ദിവ്യ എസ് അയ്യര്‍ അനധികൃതമായി പതിച്ചു നല്‍കിയ സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്‌റ്റേഷന്‍ വരുന്നു

തിരുവനന്തപുരം സബ്കളക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി പതിച്ചുനല്‍കിയ ഭൂമി ഏറ്റെടുത്ത് പോലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കുക. സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഈ ഭൂമിയാണ് ഒരു കുടുംബത്തിന് ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി ഭൂമി കൈമാറ്റം സ്‌റ്റേ ചെയ്തിരുന്നു.വര്‍ക്കല തഹസില്‍ദാര്‍ പുറമ്പോക്കാണെന്ന് കണ്ടെത്തി 2017 ല്‍ ഏറ്റെടുത്തതിനു പിന്നാലെ ഈ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഒരു കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ആറാം കക്ഷിയായിരുന്നു സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. കേസ് പരിഗണിച്ച കോടതി ആര്‍ഡിഒ കൂടിയായ സബ് കളക്ടര്‍ വിഷയം പരിശോധിച്ച് തീര്‍പ്പാക്കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 28 ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പു നടത്തിയ ശേഷമാണ് ഭൂമി പതിച്ചുകൊടുത്തത്.
എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാതെയാണ് ഏകപക്ഷീയമായി ഭൂമി പതിച്ചുകൊടുത്തതെന്ന വി.ജോയി എം.എല്‍.എ യുടെ പരാതി പ്രകാരം റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് ഭൂമി കൈമാറ്റം സ്റ്റേ ചെയ്യുകയുമായിരുന്നു.ഭൂമി ഏറ്റെടുത്ത വര്‍ക്കല തഹസില്‍ദാര്‍, അയിരൂര്‍ വില്ലേജ് ഓഫീസര്‍ തുടങ്ങിയവരെ അറിയിക്കാതെയായിരുന്നു തെളിവെടുപ്പെന്നും കോടതിയില്‍ നല്‍കിയ കേസില്‍ പ്രതി സ്ഥാനത്തുള്ള ഭൂരേഖാ തഹസില്‍ദാര്‍ പോലും ഇക്കാര്യം അറിഞ്ഞില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.ഭൂമി കൈമാറ്റം വിവാദമായതിനു പിന്നാലെ ദിവ്യ എസ്. അയ്യരെ തദ്ദേശവകുപ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Read Also: പാര്‍ലമെന്റിനു മുന്നില്‍ കടലാസ് വിമാനങ്ങള്‍ പറത്തി കോണ്‍ഗ്രസ് എം.പി. മാരുടെ പ്രതിഷേധം
തിരുവനന്തപുരം കളക്ടര്‍ വാസുകിയും ലാന്‍ഡ് റവന്യൂ കമ്മീഷണറും നടത്തിയ അന്വേഷണത്തിനു ശേഷമായിരുന്നു നടപടി.തുടര്‍ന്ന് തെളിവെടുപ്പ് നടത്തിയ കളക്ടര്‍ ഭൂമി അളക്കാന്‍ സര്‍വേ സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇവിടെ പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here