ശബരിമലയിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവം; വിശദീകരണം നൽകാൻ തന്ത്രിക്ക് സമയം നീട്ടി നൽകി

ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നൽകാൻ തന്ത്രിക്ക് സമയം നീട്ടി നൽകി. രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്. നിയമ വിദഗ്ധരുമായി കൂടിയാലോചനക്ക് സാവകാശം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് സാവകാശം നൽകിയത്.
ബിന്ദുവും കനക ദുർഗ്ഗയും ശബരിമലയിൽ പ്രവേശിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി ഭരണഘടനാ വിധിയുടെ അന്തഃസത്തക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയത്.
ദേവസ്വം കമ്മീഷണറുടെ നോട്ടീസ് ഈ മാസം ആറിനാണ് എക്സിക്യൂട്ടീവ് ഓഫീസർ തന്ത്രിക്ക് കൈമാറിയത്. 15 ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദേശം. തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ സംബസിച്ച് തീരുമാനമെടുക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here