പൂനെ പൊലീസിന്റേത് അപമാനകരമായ നടപടിയെന്ന് ആനന്ദ് തെല്‍തുംദെ

പൂനെ പൊലീസിന്റേത് അപമാനകരമായ നടപടിയെന്ന് പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംദെ. അറസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും വിധത്തിലുള്ള സൂചന ലഭിച്ചിരുന്നില്ല. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസിന് യാതൊരുവിധ താല്‍പര്യവുമില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ടെന്നും ആനന്ദ് തെല്‍തുംദെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ഭീമ കൊറേഗാവ് കേസില്‍ തനിക്കെതിരെ പൊലീസിന്റെ അന്വേഷണം മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചതാണ്. ഓഗസ്റ്റ് 28 ന് അവര്‍ ആദ്യമായി തന്റെ താമസ സ്ഥലം സംബന്ധിച്ച് അന്വേഷണം നടത്തി. മാസങ്ങള്‍ പിന്നിട്ടിട്ടും എന്തെങ്കിലും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് താനും ഭാര്യയും ഉത്തരങ്ങള്‍ നല്‍കിയതാണ്. തങ്ങളെ ഉപദ്രവിക്കുകയാണ് പൊലീസിന് വേണ്ടതെന്നും ആനന്ദ് പറയുന്നു.
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റെന്നും ആനന്ദ് വിശദീകരിക്കുന്നു. കോടതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. ഇതിനിടെ പൂനെ പൊലീസ് എത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഫെബ്രുവരി പതിനൊന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടെന്ന് വാദിച്ചു. പക്ഷേ അതൊന്നും പൊലീസ് വകവെച്ചില്ലെന്നും ആനന്ദ് പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആനന്ദ് തെല്‍തുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. 2018 ജനുവരി 1 ന് ഭീമ കൊറേഗാവ് റാലിക്കിടെ മറാത്തകളും ദളിതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ആനന്ദ് തെല്‍തുംദെയെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here