായണന്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തിയതോടെ സോഷ്യലിസ്റ്റുകള്‍ ദുര്‍ബലരായി.

അവസാന മന്ത്രിസഭായോഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ അനുകൂല സാഹചര്യവും തന്റെ പ്രതീക്ഷകളും വിശദീകരിച്ചു. ആദ്യ തെരഞ്ഞെടുപ്പില്‍ നമുക്ക് കിട്ടിയത് 45 ശതമാനം വോട്ടാണ്. ഇത്തവണ അത് അന്‍പത് ശതമാനം കടന്നേ തീരൂ എന്ന് നെഹ്‌റു മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. കേരളത്തിന്റെയും ബംഗാളിന്റെയും ഒറീസയുടെയും കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കരുതിയിരുന്ന നെഹ്‌റു ആന്ധ്ര കമ്മ്യൂണിസ്റ്റുകള്‍ പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി.

ഇടക്കാല സര്‍ക്കാരിന്റെ കാലത്ത് നിയമമന്ത്രി ആയിരിക്കെ അംബ്ദേകര്‍ തയാറാക്കിയ ഹിന്ദു വിവാഹ നിയമവും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും നെഹ്‌റു സര്‍ക്കാര്‍ പാസ്സാക്കി. ഹിന്ദു മതത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്ന പുതിയ നിയമം ആദ്യ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമായി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടി.

312 ഏകാംഗമണ്ഡലങ്ങളും 182 ദ്വയാംഗ മണ്ഡലങ്ങളും ഉള്‍പ്പെടെ 494 ലോക്‌സഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 45.44 ശതമാനമായിരുന്നു പോളിങ്. ഇരുപത് കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തു. 66.05 ശതമാനം രേഖപ്പെടുത്തിയ കേരളത്തിലായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിങ്. കുറഞ്ഞത് ഒറീസയിലും, 43.88 ശതമാനം. നാലരക്കോടി രൂപയായിരുന്നു തെരഞ്ഞെടുപ്പ ചെലവ്.

371 സീറ്റുകള്‍ നേടി രണ്ടാം പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വന്‍ വിജയം നേടി. എന്നാല്‍ 50 ശതമാനം വോട്ട് എന്ന ലക്ഷ്യം ഇത്തവണയും നിറവേറിയില്ല. 47.78 ശതമാനം വോട്ടാണ് ലഭിച്ചത്. 27 സീറ്റുകളുമായി സി.പി.ഐ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 19 സീറ്റും ജനസംഘത്തിന് നാല് സീറ്റും ലഭിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു യു.പിയിലെ ഫുല്‍പൂരില്‍ നിന്നും ലാല്‍ബഹദൂര്‍ ശാസ്ത്രി അലഹബാദില്‍ നിന്നും മൊറാര്‍ജി ദേശായി സൂറത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് എ.കെ.ഗോപാലന്‍ കാസര്‍ഗോഡു നിന്നും ലോക്‌സഭയിലെത്തി. മലയാളികളായ വി.കെ.കൃഷ്ണമേനോന്‍ ബോംബെ സിറ്റി നോര്‍ത്തിലും സി.കൃഷ്ണന്‍ നായര്‍ ഔട്ടര്‍ ദില്ലിയിലും ജയിച്ചു. നെഹ്‌റു സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയിരുന്ന മരുമകന്‍ ഫിറോസ് ഗാന്ധി റായ്ബറേലിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ചണ്ടനലി മണ്ഡലത്തില്‍ രാം മനോഹര്‍ ലോഹ്യയും ലക്‌നൗ മണ്ഡലത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയും തോറ്റു. ആന്ധ്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തടയാനായി നെഹ്‌റു പയറ്റിയ തന്ത്രങ്ങള്‍ ലക്ഷ്യം കണ്ടെങ്കിലും കേരളത്തിലും ഒറീസയിലും നെഹ്‌റുവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒറീസയില്‍ ഗണതന്ത്ര പാര്‍ട്ടിയും ശ്രദ്ധേയമായ മുന്നേറ്റം നടത്തി.

എന്നാല്‍, പാര്‍ട്ടിക്കകത്തെ അഭിപ്രായഭിന്നതകളും ഭാഷാടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനായി നടന്ന പ്രക്ഷോഭങ്ങളുണ്ടാക്കിയ വൈകാരിക പ്രതികരണങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആന്ധ്രയില്‍ തിരിച്ചടിയായി. അവിടെ 37 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here