Advertisement

വീട്ടില്‍ നിന്നും മടങ്ങിയത് വീരമൃത്യുവിലേക്ക്; ധീരജവാന്‌ ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം

February 15, 2019
Google News 1 minute Read

കഴിഞ്ഞ ദിവസം കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി.വസന്തകുമാര്‍ (42) ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അവസാനമായി വയനാട് ലക്കിടിയിലെ കുന്നത്തിട വക വീട്ടിലെത്തിയത്.  സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് ബറ്റാലിയന്‍ മാറുന്നതിന്റെ ഭാഗമായിട്ടായിരുന്നു അപ്രതീക്ഷമായി കിട്ടിയ പത്തു ദിവസത്തെ അവധി. ഏറെ നാളായി പദ്ധതിയിട്ടിരുന്ന വീടിന്റെ അറ്റകുറ്റപണികളെല്ലാം ഇത്തവണ ലീവിനെത്തിയപ്പോള്‍ ചെയ്തുതീര്‍ത്താണ് ഫെബ്രുവരി 9 ന് വീട്ടില്‍ നിന്നും മടങ്ങിയത്. എന്നാല്‍ ഇനിയൊരു യാത്ര പറച്ചിലില്ലാത്ത ദൂരത്തേക്കാണ് വസന്തകുമാര്‍ യാത്രയാകുന്നത്.

17 വര്‍ഷമായി സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തെ തുടര്‍ന്നാണ് ബറ്റാലിയന്‍ മാറി ശ്രീനഗറിലേക്കെത്തിയത്. കമാന്‍ഡന്റായാണ് കഴിഞ്ഞ മാസം വസന്തകുമാറിന് സ്ഥാനക്കയറ്റം കിട്ടിയത്. പഞ്ചാബില്‍ സേവനമനുഷ്ഠിച്ചിരുന്ന വസന്തകുമാര്‍ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് പത്തു ദിവസത്തെ അവധിയില്‍ വീട്ടിലെത്തിയത്‌.

സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ രണ്ടു വര്‍ഷം മാത്രം ശേഷിക്കെയാണ് ഈ ധീരജവാന്റെ വീരചരമം. മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പും ഇദ്ദേഹം അമ്മയെയും ഭാര്യയെയും ഫോണില്‍ വിളിച്ചിരുന്നു. ജമ്മുവില്‍ നല്ല തണുപ്പാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ സംസാരിച്ചു

Read More: തിരിച്ചടിക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി

എന്നാല്‍ വൈകീട്ടോടെ ഏറ്റുമുട്ടലില്‍ വസന്തകുമാര്‍ കൊല്ലപ്പെട്ടതായുള്ള സന്ദേശമാണ് വീട്ടുകാര്‍ക്ക് സൈന്യത്തില്‍ നിന്നുമെത്തിയത്. വസന്തകുമാറിന്‌
പരിക്കേറ്റെന്നായിരുന്നു ആദ്യമെത്തിയ സന്ദേശം. പിന്നീട് മരിച്ചതായുള്ള അറിയിപ്പുമെത്തി.  ലക്കിടി കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ വാസുദേവന്‍-ശാന്ത ദമ്പതമാരുടെ മകനാണ് വസന്തകുമാര്‍. ഷീനയാണ് ഭാര്യ. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക, യു.കെ.ജി വിദ്യാര്‍ത്ഥി അമര്‍ദീപ് എന്നിവര്‍ മക്കളാണ്.

Read More: പാക്കിസ്ഥാനെ ഒറ്റപ്പെടുത്തും; സൗഹൃദ രാഷ്ട്ര പദവി പിന്‍വലിച്ചു; അരുണ്‍ ജെയ്റ്റ്ലി

വസന്തകുമാറിന്റെ ഭൗതികശരീരം ഇന്ന് രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുമെന്നാണ് വിവരം. സ്ഥാനക്കയറ്റം കിട്ടിയതിന്റെ സന്തോഷവും പങ്കുവെച്ച് ഒരാഴ്ച മുമ്പ് യാത്ര പറഞ്ഞു പോയ വസന്തകുമാര്‍ ഇനി മടക്കമില്ലാത്തൊരു യാത്രയ്ക്കായി വീണ്ടുമെത്തുമ്പോള്‍ വേദനയിലാണ് നാട്ടുകാര്‍. രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലുള്ള മരണത്തില്‍ അഭിമാനമുണ്ടെന്ന്  നാട്ടുകാരും ബന്ധുക്കളും  പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here